മഹനീയ ദാനത്തിനു ബിഷപ് മാർ ജേക്കബ് മുരിക്കൻ
മഹനീയ ദാനത്തിനു ബിഷപ് മാർ ജേക്കബ് മുരിക്കൻ
Friday, May 27, 2016 1:04 PM IST
<ആ>റെജി ജോസഫ്

കോട്ടയം: പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, യുവാവിന്റെ ജീവൻ രക്ഷിക്കാൻ വൃക്ക ദാനം ചെയ്യുന്നു. കൊച്ചി ലേക്ഷോർ ആശുപത്രിയിൽ ആഴ്ചയിൽ മൂന്നു വീതം ഡയാലിസിസിനു വിധേയനായി ജീവൻ നിലനിർത്തുന്ന കോട്ടയ്ക്കൽ ആര്യവൈദ്യശാലാ ജീവനക്കാരൻ കോട്ടയ്ക്കൽ ഈശ്വരമംഗലം പരേത നായ സുധാകരന്റെ മകൻ സൂരജിനാണ് (30) മാർ ജേക്കബ് മുരിക്കൻ വൃക്ക ദാനം ചെയ്യുന്നത്. വൃക്ക നൽകാനും സ്വീകരിക്കാനും ഇരുവരും അനുയോജ്യരാണെന്നു വൈദ്യപരിശോധനകളിൽ സ്‌ഥിരീകരിക്കപ്പെടുകയും സർക്കാർ ഓതറൈസേഷൻ കമ്മിറ്റിയുടെ അനുമതി ലഭിക്കുകയും ചെയ്തതോടെ ലേക്ഷോർ ആശുപത്രിയിൽ ജൂൺ ഒന്നിനു ശസ്ത്രക്രിയകൾ നടക്കും.

കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മൽ നാലു വർഷം മുമ്പു പാലാ ബൈബിൾ കൺവൻഷനിൽ അവയവദാനത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചു നടത്തിയ പ്രഭാഷണമാണു മാർ ജേക്കബ് മുരിക്കനെ ഇങ്ങനെയൊരു പുണ്യകർമത്തിലേക്കു നയിച്ചത്. സഹായമെത്രാനായി ചുമതലയേറ്റ കാലത്ത് ശ്രവിച്ച പ്രഘോഷണവേളയിൽ വൃക്കദാനത്തിനുള്ള ആഗ്രഹം ഫാ. ചിറമ്മലിനെ അറിയിച്ചിരുന്നു.

ദരിദ്രകുടുംബാംഗമായ സൂരജിന് ഒന്നര വർഷം മുമ്പാണു ഗുരുതരമായ കിഡ്നി രോഗം കണ്ടെത്തിയത്. ആര്യവൈദ്യശാലയിൽ ജോലിക്കാരനായിരുന്ന അച്ഛൻ സുധാകരൻ പാമ്പുകടിയേറ്റു മരിക്കുകയും അമ്മ പാർവതിക്ക് കലശലായ പ്രമേഹം ബാധിക്കുകയും ഹൃദ്രോഗം ബാധിച്ച് സഹോദരൻ മരിക്കുകയും ചെയ്തതിനു പിന്നാലെയാണു കുടുംബത്തിന്റെ ഏക ആശ്രയമായ സൂരജിന് വൃക്കരോഗം പിടിപെട്ടത്. വിവിധ ആശുപത്രികളിൽ ചികിത്സ തേടുന്നതിനൊപ്പം വൃക്ക മാറ്റിവയ്ക്കാൻ കിഡ്നി ഫെഡറേഷനിൽ സൂരജ് രജിസ്റ്റർ ചെയ്തെങ്കിലും കിഡ്നി ദാനം ചെയ്യാൻ ബന്ധുക്കൾ ആരുമില്ലാത്ത സാഹചര്യത്തിലാണു ഫാ. ഡേവിസ് ചിറമ്മൽ കിഡ്നിക്കായി അന്വേഷണം തുടങ്ങിയത്.
<ശാഴ െൃര=/ിലംശൊമഴലെ/2016ാമ്യ28െീീൃമഷ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
സൂരജിന്റെ ദയനീയ ജീവിത സാഹചര്യം ഫാ. ചിറമ്മലിൽനിന്ന് അടുത്തിടെ അറിഞ്ഞ മാർ ജേക്കബ് മുരിക്കൻ, ആ സഹോദരന്റെ ജീവൻ രക്ഷിക്കാൻ താൻ ഒരുക്കമാമെന്ന് അറിയിക്കുകയായിരുന്നു. ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സൂരജിനെ മാർ മുരിക്കൻ കഴിഞ്ഞയാഴ്ച സന്ദർശിച്ച് ആശ്വാസം പകർന്നു. വൃക്ക ദാനം ചെയ്യുന്നതിനു മുന്നോടിയായി 60,000 രൂപ ചെലവുവന്ന ലാബ് പരിശോധനകൾ സ്വന്തം ചെലവിൽ നടത്തി വൃക്ക സൂരജിന് അനുയോജ്യമാണെന്ന് ഉറപ്പാക്കിയാണു ബിഷപ് മടങ്ങിയത്. അവയവദാന പരിശോധനകൾക്കു വിധേയരാകുന്നവരിൽ 20 ശതമാനം പേർക്കുമാത്രമാണ് സാധാരണയായി ക്രോസ് മാച്ചിംഗ് ശാരീരിക ഫിറ്റ്നസ് ലഭിക്കാറുള്ളൂ. താൻ അവയവദാനത്തിന് പൂർണയോഗ്യനാണെന്നു വിദഗ്ധ ഡോക്ടർമാർ നൽകിയ ഉറപ്പ് യേശുവിന്റെ പരിപാലനയിൽ ലഭിച്ച വലിയ കൃപയാണെന്നും ഇങ്ങനെയൊരു സഹായം ചെയ്യാനാകുന്നതു ശുശ്രൂഷയായി കാണുന്നുവെന്നും അമ്പ ത്തി മൂ ന്നു കാരനാ യ മാർ ജേക്കബ് മുരിക്കൻ വ്യക്‌തമാക്കി. കരുണയുടെ വർഷത്തിൽ പരസ്പരം സ്നേഹിക്കാനും സഹായിക്കാനും ഫ്രാൻസിസ് മാർപാപ്പ ലോകത്തിനു നൽകിയ ആഹ്വാനം ഇത്തരമൊരു പങ്കുവയ്ക്കലിലൂടെ അനുസരിക്കുന്നത് ദൗത്യമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശസ്ത്രക്രിയയ്ക്കുള്ള അവസാന നടപടിയെന്ന നിലയിൽ ഇന്നലെ കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിലെത്തി ഉന്നതതല ഓതറൈസേഷൻ കമ്മിറ്റി മുമ്പാകെ മാർ ജേക്കബ് മുരിക്കൻ സമ്മതം അറിയിച്ചു. വൃക്ക സ്വീകരിക്കുന്ന സൂരജിന്റെ ബന്ധു കോട്ടയ്ക്കൽ സ്വദേശി കെ. ഉണ്ണികൃഷ്ണനും മെഡിക്കൽ കോളജിലെത്തിയിരുന്നു.


അവയവദാന ശസ്ത്രക്രിയയ്ക്കുശേഷം മൂന്നു ദിവസത്തിനുള്ളിൽ ആശുപത്രി വിടാനാകും. തുടർന്ന് ഒരു മാസത്തെ വിശ്രമം വേണ്ടിവരും. മതസാഹോദര്യത്തിന്റെ വലിയ സന്ദേശമാണ് ജൂൺ ഒന്നിനു നടക്കുന്നതെന്നും ഏവരും പ്രാർഥിക്കണമെന്നും ഫാ. ഡേവിസ് ചിറമ്മൽ പറഞ്ഞു. തൃശൂർ വാടാനപ്പള്ളി സ്വദേശി സി.ജി. ഗോപിനാഥിനു വൃക്ക ദാനം ചെയ്ത് 2008ൽ താൻ തുടക്കമിട്ട കാരുണ്യശുശ്രൂഷയുടെ തുടർച്ചയായി കേരളത്തിൽ ഇതിനകം 15 വൈദികരും ആറു കന്യാസ്ത്രീകളും ഉൾപ്പെടെ നൂറുകണക്കിനു പേർ അവയവദാനത്തിനു തയാറായതായി ഫാ. ഡേവിസ് ചിറമ്മൽ പറഞ്ഞു. ചിറമ്മലച്ചന്റേതുൾപ്പെടെ നൂറുകണക്കിനു വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയ ലേക് ഷോറിലെ യൂറോ സർജൻ ഡോ. ജോർജ് പി. ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള ടീമാണ് മാർ ജേക്കബ് മുരിക്കന്റെയും സൂരജിന്റെയും ശസ്ത്രക്രിയകൾ നടത്തുന്നത്. സൂരജിനു വേണ്ട ചികിത്സാ ചെലവുകൾ കിഡ്നി ഫെഡറേഷൻ ഉദാരമതികളിൽനിന്നു സമാഹരിക്കുമെന്നും ഫാ. ഡേവിസ് ചിറമ്മൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.