ബിജെപിയുടെ ശ്രമം വർഗീയമായി ജനങ്ങളെ ഭിന്നിപ്പിക്കൽ: വീരപ്പ മൊയ്ലി
Thursday, May 26, 2016 12:50 PM IST
തിരുവനന്തപുരം: സാമുദായികമായും വർഗീയമായും ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നു കോൺഗ്രസ് പ്രവർത്തകസമിതിയംഗം വീരപ്പമൊയ്ലി. ഇന്ത്യയിലെ ജനാധിപത്യത്തെ പണവും വർഗീയതയും ചേർത്ത് കൈപ്പിടിയിലൊതുക്കാനാണ് ഭരണാധികാരികളുടെ ശ്രമം. ഇതിനെതിരേ മതേതരത്വം ഉയർത്തിപ്പിടിക്കാൻ കോൺഗ്രസിനു മാത്രമേ സാധിക്കുകയുള്ളു. ജനശക്‌തി കേന്ദ്രീകരിച്ചു വർഗീയത ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളെ നേരിടാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ഇന്ദിരാഭവനിൽ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

അഞ്ചു സംസ്‌ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പ് ഫലം മൊത്തത്തിൽ പരിശോധിച്ചാൽ മെച്ചപ്പെട്ട പ്രകടനം നടത്തിയതു കോൺഗ്രസാണ്. അഞ്ചു സംസ്‌ഥാനങ്ങളിലായി 696 സീറ്റുകളിൽ മത്സരിച്ച ബിജെപി 64 സീറ്റിലാണ് വിജയിച്ചത്. എന്നാൽ 363 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 150 സീറ്റിൽ വിജയിച്ചു. 484 സീറ്റുകളിൽ മത്സരിച്ച ഇടതുപാർട്ടികൾ 124 സീറ്റുകളിൽ വിജയിച്ചു.


കേരളത്തിൽ ന്യൂനപക്ഷങ്ങൾ കോൺഗ്രസിൽ നിന്ന് അകന്നതു താത്കാലികമാണ്. വർഗീയ പ്രചാരണം ഉണ്ടാക്കിയ ഭീതിയാണ് അതിനു കാരണം. എല്ലാ തെരഞ്ഞെടുപ്പുകളിലും പാഠം ഉൾക്കൊണ്ട് മുന്നോട്ടുപോകുന്ന പാർട്ടി കോൺഗ്രസ് മാത്രമാണ്. അതുകൊണ്ട് വീഴ്ച എത്ര ശക്‌തമാണോ അത്രയും ശക്‌തിയായി പാർട്ടിക്ക് തിരിച്ചുവരാനും കഴിയുമെന്നു മൊയ്ലി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.