പുതിയ മദ്യനയം രൂപീകരിക്കാൻ സർക്കാരിനോടു നിർദേശിക്കണമെന്ന് ഹർജി
Thursday, May 26, 2016 12:44 PM IST
കൊച്ചി: നിലവിലെ മദ്യനയത്തിന്റെ ദൂഷ്യവശങ്ങൾ പഠിച്ചശേഷം 2016 –2017 വർഷത്തേക്ക് പുതിയ മദ്യനയം രൂപീകരിക്കാൻ സർക്കാരിനോടു നിർദേശിക്കണമെന്നാവശ്യപ്പെട്ട് കേരള ഹോട്ടൽ ഇൻഡസ്ട്രിയലിസ്റ്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി.എം. രാധാകൃഷ്ണൻ ഹൈക്കോടതിയിൽ ഹർജി നൽകി.

മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ മദ്യനയം രൂപീകരിക്കാനുള്ള അധികാരം സർക്കാരിനാണെന്ന് കഴിഞ്ഞ ഡിസംബറിൽ സുപ്രീം കോടതി വ്യക്‌തമാക്കിയിരുന്നു. എന്നാൽ നിലവിലെ മദ്യനയത്തിൽ ദുരുദ്ദേശ്യമുണ്ടെന്നു കണ്ടാൽ നിയമപരമായി ഇടപെടാനാകുമെന്നും പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന മദ്യനയം പൊതുജനങ്ങളെ കബളിപ്പിക്കുന്നതാണ്.


മാത്രമല്ല, സംസ്‌ഥാനത്ത് മദ്യത്തിന്റെ ലഭ്യത ഗണ്യമായി കുറഞ്ഞതോടെ മയക്കുമരുന്നിന്റെ ഉപയോഗം വർധിച്ചുവെന്നും മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ടുള്ള അക്രമ സംഭവങ്ങൾ കൂടിയെന്നും ഹർജിയിൽ പറയുന്നു.ബിവറേജസ് ഔട്ട്ലെറ്റുകളിലും കള്ളുഷാപ്പുകളിലും മദ്യവില്പന വർധിച്ചു.

വയനാട് ഉൾപ്പെടെയുള്ളജില്ലകളിൽ സമാന്തര ബാറുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഹർജയിൽ വ്യക്‌തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നിലവിലെ മദ്യനയത്തിന്റെ ദൂഷ്യവശങ്ങൾ പഠിച്ചശേഷം പുതിയ മദ്യനയത്തിന് രൂപം നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.