മകളെ യാത്രയാക്കാൻ പോയ കുടുംബത്തിന്റെ കാർ കത്തിനശിച്ചു
മകളെ യാത്രയാക്കാൻ പോയ കുടുംബത്തിന്റെ കാർ കത്തിനശിച്ചു
Thursday, May 26, 2016 12:50 PM IST
നെടുമ്പാശേരി: സൗദി അറേബ്യയിൽ നഴ്സായ മകളെ യാത്രയാക്കാൻ കോട്ടയത്തുനിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് വന്ന നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന കാർ കത്തിനശിച്ചു.

കാറിലെ യാത്രക്കാരായ നാലംഗ കുടുംബവും ഡ്രൈവറും അദ്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം കളത്തിപ്പടിയിൽ സണ്ണിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് കത്തിനശിച്ചത്. ദേശീയപാത 47ൽനിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് തിരിയുന്ന അത്താണി ഭാഗത്തെ ഹോട്ടലിനു മുന്നിൽ ഇന്നലെ രാവിലെ 11.30നായിരുന്നു സംഭവം.

ചായ കുടിക്കുന്നതിനായി കാർ ഹോട്ടലിനു മുന്നിലെ റോഡരികിൽ പാർക്ക് ചെയ്ത ശേഷം ഡ്രൈവറും നാലംഗ കുടുംബവും വാഹനത്തിൽ നിന്നിറങ്ങി രണ്ട് മിനിറ്റ് കഴിഞ്ഞപ്പോഴാണ് കാർ അഗ്നിക്കിരയായത്.

അവധിക്ക് നാട്ടിലെത്തിയ സണ്ണിയുടെ മകൾ ഡിംപിളിനെ യാത്രയാക്കാനാണ് ഇവർ കാറിൽ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് വന്നത്. കാറിനുള്ളിൽ വച്ചിരുന്ന ഡിംപിളിന്റെ പാസ്പോർട്ട്, വീസ, വസ്ത്രങ്ങൾ, വീട്ടിൽനിന്ന് കൊണ്ടുവന്ന മറ്റ് എല്ലാ സാധനങ്ങൾ എല്ലാം കത്തിനശിച്ചു.


രേഖകൾ എല്ലാം നഷ്‌ടപ്പെട്ടതിനാൽ ഇവർ യാത്ര ഉപേക്ഷിച്ചു കോട്ടയത്തേക്ക് തിരിച്ചുപോയി. സൗദിയിലെ ജോലിവരെ അനിശ്ചിതത്വത്തിലാണ്. അഞ്ചു പേരും ഹോട്ടലിനുള്ളിൽ പ്രവേശിച്ച ഉടൻ കാറിൽ നിന്നു പുക ഉയരുന്നത് സണ്ണിയുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് വിവരം ഡ്രൈവറോട് പറഞ്ഞു. ഡ്രൈവർ ചെന്നപ്പോഴേക്കും തീ കത്താൻ തുടങ്ങിയിരുന്നു. ഹോട്ടലിൽനിന്നും ജീവനക്കാർ വെള്ളം കൊണ്ടുവന്ന് ഒഴിച്ചെങ്കിലും തീയണയ്ക്കാനായില്ല. കാറിന്റെ ബോണറ്റ് പൊട്ടിത്തെറിച്ചു. അങ്കമാലിയിൽനിന്നും അഗ്നിശമനസേന എത്തിയെങ്കിലും അതിനു മുമ്പു തന്നെ എല്ലാം കത്തിനശി ച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.