ഡീസൽ വാഹനങ്ങൾക്ക് നിയന്ത്രണം: ഹരിത ട്രൈബ്യൂണൽ വിധിക്ക് ഭാഗിക സ്റ്റേ
ഡീസൽ വാഹനങ്ങൾക്ക് നിയന്ത്രണം: ഹരിത ട്രൈബ്യൂണൽ വിധിക്ക് ഭാഗിക സ്റ്റേ
Friday, May 27, 2016 4:23 AM IST
കൊച്ചി: ഡീസൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ഹരിത ട്രൈബ്യൂണൽ വിധി ഹൈക്കോടതി രണ്ടു മാസത്തേക്ക് ഭാഗികമായി സ്റ്റേ ചെയ്തു. മറ്റ് സംസ്‌ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വാഹനങ്ങൾ മൂലമുള്ള അന്തരീക്ഷ മലിനീകരണം കുറവാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി വസ്തുതകൾ പരിശോധിച്ചുള്ള വിധിയാണോ ഹരിത ട്രൈബ്യൂണൽ പുറപ്പെടുവിച്ചതെന്നും സംശയം പ്രകടിപ്പിച്ചു.

10 വർഷം പഴക്കമുള്ള 2,000 സീസിക്ക് മുകളിലായ വാഹനങ്ങൾ ഒരു മാസത്തിനകം നിരത്തുകളിൽ നിന്നും പിൻവലിക്കണമെന്നും 2,000 സിസിക്ക് മുകളിലുള്ള പുതിയ ഡീസൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ നടത്തരുതെന്നുമായിരുന്നു ഹരിത ട്രൈബ്യൂണൽ വിധി. ഇതിൽ 2,000 സിസിക്ക് മുകളിലുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ തടഞ്ഞ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ട്രൈബ്യൂണൽ വിധി ചോദ്യം ചെയ്ത് ടൊയോട്ടയുടെ കേരളത്തിലെ ഡീലർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി സ്റ്റേ ഏർപ്പെടുത്തിയത്.


ഹരിത ട്രൈബ്യൂണൽ വിധിക്കെതിരേ സംസ്‌ഥാന സർക്കാരും ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ തീരുമാനിച്ചിരുന്നു. ട്രൈബ്യൂണൽ വിധി നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ സർക്കാർ ഹൈക്കോടതിയെ അറിയിക്കും. വിഷയം ചർച്ച ചെയ്യാൻ ട്രാൻസ്പോർട്ട് കമ്മീഷണർ ടോമിൻ ജെ. തച്ചങ്കരി മുഖ്യമന്ത്രി പിണറായി വിജയനെ കഴിഞ്ഞ ദിവസം കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ ട്രൈബ്യൂണൽ വിധിക്കെതിരേ അപ്പീൽ നൽകാൻ തീരുമാനിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.