ജിഷ വധം: അന്വേഷണം പൂർത്തിയാക്കാൻ സമയമെടുക്കും: ബി. സന്ധ്യ
ജിഷ വധം: അന്വേഷണം പൂർത്തിയാക്കാൻ സമയമെടുക്കും: ബി. സന്ധ്യ
Friday, May 27, 2016 12:54 PM IST
പെരുമ്പാവൂർ: ജിഷ വധക്കേസിൽ ജനങ്ങൾ ക്ഷമ പാലിക്കണമെന്നും അന്വേഷണം പൂർത്തിയാക്കാൻ സമയം ആവശ്യമാണെന്നും പുതിയ അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള ദക്ഷിണമേഖലാ എഡിജിപി ബി. സന്ധ്യ. പെരുമ്പാവൂരിലെ ജിഷയുടെ വീടും പരിസരവും സന്ദർശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവർ. പുതിയ അന്വേഷണ സംഘത്തിന്റെ പരിശോധനകൾ കേസിന്റെ ആദ്യഘട്ടം മുതൽ ആരംഭിക്കേണ്ടതുണ്ട്.

കൊലയാളിയെ പിടികൂടാൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷയെന്നും അതിനായി ശ്രമങ്ങൾ തുടരുകയാണെന്നും അവർ വ്യക്‌തമാക്കി. ആദ്യ അന്വേഷണ സംഘം കണ്ടെത്തിയ വസ്തുതകളെല്ലാം വിശദമായി പരിശോധിച്ചതായി അവർ പറഞ്ഞു. പെരുമ്പാവൂരിലെത്തിയ ബി. സന്ധ്യയും അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്‌ഥരും പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെത്തി ജിഷയുടെ മാതാവിനെയും സഹോദരിയേയും സന്ദർശിച്ചു.

തുടർന്ന് കൊലപാതകം നടന്ന കുറുപ്പംപടി വട്ടോളിപ്പടിയിലെ വീട്ടിലെത്തി രണ്ടു മണിക്കൂറോളം പരിശോധന നടത്തി. സമീപത്തെ വീടുകളിലെത്തി അയൽവാസികളുമായി സംസാരിക്കുകയുംചെയ്തു. പുതിയ അന്വേഷണ സംഘം എത്തുന്നതറിഞ്ഞ് വൻ ജനാവലി തന്നെ പ്രദേശത്തു തടിച്ചുകൂടിയിരുന്നു. സംഘത്തിൽ ക്രൈംബ്രാഞ്ച് എസ്പിമാരായ ഉണ്ണിരാജ, പി.കെ. മധു, ക്രൈംബ്രാഞ്ച് ഡിവൈഎസ്പിമാരായ സോജൻ, കെ.എസ്. സുദർശൻ, ശശിധരൻ, ഇൻസ്പെക്ടർമാരായ ബൈജു പൗലോസ്, ഷംസു എന്നിവരും ഉണ്ടായിരുന്നു. അതേസമയം, പി.പി. തങ്കച്ചനെതിരേ ജോമോൻ പുത്തൻപുരയ്ക്കൽ നടത്തിയ ആരോപണം വസ്തുതകൾക്കു നിരക്കാത്തതാണെന്നു മുൻ എംഎൽഎ സാജു പോൾ അഭിപ്രായപ്പെട്ടു. ഇത്തരം ആരോപണങ്ങൾ പൊതുസമൂഹം വിശ്വസിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ആരോപണങ്ങളെ സിപിഎം രാഷ്ട്രീയമായി ഉപയോഗിച്ചിട്ടില്ലെന്നും ഇനി ഉപയോഗിക്കുകയില്ലെന്നും സാജു പോൾ വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.