കൃഷി പാഠ്യവിഷയമാക്കും; കൈയേറ്റം അനുവദിക്കില്ല: മന്ത്രി സുനിൽകുമാർ
കൃഷി പാഠ്യവിഷയമാക്കും; കൈയേറ്റം അനുവദിക്കില്ല: മന്ത്രി സുനിൽകുമാർ
Sunday, May 29, 2016 12:13 PM IST
തൃശൂർ: ഒരിഞ്ചു കൃഷിഭൂമിപോലും കൈയേറാൻ ആരെയും അനുവദിക്കില്ലെന്നും കൈയേറ്റം നടന്നിട്ടുള്ളവ പിടിച്ചെടുത്ത്, കുടുംബശ്രീപോലുള്ള ഏജൻസികളുടെ സഹായത്തോടെ കൃഷിയിറക്കുമെന്നും കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ. യുദ്ധകാലാടിസ്‌ഥാനത്തിൽ സംസ്‌ഥാനത്തെ തരിശുഭൂമി കണ്ടെത്തി കൃഷിഭൂമിയാക്കി മാറ്റി ഉൽപാദനക്ഷമത കൂട്ടും. നാടിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ കൃഷിയെയും ഇക്കോ സംവിധാനത്തെയും സംരക്ഷിച്ചു കേരളത്തിനാവശ്യമായ നെല്ല് ഇവിടെ തന്നെ ഉത്പാദിപ്പിക്കും. സ്കൂൾ പാഠ്യപദ്ധതിയിൽ കൃഷി പഠനവിഷയമായി ഉൾ പ്പെടുത്തുമെന്നും സുനിൽകുമാർ പറഞ്ഞു. തൃശൂർ പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ കാർഷികമേഖല ഗുരുതരാവസ്‌ഥയിലാണ്. പത്തുവർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം വളർച്ചാനിരക്ക് താഴോട്ടാണ്. നടപടികളില്ലെങ്കിൽ സമ്പദ്ഘടനയെ മാത്രമല്ല, ഭക്ഷ്യസുരക്ഷയെയും ഇക്കൊ സിസ്റ്റത്തെയും ഇതു തകിടംമറിക്കും. സംസ്‌ഥാനത്തെ നെല്ലുത്പാദനം ആറുലക്ഷം മെട്രിക് ടണ്ണായി കുറഞ്ഞു. 45 ലക്ഷം മെട്രിക് ടൺ നെല്ലാണു സംസ്‌ഥാനത്തിന്റെ ആവശ്യം. ഒരിഞ്ച് നെൽവയൽ പോലും നികത്താൻ ഇനി അനുവദിക്കില്ല. ഐഎസ്ആർഒയുടെ സഹായത്തോടെ സാറ്റ്ലൈറ്റ് സംവിധാനം ഉപയോഗിച്ചു കൃഷിഭൂമിയുടെ ഡാറ്റ ബാങ്ക് ആറു മാസത്തിനുള്ളിൽ തയാറാക്കും.

2,600 ഹെക്ടർ സ്‌ഥലത്തു കരകൃഷി വ്യാപിപ്പിക്കും. അടുത്തവർഷം മുതൽ ത്രിതല പഞ്ചായത്ത് സംവിധാനങ്ങളെയും കാർഷിക സർവകലാശാലയെയും പങ്കാളികളാക്കി പതിനായിരക്കണക്കിനു ഹെക്ടറുകളിൽ കരകൃഷി വ്യാപിപ്പിക്കും. നടപ്പാക്കുന്ന ക്ഷേമ പ്രവർത്തനങ്ങൾ കർഷകരിലേക്കെത്തുന്നുണ്ടോ എന്നറിയാൻ മോണിറ്ററിംഗ് സംവിധാനം കൊണ്ടുവരും.കൃഷി ഉദ്യോഗസ്‌ഥരും ശാസ്ത്രജ്‌ഞരും മണ്ണിലിറങ്ങി പ്രവർത്തിക്കുന്ന രീതിയിൽ കാര്യങ്ങൾ സുതാര്യമാക്കും. കാർഷിക സർവകലാശാലയും കൃഷിവകുപ്പും തമ്മിലുള്ള ബന്ധമില്ലായ്മയാണ് കാർഷിക സർവകലാശാലയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കു പിന്നിൽ, അത് അവസാനിപ്പിക്കും.


ജൈവകൃഷിയുടെ പേരിൽ പലതരത്തിലുള്ള തട്ടിപ്പു ഒഴിവാക്കാൻ ജൈവ സർട്ടിഫിക്കേഷൻ കൊണ്ടുവരും. കീടനിയന്ത്രണസേന രൂപവത്കരിച്ചു കീടങ്ങൾ കൃഷി ആക്രമിച്ചു തുടങ്ങുമ്പോൾ തന്നെ ആക്രമണത്തെ പ്രതിരോധിക്കാനുള്ള സംവിധാനം ഒരുക്കും. കാലാകാലങ്ങളായി കൃഷിവകുപ്പു പ്രാദേശിക യൂണിറ്റുകൾക്കും സംഘങ്ങൾക്കും മറ്റും നൽകിയ കൊയ്ത്തുയന്ത്രങ്ങൾ പോലുള്ള സാധനസാമഗ്രികളുടെ കണക്കെടുപ്പു നടത്തി രജിസ്റ്ററിൽ സൂക്ഷിക്കാനുള്ള നടപടി കൈകൊള്ളും. അരിമ്പൂരിൽ ഇത്തരം വാഹനങ്ങളുടെ അറ്റകുറ്റപണികൾക്കായി വർക്ക്ഷോപ്പുകൾ ആരംഭിക്കും.

ജൈവകൃഷിയുടെ വ്യാപനത്തിനായി തൃശൂരും തിരുവന്തപുരത്തും കൃഷിക്കാവശ്യമായ വിത്തുകളുൾപ്പെടെയുള്ള വസ്തുക്കൾ ലഭിക്കുന്ന വിൽപനശാല ആരംഭിക്കും. കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്‌ഥർക്കെതിരെ നടപടിയുണ്ടാകും. തണ്ണീർത്തടങ്ങളും വയലുകളും സംരക്ഷിക്കാൻ ജനങ്ങളുടെ കൂടെ സഹകരണം വേണമെന്നും മന്ത്രി അഭ്യർഥിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.