ഓർമകളിൽ തേൻനിലാവായി ഒഎൻവി
ഓർമകളിൽ തേൻനിലാവായി ഒഎൻവി
Friday, May 27, 2016 12:43 PM IST
<ആ>സ്വന്തം ലേഖിക

തിരുവനന്തപുരം: അക്ഷരത്തിന്റെ ആർദ്ര നിലാവായി, അഗ്നിജ്വാലയായി ഇന്നും മലയാളത്തിൽ നിറയുന്ന ഒഎൻവി, മലയാള മനസിന്റെ താളുകളിൽ മയിൽപ്പീലിയുടെ വർണ സൗന്ദര്യമായി, സ്നിഗ്ധതയായി ഒതുങ്ങുന്ന ഒഎൻവി. ഭൗതികസാന്നിധ്യം ഇല്ലെങ്കിലും പ്രിയപ്പെട്ട കവിയുടെ ഓർമകൾ ഇന്നലെ അനന്തപുരിയിൽ ചിറകു വിടർത്തി. സൂര്യന്റെ വെളിച്ചം ഭൂമിക്കുള്ള വരപ്രസാദം എന്നെഴുതിയ ഒഎൻവിയുടെ കാവ്യങ്ങളുടെ നറുംപ്രകാശം ആ ജന്മദിന പകലിൽ ഉള്ളകങ്ങളിൽ കൊളുത്തിവച്ച നിലവിളക്കായി.

ഒഎൻവി പ്രതിഭാ ഫൗണ്ടേഷൻ ഇന്നലെ പ്രഫ. ഒഎൻവി കുറുപ്പിന്റെ 85–ാം ജന്മദിനം ആഘോഷപൂർവമാണ് കൊണ്ടാടിയത്. ഒഎൻവിയുടെ അവസാന കാവ്യസമാഹാരമായ അനസ്വരതയിലേക്കു എന്നത് തന്നെയാണ് വിജെടി ഹാളിൽ നടന്ന ജന്മദിനാഘോഷത്തിനും പേര്. രാവിലെ നടന്ന കാവ്യാഞ്ജലി പഴയ തലമുറയിലെയും പുതിയ തലമുറയിലെയും കവികൾ തങ്ങൾക്കു മുമ്പേ നടന്ന കവി ഒഎൻവിക്കു സമർപ്പിച്ച ഗുരുദക്ഷിണയായി. കാവ്യാഞ്ജലിയുടെ ഉദ്ഘാടനം കവി പ്രഭാവർമ നിർവഹിച്ചു. കവിയും എസ്പിസിഎസ് പ്രസിഡന്റുമായ ഏഴാച്ചേരി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.


കാവ്യാഞ്ജലിയിൽ പങ്കെടുത്ത കിളിമാനൂർ മധു, ഗിരീഷ് പുലിയൂർ, ടി.കെ. സന്തോഷ്കുമാർ, വിനോദ് വൈശാഖി, ബിജു ബാലകൃഷ്ണൻ, സുമേഷ് കൃഷ്ണൻ എന്നിവർ സ്വന്തം കവിതകൾ ഭാവസാന്ദ്രമായി ചൊല്ലി.

ഒഎൻവിയുടെ ആദ്യകാല ശിഷ്യയായ സരോജിനി അമ്മ ഗുരുവന്ദനം എന്ന കവിത കണ്ഠമിടറിയാണ് ആലപിച്ചത്. ഗുരുവിന്റെ വേർപാട് സമയത്ത് എഴുതിയ മധുരം പോയ വഴിയും വികാരാർദ്രമായി. യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥിയായ നന്ദു പ്രഭാകറും സ്കൂൾ വിദ്യാർഥികളായ അദ്വൈതും സൈറയും അനുശ്രീയും ഒഎൻവി കവിതകൾ ആലപിച്ചു.

വൈകിട്ട് 3.30നു നടന്ന സെമിനാർ പ്രശസ്ത നോവലിസ്റ്റ് ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. പിരപ്പൻകോട് മുരളി അധ്യക്ഷത വഹിച്ചു. ഡോ. പി.കെ. രാജശേഖരൻ, ഡോ. കെ. ശ്രീകുമാർ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. ആർ. നന്ദകുമാർ സ്വാഗതം പറഞ്ഞു. ഉച്ചയ്ക്കു നടന്ന ജന്മദിന സദ്യയിൽ പ്രഫ. ഒഎൻവി കുറുപ്പിന്റെ സഹധർമിണി പി. സരോജിനി, മകൾ ഡോ. മായാദേവി കുറുപ്പ്, മരുമകൾ, ചെറുമകളായ അപർണ രാജീവ് എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.