ഇതൊരു ചെറിയ ത്യാഗം: മാർ ജേക്കബ് മുരിക്കൻ
ഇതൊരു ചെറിയ ത്യാഗം: മാർ ജേക്കബ് മുരിക്കൻ
Friday, May 27, 2016 12:54 PM IST
<ആ>സ്വന്തം ലേഖകൻ

കോട്ടയം: മറ്റൊരാളോട് അവയവം ദാനം ചെയ്യാൻ പറയാൻ നമുക്കു പറ്റില്ല. അവയവദാനം സ്വയം ചെയ്തു മാതൃകയാകാനേ നമ്മുക്കു സാധിക്കൂ. ഈ തിരിച്ചറിവിലാണു കോട്ടയ്ക്കൽ സ്വദേശിയായ സൂരജിന് വൃക്കകളിലൊന്നു ദാനം ചെയ്യാൻ തീരുമാനിച്ചതെന്നു പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ ദീപികയോടു പറഞ്ഞു.

എന്റെ അപ്പനും അമ്മയും പ്രമേഹം കലശലായാണു മരിച്ചത്. അമ്മ 60–ാം വയസിൽ മരിച്ചു. കഴിഞ്ഞ ദിവസം മെഡിക്കൽ പരിശോധനകൾക്കു വിധേയനായപ്പോൾ ഒരു രോഗവും എനിക്കില്ലെന്നാണു ഡോക്ടർമാർ പറഞ്ഞത്. ഒരു രോഗവുമില്ലാതെ ദൈവം എന്നെ ഇത്തരത്തിൽ സംരക്ഷിക്കുമ്പോൾ രോഗമുള്ള മറ്റൊരാൾക്ക് എന്നിലൂടെ ഒരു സഹായം ഉണ്ടാകണമെന്ന ചിന്തയാണ് വൃക്ക ദാനത്തിലേക്ക് എന്നെ നയിച്ചത്– മാർ മുരിക്കൻ പറഞ്ഞു.

വൃക്ക ദാനം ചെയ്യാൻ ആഗ്രഹിച്ചപ്പോൾ ഫാ. ഡേവീസ് ചിറമ്മലിനോട് ഞാൻ ഒരു നിർദേശമേ വച്ചിരുന്നുള്ളൂ. വൃക്ക സ്വീകരിക്കുന്നയാൾ ദരിദ്രനായിരിക്കണം. മറ്റു സഹായങ്ങൾക്കു സാധ്യതയില്ലാത്തയാളുമായിരിക്കണം. കോട്ടയ്ക്കൽ സ്വദേശി സൂരജ് ചെറുപ്പമാണ്. അമ്മ രോഗിയാണ്. സഹോദരൻ ഹൃദ്രോഗത്താൽ മരിച്ചു. ഭാര്യ ചെറുപ്പമാണ്. ഇവർക്ക് മക്കളില്ല. സൂരജിന് ആരോഗ്യവും ആയുസും തിരികെ കിട്ടിയാൽ ആ ദരിദ്ര കുടുംബം രക്ഷപ്രാപിക്കും. അവർക്കു സമാധാനം ലഭിക്കും– മാർ മുരിക്കൻ കൂട്ടിച്ചേർത്തു.

കരുണയുടെ വർഷം ആചരിക്കുന്ന വേളയിൽ എനിക്കു ചെയ്യാൻ സാധിക്കുന്ന എളിയ സദ്കർമമായിരിക്കും ഇത്. കരുണയുടെ വലിയ മുഖമാണു ഫ്രാൻസീസ് പാപ്പ. ലോകമെമ്പാടും പിതാവ് കരുണയെക്കുറിച്ചും ക്ഷമയെക്കുറിച്ചും പങ്കുവയ്ക്കലിനെക്കുറിച്ചും പ്രഘോഷിക്കുന്നു. ഒരു ശ്വാസകോശം മാത്രമുള്ള പാപ്പ ലോകം മുഴുവൻ സഞ്ചരിക്കുന്നു. എപ്പോഴും കർമനിരതനാകുന്നു. അദ്ദേഹത്തെ ദൈവമാണു പരിപാലിക്കുന്നത്. ആ ബോധ്യം തിരിച്ചറിയുമ്പോൾ എനിക്കും മനുഷ്യത്വത്തിൽ അധിഷ്ഠിതമായ ത്യാഗം ചെയ്യാനുള്ള ആഗ്രഹത്തിലാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. ക്രിസ്തു സ്വന്തം ജീവൻതന്നെ ലോകത്തിനുവേണ്ടി സമർപ്പിച്ചു. അതു താരതമ്യപ്പെടുത്തിയാൽ നമ്മുടേതൊക്കെ ചെറിയ ത്യാഗങ്ങൾ മാത്രമാണ്.

എല്ലാ പരിശോധനകളും പൂർത്തിയാക്കിയശേഷമാണു ഞാൻ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടു പിതാവിനോടു ഇക്കാര്യം പങ്കുവച്ചത്. അതികർക്കശമായ മെഡിക്കൽ പരിശോധനകളാണ് അവയവദാനവുമായി ബന്ധപ്പെട്ടുള്ളത്. മണിക്കൂറുകളും ഘട്ടങ്ങളും നീണ്ട പരിശോധനകൾക്ക് വിധേയമാകാൻ നല്ല ക്ഷമ ഉണ്ടായേ തീരു. ആ കടമ്പ കടന്നാൽ പരീക്ഷ പാസായതുപോലെയാണ്. ഞാൻ പരീക്ഷ പാസായിരിക്കെ ആശങ്കയില്ലാതെ ഇങ്ങനെയൊരു ദാനത്തിന് തയാറാവുകയായിരുന്നുവെന്നും മാർ ജേക്കബ് മുരിക്കൻ പറഞ്ഞു.

<ആ>ബിഷപ്പിന്റെ കാരുണ്യം മഹാഭാഗ്യമെന്നു സൂരജ്

മലപ്പുറം: പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ വൃക്കദാനം ചെയ്തതു മഹാഭാഗ്യമായി കാണുന്നുവെന്നു ബിഷപിൽനിന്നു വൃക്ക സ്വീകരിക്കുന്ന മലപ്പുറം കോട്ടക്കൽ സ്വദേശി ഇ.സൂരജ് പറഞ്ഞു. കോട്ടക്കൽ ആര്യവൈദ്യശാല മാർക്കറ്റിംഗ് വിഭാഗത്തിൽ ജീവനക്കാരനായ സൂരജ് ഒന്നര വർഷത്തോളമായി വൃക്കരോഗമൂലം കഷ്‌ടപ്പെടുകയായിരുന്നു. നിർധനകുടുംബമായതിനാൽ ചികിത്സാ ചെലവിനുപോലും നിവൃത്തിയില്ലാതെ പ്രയാസമനുഭവിച്ചു. വൃക്കമാറ്റിവയ്ക്കണമെന്നു ഡോക്ടർമാർ പറഞ്ഞപ്പോൾ മുതൽ ആധിയിലായിരുന്നു. ജോലി ചെയ്യുന്ന ആര്യവൈദ്യശാലയിൽനിന്ന് ഇൻഷ്വറൻസ് തുകയായ രണ്ടുലക്ഷം രൂപ ലഭിച്ചിരുന്നു. എന്നാൽ, ഒരു മാസം ഡയാലിസിസ് അടക്കമുള്ള ചെലവുകൾക്ക് 10 ലക്ഷം രൂപ വേണ്ടിവന്നു. ഒടുവിൽ ഈശ്വരമംഗലത്തുള്ള വീട് വിൽക്കേണ്ടിവന്നു. ഇപ്പോൾ ഭാര്യ രശ്മിയോടൊപ്പം വാടക വീട്ടിലാണു കഴിയുന്നത്. പിതാവ് സുധാകരൻ നാലുവർഷം മുൻപ് മരിച്ചു. സഹോദരി സുപ്രിയോടൊപ്പമാണു മാതാവ് പാർവതി താമസിക്കുന്നത്.


<ആ>മരണശേഷം അവയവങ്ങളും ശരീരവും ദാനം ചെയ്യാൻ ആഗ്രഹം: ഫാ. ഡേവിസ് ചിറമ്മൽ

കോട്ടയം: മരണശേഷം തന്റെ അവയവങ്ങൾ ദാനം ചെയ്യാനും ശരീരം വൈദ്യശാസ്ത്ര പഠനത്തിനായി നൽകാനും ആഗ്രഹിക്കുന്നതായി കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവീസ് ചിറമ്മൽ. ജീവിതം ദൈവം നൽകിയ സമ്മാനമാണ്. ജാതിയോ മതമോ പരിഗണിക്കാതെ മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കാൻ നമ്മുക്ക് കടമയുണ്ട്. അവയവങ്ങളുടെ പ്രവർത്തനങ്ങൾ നിശ്ചലമായി, ചികിത്സിക്കാൻ നിവൃത്തിയില്ലാതെ വേദനിക്കുകയും വലയുകയും ചെയ്യുന്ന ആയിരക്കണക്കിനു മനുഷ്യർ നമ്മുക്കു ചുറ്റുമുണ്ട്. തൃശൂർ വാടാനപ്പള്ളി സ്വദേശി ഗോപിനാഥിനു വൃക്കകളിലൊന്നു ദാനം ചെയ്യാൻ താൻ തയാറായതിനുശേഷം ഒട്ടേറെപ്പേർ ഈ സത്കർമത്തിൽ പങ്കാളികളായി. ഇനിയും ഈ ശൃംഖല വളരണം.

മാർ ജേക്കബ് മുരിക്കനിലൂടെ ഒരു കത്തോലിക്കാ മെത്രാൻ ഇത്തരമൊരു സമർപ്പണത്തിനു തയാറാകുന്നത് ഏറെ സന്തോഷം നൽകുന്നു. ലോക മാധ്യമങ്ങൾക്കും മനുഷ്യ മനസാക്ഷിക്കും ഉദാത്തമായ ക്രിസ്തീയ സന്ദേശമാണിത്. എല്ലാ മതവിശ്വാസികൾക്കും ഇതു വലിയ സന്ദേശവും പ്രത്യാശയുമാണു നൽകുന്നത്. ക്രിസ്തു ലോകത്തിനുവേണ്ടി സ്വയം സമർപ്പിതനായതുപോലെ സമൂഹത്തിനുവേണ്ടി സമർപ്പിതനാവാനുള്ള മുരിക്കൻ പിതാവിന്റെ മനസ് ഒട്ടേറെപ്പേർക്ക് ഇത്തരം കർമങ്ങളിൽ പങ്കുചേരാൻ പ്രേരണ നൽകുമെന്നും കോട്ടയം മെഡിക്കൽ കോളജിൽ അവയവദാനവുമായി ബന്ധപ്പെട്ട സർക്കാർതല എത്തിക്സ് കമ്മിറ്റിക്കു മുന്നിൽ വൃക്കദാനത്തിന് സമ്മതം അറിയിച്ചശേഷം മാർ ജേക്കബ് മുരിക്കനോടൊപ്പമുണ്ടായിരുന്ന ഫാ. ഡേവീസ് ചിറമ്മൽ അഭിപ്രായപ്പെട്ടു.

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി വീടു വിൽപന നടത്തിയ സൂരജിന് സുമനസുകളുടെ സഹായമില്ലാതെ മുന്നോട്ടു നീങ്ങാനാകില്ല. ശസ്ത്രക്രിയക്കായുള്ള തുകയ്ക്കായി എല്ലാവരുടെയും സഹായമുണ്ടാകണം. ഇ.എസ്. സൂരജ് എസ്ബിടി കോട്ടയ്ക്കൽ ശാഖ മലപ്പുറം ജില്ല അക്കൗണ്ട് നമ്പർ 57022131572. ഐഎഫ്എസ്സി കോഡ്. എസ്ബിടിആർ 00269 എന്ന അക്കൗണ്ട് നമ്പരിലേക്ക് സഹായങ്ങൾ അയയ്ക്കണമെന്ന് ഫാ. ഡേവീസ് ചിറമ്മൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.