സിപിഎമ്മുകാരന്റെ കൊലപാതകം: സിഐക്കു മന്ത്രിയുടെ പരസ്യശാസന
സിപിഎമ്മുകാരന്റെ കൊലപാതകം: സിഐക്കു മന്ത്രിയുടെ പരസ്യശാസന
Saturday, May 28, 2016 11:52 AM IST
<ആ>സ്വന്തം ലേഖകൻ

തൃശൂർ: ഏങ്ങണ്ടിയൂരിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്‌ഥനായ സർക്കിൾ ഇൻസ്പെക്ടർക്കു മന്ത്രിയുടെ പരസ്യശാസന. വലപ്പാട് സിഐ ആർ. രതീഷ്കുമാറിനെയാണു സഹകരണമന്ത്രി എ.സി. മൊയ്തീൻ പരസ്യമായി ശാസിച്ചത്.

ഇന്നലെ മന്ത്രിയും മറ്റു സിപിഎം നേതാക്കളും കൊല്ലപ്പെട്ട ചെമ്പൻ ശശികുമാറിന്റെ വീട്ടിലെത്തി മടങ്ങുമ്പോഴാണ് സംഭവം. ഇതിനിടെ, സിഐ സ്വീകരിച്ച നടപടികളെച്ചൊല്ലി സിപിഎം പ്രവർത്തകർ മന്ത്രിയോടു പരാതിപ്പെട്ടിരുന്നു. ചാനലുകളിൽ വന്ന സിഐയുടെ പത്രസമ്മേളന ദൃശ്യങ്ങളും മന്ത്രിയെ കാണിച്ചുകൊടുത്തിരുന്നു.

സിപിഎം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനും മന്ത്രിക്കൊപ്പം കാറിലുണ്ടായിരുന്നു. വഴിയരികിൽ സിഐയെ കണ്ട കെ. രാധാകൃഷ്ണൻ മന്ത്രിക്കു സിഐയെ ചൂണ്ടിക്കാണിച്ചുകൊടുത്തു. ഇതോടെ കാർ നിർത്തിച്ച മന്ത്രി ചില്ലു താഴ്ത്തി സിഐയെ അടുത്തേക്കു വിളിച്ചു. തെളിവുണ്ടായിട്ടാണോ താൻ പത്രസമ്മേളനം നടത്തി ഷൈൻ ചെയ്യാൻ നോക്കിയതെന്നായിരുന്നു മന്ത്രിയുടെ ചോദ്യം. പോലീസ് ഞങ്ങളെ സംരക്ഷിക്കേണ്ട. ജനങ്ങളെ സംരക്ഷിച്ചാൽ മതി. സർക്കാരിന്റെ നയം എന്താണോ അതു നടപ്പിലാക്കിയാൽ മതി... എന്നിങ്ങനെ പോയി മന്ത്രിശകാരം. എന്തു താത്പര്യത്തിന്റെ പുറത്തായാലും ഇതു നിങ്ങൾക്കു ഗുണം ചെയ്യില്ലെന്നും സിഐക്കു മുന്നറിയിപ്പ് നല്കിയാണു മന്ത്രി അവസാനിപ്പിച്ചത്. കാറിനരികിലേക്കു കുനിഞ്ഞു പറഞ്ഞതെല്ലാം സിഐ നിശബ്ദം കേട്ടു.


ചെമ്പൻ ശശികുമാറിന്റെ കൊലക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ടു സിപിഎം നേതൃത്വത്തിനുള്ള നീരസമാണു മന്ത്രിയുടെ വാക്കുകളിലൂടെ പുറത്തുവന്നത്. കേസിൽ അറസ്റ്റിലായ ആറു ബിജെപി പ്രവർത്തകർ മുമ്പ് സിപിഎമ്മിലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്‌ഥൻ തെറ്റിദ്ധരിപ്പിച്ചെന്നു കാണിച്ചു സിപിഎം പ്രാദേശിക നേതൃത്വം രംഗത്തെത്തിയിരുന്നു. പ്രതികളും വലപ്പാട് സിഐയും തമ്മിലുള്ള പങ്കുകച്ചവടത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും സിപിഎം നാട്ടിക ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവശേഷം ബൈക്ക് വഴിയിൽ ഉപേക്ഷിച്ച് ഒളിവിൽ പോയ ആർഎസ്എസ് നേതാവിനെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതിലും പ്രാദേശിക നേതൃത്വത്തിന് അമർഷമുണ്ട്.

വ്യാഴാഴ്ചയാണ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത വിവരം വലപ്പാട് സിഐ രതീഷ്കുമാർ പോലീസ് സ്റ്റേഷനിൽ പത്രസമ്മേളനം വിളിച്ചറിയിച്ചത്. ഈസമയം പരിക്കേറ്റു ചികിത്സയിലായിരുന്ന ശശികുമാർ തൊട്ടടുത്ത ദിവസം മരിച്ചു. സിഐ മൃതദേഹം ഇൻക്വസ്റ്റ് നടത്തിയതിനെച്ചൊല്ലിയും തർക്കമുണ്ടായിരുന്നു.

മന്ത്രിയുൾപ്പെടെ സിപിഎം നേതാക്കളുടെ എതിർപ്പുള്ളതിനാൽ അന്വേഷണം മറ്റാരെയെങ്കിലും ഏല്പിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. അതേസമയം, ചുമതലയേറ്റു ദിവസങ്ങൾക്കകമുള്ള മന്ത്രിയുടെ പരസ്യശാസന വിവാദമുയർത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.