മാത്യു മറ്റം അന്തരിച്ചു
മാത്യു മറ്റം അന്തരിച്ചു
Sunday, May 29, 2016 12:36 PM IST
കോട്ടയം: ജനപ്രിയ നോവലിസ്റ്റ് മാത്യു മറ്റം (65) നിര്യാതനായി. ഹൃദയാഘാതത്തെത്തുടർന്ന് ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. വിവിധ ആഴ്ചപ്പതിപ്പുകളിലൂടെ നോവൽ രംഗത്തേക്കു കടന്നു വന്ന മാത്യു മറ്റം 270ൽപ്പരം നോവലുകൾ രചിച്ചിട്ടുണ്ട്. ലക്ഷംവീട്, കരിമ്പ്, മേയ്ദിനം, അഞ്ചു സുന്ദരികൾ, ആലിപ്പഴം, റൊട്ടി, ദൈവം ഉറങ്ങിയിട്ടില്ല, പ്രഫസറുടെ മകൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ. മേയ്ദിനവും കരിമ്പും പിന്നീടു സിനിമയായി. ആലിപ്പഴം സീരിയലായി ശ്രദ്ധിക്കപ്പെട്ടിരുന്നു.

എരുമേലി പമ്പാവാലി സ്വദേശിയായ മാത്യു ഹൈസ്കൂൾ പഠന കാലയളവിൽ കഥകളെഴുതി പുസ്തകമാക്കിയിരുന്നു. പിന്നീട് നോവൽ സാഹിത്യത്തിലേക്കു തിരിഞ്ഞ മാത്യു ഒരേ സമയം 13 വാരികകളിൽ വരെ നോവലുകളെഴുതിയിട്ടുണ്ട്. ലളിതമായ ഭാഷയിൽ വിരിഞ്ഞ അദ്ദേഹത്തിന്റെ നോവലുകൾ ഏറെ ആരാധകരെ നേടിയെടുത്തു. അക്കാലത്തു ചില വാരികകളുടെ പ്രചാരത്തിന്റെ പ്രധാന ഘടകം തന്നെ മാത്യു മറ്റത്തിന്റെ നോവലുകളായിരുന്നു.


ഏതാനും വർഷങ്ങളായി സജീവ രചനയിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു. 2010ൽ മഹാപാപി എന്ന പേരിൽ പുറത്തിറക്കിയ ആത്മീയ ഗ്രന്ഥമാണ് അവസാന പുസ്തകം. സംക്രാന്തി മാമ്മൂട്ടിലെ വസതിയിലായിരുന്നു താമസം. സംസ്കാരം ഇന്നു മൂന്നിനു പാറമ്പുഴ ബേത്ലഹേം പള്ളിയിൽ. ഭാര്യ: വത്സമ്മ. മക്കൾ: കിഷോർ (മനോരമ പബ്ലിക്കേഷൻസ്), എമിലി (ഇസ്രയേൽ). മരുമക്കൾ: റോയി കാട്ടർകുന്നേൽ, ജിജി (കിംസ് ആശുപത്രി).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.