കണ്ണൂർ വിമാനത്താവളത്തെ ട്രാൻസിസ്റ്റ് പോയിന്റാക്കി മാറ്റും: മന്ത്രി ജയരാജൻ
കണ്ണൂർ വിമാനത്താവളത്തെ ട്രാൻസിസ്റ്റ് പോയിന്റാക്കി മാറ്റും: മന്ത്രി ജയരാജൻ
Saturday, May 28, 2016 11:21 AM IST
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ നിർമാണം എത്രയും പെട്ടെന്നു പൂർത്തിയാക്കി വ്യോമഗതാഗതത്തിനു തുറന്നു കൊടുക്കുമെന്നു മന്ത്രി ഇ.പി. ജയരാജൻ. പശ്ചിമേഷ്യൻ രാജ്യങ്ങളിൽനിന്നുള്ള ട്രാൻസിസ്റ്റ് കേന്ദ്രമായി കണ്ണൂർ വിമാനത്താവളത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ വിമാനത്താവള റൺവേ വികസനത്തിനു കൂടുതൽ സ്‌ഥലം ഏറ്റെടുക്കേണ്ട ആവശ്യമില്ല. വിമാനത്താവള പ്രവൃത്തിക്കായി തയാറാക്കിയ പ്രോജക്ട് റിപ്പോർട്ടിൽ റൺവേ വിസ്തൃതി 3950 മീറ്ററാണ്. വിമാനത്താവളത്തെ പൊളിക്കാനുള്ള ചിലരുടെ ഗൂഢാലോചനയുടെ ഫലമായി മനപൂർവം ചിലർ സൃഷ്‌ടിച്ചെടുത്തതാണു റൺവേ സംബന്ധിച്ചുള്ള ആശയക്കുഴപ്പം.

വിമാനത്താവളത്തോടൊപ്പം എട്ട് അനുബന്ധ റോഡുകളുടെ വികസനവും നടക്കേണ്ടതുണ്ട്. ഇതൊന്നും എങ്ങുമെത്തിയിട്ടില്ല. വിമാനത്താവള പരീക്ഷണ പറക്കലിന്റെ പേരിൽ യുഡിഎഫ് സർക്കാർ ആഭാസമാണു നടത്തിയത്. വിമാനത്താവളത്തോടൊപ്പം ഐടി, സൈബർ പാർക്കുകളുടെ പ്രവർത്തനങ്ങളും വേഗത്തിലാവേണ്ടതുണ്ട്. ടൂറിസം മേഖലയിൽ കേരളത്തിനും കണ്ണൂർ ജില്ലയ്ക്കും അനന്ത സാധ്യതകളുണ്ട്. ഇത് പ്രയോജനപ്പെടുത്തും. അഴീക്കൽ തുറമുഖവികസനം സർക്കാർ പൂർത്തിയാക്കും. എൽഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കുകയാണു സർക്കാർ ലക്ഷ്യം. മദ്യനിരോധനമല്ല മദ്യവർജനമാണ് ആവശ്യം. ബോധവത്കരണത്തിലൂടെ മദ്യഉപഭോഗം കുറയ്ക്കാൻ സാധിക്കണം. കമ്യൂണിസ്റ്റ് പാർട്ടിക്കു സ്വാധീനമുള്ള മേഖലകളിൽ കള്ളുഷാപ്പ് ലേലത്തിനെടുക്കാൻ ആളുണ്ടാവാറില്ല. ഇവിടങ്ങളിൽ കച്ചവടം ലഭിക്കില്ലെന്നതാണു കാരണം. മന്ത്രി പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.