ജനപ്രിയ നോവലുകളുടെ തമ്പുരാൻ
ജനപ്രിയ നോവലുകളുടെ തമ്പുരാൻ
Sunday, May 29, 2016 12:27 PM IST
<ആ>സ്വന്തം ലേഖകൻ

കോട്ടയം: മലയാളിയെ വായനയിലേക്ക് അടുപ്പിച്ച ജനപ്രിയ നോവ ലുകളുടെ തമ്പുരാനായിരു ന്നു അന്തരിച്ച നോവലിസ്റ്റ് മാത്യു മറ്റം. 40 വർഷം നീണ്ട എഴുത്തിലൂടെ 250ൽപരം നോവലുകളാണ് അദ്ദേഹത്തിന്റെ പേരിൽ പുറത്തിറങ്ങിയത്. പമ്പാ നദീതീരത്തെ തികച്ചും സാധാരണമായ ജീവിത പശ്ചാ ത്തലത്തിൽനിന്ന് എഴുത്തിന്റെ ലോകത്തിലേക്കു കടന്നുവന്ന മാത്യു മറ്റം സ്കൂൾ വിദ്യാർഥിയായിരിക്കെ കാട്ടാറും കന്യകയും എന്ന നോവലെഴുതി വിസ്മയം കുറിച്ചു.

കോട്ടയം ആസ്‌ഥാനമായ ജനകീയ വാരികകളുടെ വളർച്ചയ് ക്കും പ്രചാരത്തിനും ഇന്ധനം പകർന്നത് മാത്യു മറ്റത്തിന്റെ നോവലുകളായിരുന്നു. മനുഷ്യഗന്ധിയായ കഥകളും സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങളും പ്രണയവും നി രാശയും വേദനയും കണ്ണീരും സന്തോഷവും ഇതിവൃത്തമാക്കിയ നോവലുകളായിരുന്നു ഏറെയും. 1970–80 കാലഘട്ടങ്ങളായിരുന്നു മാത്യു മറ്റത്തിന്റെ നോവലുകളുടെ സുവർണകാലം. ഇദ്ദേഹത്തിന്റെ നോവലുകൾ വായിച്ചവരിൽ പണ്ഡിതരും സാധാരണക്കാരും തുടങ്ങി ജീവിതത്തിന്റെ എല്ലാ തുറകളിൽപെട്ടവരും ഉണ്ടായിരുന്നു.

ടെലിവിഷനും സീരിയലുകളും പ്രചാരത്തിലെത്തുന്നതിനു മുമ്പു സാധാരണ മലയാളിയുടെ ഏറ്റവും വലിയ വിനോദങ്ങളിലൊന്ന് വാരികകളും അവയിലെ നോവലുകളുമായിരുന്നു.

ഒരേസമയം ഏഴു നോവലുകൾ, അതായത് ആഴ്ചയിൽ ഓരോ ദിവസവും ഓരോ നോവലിന്റെയും അധ്യായം എഴുതി തീർക്കാൻ മാത്യു മറ്റം കോട്ടയത്തു തന്നെ തമ്പടിച്ച കാലഘട്ടമുണ്ട്. ഒരേ സമയം നിരവധി നോവലുകൾ എഴുതുമ്പോഴും ഒന്നിൽ പോലും ആവർത്തന വിരസത വരാതെയും തുടർച്ച നഷ്‌ടപ്പെടാതെയുമിരിക്കാൻ ഇദ്ദേഹം ശ്രദ്ധിച്ചിരുന്നു.


പത്രാധിപരുടെ ഇംഗിതത്തിന നുസരിച്ചു കഥയുടെ പ്രമേയം മാ റ്റാനും സാഹചര്യങ്ങളെ സൃഷ്‌ടിക്കാനും ഇദ്ദേഹത്തിന് എതിർപ്പു ണ്ടായിരുന്നില്ല. പല നോവലുകളും അമ്പതിലേറെ അധ്യായം മുന്നോ ട്ടു പോയി. കരിമ്പ്, ലക്ഷം വീട്, അഞ്ചു സുന്ദരികൾ, ആലിപ്പഴം, മേയ്ദിനം തുടങ്ങിയ നോവലുകൾ സാധാരണക്കാരുടെ ലോകത്തു വായനയുടെ വിപ്ലവം തീർത്തു. കേരളത്തിന്റെ ഗ്രാമീണ വായനാ ലോകത്ത് വലിയ ഒരു കുതിപ്പായി മാറി മാത്യു മറ്റം എന്ന നോവലിസ്റ്റിന്റെ ഭാവനയും രചനയും.

തികച്ചും ലളിതമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റവും സംഭാഷണവും. കോട്ടയം നഗരത്തിലൂ ടെ പതിവായി നടന്നു പോയിരുന്ന ആ ചെറിയ മനുഷ്യൻ ജനകീയ സാഹിത്യലോകത്തെ പ്രതിഭയാ ണെന്ന് അധികമാരും തിരിച്ചറി ഞ്ഞിരുന്നില്ല. മാത്യു മറ്റം എന്ന നോവലിസ്റ്റിനെ കേട്ടറിയാത്ത മലയാളികൾ ഉണ്ടാവില്ല. പൈങ്കിളി എന്ന ലേബൽ വാരികകൾക്കു മേൽ വീണുപോയതും സാധാ രണക്കാരുടെ എഴുത്തുകാരനായി അദ്ദേഹം മാറിയതും മൂലം വേ ണ്ടത്ര അംഗീകാരം അദ്ദേഹത്തി നു കിട്ടിയിട്ടില്ലെന്നു പറയാം.

മുട്ടത്തു വർക്കിക്കുശേഷം കേരളത്തിൽ ഇത്രയേറെ ജനകീയനായ മറ്റൊരു നോവലിസ്റ്റില്ല. ഇലക്ട്രോണിക് മാധ്യമങ്ങൾ പുതിയ തലമുറയെ മറ്റു വിസ്മയങ്ങളിലേക്കു വഴിതിരിച്ചു വിട്ടുകൊണ്ടിരിക്കെ ഇങ്ങനെയൊരു ജനകീയ സാഹിത്യ കാരനും പരന്ന വായനയുടെ പുതിയ സംസ്കാരവും മലയാളത്തിൽ ഉടനെയുണ്ടാകാനിടയില്ല. 16 വർഷം മുമ്പ് എഴുത്തിൽനിന്നു പിൻവാങ്ങിത്തുടങ്ങിയ മാത്യു മറ്റം 2010ൽ മഹാപാപി എന്ന പേരിൽ ആത്മീയഗ്രന്ഥം പുറത്തിറക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.