വിദ്യാഭ്യാസരംഗത്തു സർക്കാരിന്റെ ക്രിയാത്മക നടപടികളെ പിന്തുണയ്ക്കുമെന്ന്
Saturday, May 28, 2016 11:17 AM IST
കൊച്ചി: പൊതുവിദ്യാഭ്യാസ മേഖലയുടെ ശാക്‌തീകരണത്തിനു പുതിയ സർക്കാർ പ്രതിജ്‌ഞാബദ്ധമാണെന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹമാണെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷനും കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡും അഭിപ്രായപ്പെട്ടു. എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ അധ്യാപകരുടെ തസ്തിക നിർണയവും നിയമന അംഗീകാരവും സംബന്ധിച്ച പ്രശ്നം വർഷങ്ങളായി തുടരുകയാണ്. കഴിഞ്ഞ സർക്കാരിന്റെ അവസാന മാസങ്ങളിൽ ഇതു സംബന്ധിച്ച നിരവധി ഉത്തരവുകൾ ഉണ്ടായെങ്കിലും നൂറുകണക്കിന് അധ്യാപകർ വർഷങ്ങളായി ശമ്പളമില്ലാതെ ദുരിതമനുഭവിക്കുകയാണ്. പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിനുമുമ്പ് ഇതു സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉറപ്പും ഇതുവരെ പാലിക്കപ്പെട്ടില്ല. ഹയർ സെക്കൻഡറി മേഖലയിലും സമാനമായ പ്രശ്നം നിലനിൽക്കുകയാണ്. നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചു സംതൃപ്തമായ ഒരു അധ്യയന വർഷത്തിനു തുടക്കം കുറിക്കാൻ പുതിയ വിദ്യാഭ്യാസമന്ത്രി മുൻകൈയെടുക്കുമെന്നാണു പ്രതീക്ഷ. പ്രൈമറി, അപ്പർ പ്രൈമറി മേഖലകളിൽ കഴിഞ്ഞ യുഡിഎഫ് സർക്കാർ അധ്യാപക വിദ്യാർഥി അനുപാതം പരിഷ്കരിച്ചതിന് അനുസൃതമായി ഹൈസ്കൂൾ ക്ലാസുകളിലും അനുപാതം പരിഷ്കരിക്കാൻ ആവശ്യമായ നടപടികളും ഉണ്ടാവണം. വിദ്യാഭ്യാസരംഗത്തെ ക്രിയാത്മക നടപടികൾക്കു സർക്കാരിന് ആവശ്യമായ പിന്തുണ നൽകുമെന്നും കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ.ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ടീച്ചേഴ്സ് ഗിൽഡ് പ്രസിഡന്റ് ജോഷി വടക്കൻ, ജനറൽ സെക്രട്ടറി സാലു പതാലിൽ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.