കലാഭവൻ മണിയുടെ മരണം: വിഷമദ്യത്തിന്റെ അംശം സ്‌ഥിരീകരിച്ചു
കലാഭവൻ മണിയുടെ മരണം: വിഷമദ്യത്തിന്റെ അംശം സ്‌ഥിരീകരിച്ചു
Sunday, May 29, 2016 12:36 PM IST
തൃശൂർ: കലാഭവൻ മണിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനയിൽ വിഷമദ്യത്തിന്റെ അംശം സ്‌ഥിരീകരിച്ചു.
ഹൈദരാബാദ് ഫോറൻസിക് ലാബിലെ പരിശോധനാ ഫലത്തിലാണു മീഥൈൽ ആൽക്കഹോളിന്റെ അംശം സ്‌ഥിരീകരിച്ചത്. വിഷാംശം ഹാനികരമായ അളവിലില്ല എന്നാണു ലാബ് റിപ്പോർട്ട്. റിപ്പോർട്ടിന്റെ കോപ്പി ഫോറൻസിക് ലാബ് സംസ്‌ഥാന പോലീസിനു കൈമാറി. എന്നാൽ, മണിയുടെ മരണത്തിൽ തങ്ങൾ ഉന്നയിച്ച സംശയങ്ങൾ ബലപ്പെടുകയാണെന്നു സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണൻ പ്രതികരിച്ചു. കാക്കനാട് ലാബിൽ നടത്തിയ പരിശോധനയിലും വിഷമദ്യത്തിന്റെ സാന്നിധ്യം തെളിഞ്ഞതാണെന്നും ഇതെങ്ങനെ മണിയുടെ ശരീരത്തിലെത്തി എന്നതാണ് ഇനി അന്വേഷിക്കേണ്ടതെന്നും രാമകൃഷ്ണൻ പറഞ്ഞു.

മാനേജർ അടക്കമുള്ളവർ മണിയുടെ മരണത്തിൽ ഉത്തരവാദികളാണെന്നും രാമകൃഷ്ണൻ ആരോപിച്ചു. മണി മരിച്ചു മൂന്നുമാസം തികയാറായിട്ടും രാസപരിശോധനയുടെ ഫലം ലഭിക്കാത്തതുമൂലം അന്വേഷണം പാതിനിലച്ച നിലയിലായിരുന്നു. മാർച്ച് ആറിനു വൈകുന്നേരം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണു മണി മരിച്ചത്. ശരീരത്തിൽ മീഥൈൽ ആൽക്കഹോളിന്റെ അംശമുണ്ടെന്നു ഡോക്ടർമാർ സംശയം പറഞ്ഞതിനെത്തുടർന്നു മൃതദേഹം തൃശൂർ മെഡിക്കൽകോളജിൽ പോസ്റ്റ്മോർട്ടം ചെയ്തിരുന്നു. തുടർന്നു കാക്കനാട്ടെ ഫോറൻസിക് ലാബിൽ നടത്തിയ രാസപരിശോധനയിൽ മണിയുടെ ശരീരത്തിൽ കൃഷി ആവശ്യത്തിനായി ഉപയോഗിക്കുന്ന ക്ലോർപൈറിഫോസ് എന്ന കീടനാശിനിയുടെ അംശവും വിഷമദ്യത്തിലുണ്ടാകുന്ന മെഥനോൾ, എഥനോൾ എന്നിവയുടെ അംശവും കണ്ടെത്തിയിരുന്നു. കൂടുതൽ പരിശോധനകൾക്കായാണ് ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ ഹൈദരാബാദിലെ കേന്ദ്ര ഫോറൻസിക് ലാബിലേക്ക് അയച്ചത്. മണിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു കുടുംബാംഗങ്ങൾ നേരത്തേ പരാതി നൽകിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.