’കേന്ദ്രസർക്കാർ ഇറ്റലിയുടെ ആഗ്രഹം നടപ്പാക്കി‘
Friday, May 27, 2016 1:04 PM IST
തിരുവനന്തപുരം: രണ്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ വെടിയേറ്റു മരിച്ച സംഭവത്തിൽ ഇറ്റലിയുടെ ആഗ്രഹങ്ങൾ നടപ്പാക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചതെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇറ്റാലിയൻ നാവികർക്ക് രാജ്യം വിട്ടുപോകുന്നതിന് അനുകൂലമായി അവരുടെ ജാമ്യവ്യവസ്‌ഥയിൽ ഇളവ് നല്കിയത് ഏറെ പ്രതിഷേധാർഹമാണ്. കേന്ദ്രസർക്കാരിന്റെ ഈ നിലപാടിനെതിരേ ശക്‌തമായ വിയോജിപ്പാണുള്ളതെന്നു കെപിസിസിയിൽ നട ത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദി രണ്ടാം വാർഷികത്തിൽ ജനങ്ങളെ കൊള്ളയടിക്കുന്ന സമീപനമാണു കേന്ദ്രസർക്കാർ തുടരുന്നത്. ഒരു ബാരൽ ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര വിപണിയിൽ 112 ഡോളർ ആയിരുന്നപ്പോൾ ഇന്ത്യയിൽ പെട്രോളിന് 74 രൂപ 33 പൈസയായിരുന്നു. ഡീസലിന് 60 രൂപ 77 പൈസയും. എന്നാൽ, ഇപ്പോൾ ഒരു ബാരലിന് 50 ഡോളറിനു താഴെ വന്നിട്ടും ഇന്ത്യൻ വിപണിയിൽ പെട്രോൾ വില 66. 22 രൂപയും ഡീസൽ വില 55.86 രൂപയുമാണ്. നിലവിലെ സാഹചര്യത്തിൽ 45 രൂപയ്ക്ക് ഒരു ലിറ്റർ പെട്രോളും 40 രൂപയ്ക്ക് ഡീസലും നല്കാൻ സാധിക്കും. എന്നാൽ, വൻ എക്സൈസ് നികുതി ചുമത്തി ജനങ്ങളിൽനിന്ന് കോടിക്കണക്കിനു രൂപയാണ് സർക്കാർ കൊള്ളയടിക്കുന്നത്. വിലക്കയറ്റത്തിന്റെയും അഴിമതിയുടെയും പേരിൽ അധികാരത്തിലെത്തിയ എൻഡിഎ സർക്കാർ ഇക്കാര്യത്തിൽ എന്തു നടപടിയാണു കൈക്കൊണ്ടതെ ന്നു വ്യക്‌തമാക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. ഗാർഹിക ഗ്യാസ് സിലിണ്ടറിന് യുപിഎ സർക്കാർ നല്കിവന്നിരുന്ന 480 രൂപ സബ്സിഡി എൻഡിഎ 109 രൂപയായി കുറച്ചു. ബാക്കി പണം ഖജനാവിലേക്ക് എത്തിക്കുകയാണ്.


പ്ലാനിംഗ് കമ്മീഷൻ പിരിച്ചുവിട്ടതു സംസ്‌ഥാനങ്ങൾക്കു കനത്ത പ്രഹരമാണു സമ്മാനിച്ചത്. സംസ്‌ഥാനങ്ങളുടെ പദ്ധതി പ്രവർത്തനങ്ങളെ ഇതു പ്രതികൂലമായി ബാധിക്കും. പകരമായി രൂപീകരിച്ച നീതി ആയോഗിന് ഒരു ഉപദേശക സമിതിയുടെ അധികാരം മാത്രമാണുള്ളത്. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽ ദിനങ്ങൾ വൻതോതിൽ വെട്ടിക്കുറച്ചു.

പ്രവാസികാര്യ മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തിനു കീഴിലേക്ക് മാറ്റിയതു കേരളം ഉൾപ്പെടെയുള്ള സംസ്‌ഥാനങ്ങൾക്ക് ഏറെ ദോഷകരമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.