എനിക്കെതിരായ വിവാദപരാമർശം രാഷ്ട്രീയപ്രേരിതം: പി.പി. തങ്കച്ചൻ
Thursday, May 26, 2016 12:44 PM IST
പെരുമ്പാവൂർ: ജിഷ വധവുമായി ബന്ധപ്പെട്ട് തന്നെക്കുറിച്ചുള്ള വിവാദ പരാമർശം രാഷ്ട്രീയപ്രേരിതമാണെന്ന് യുഡിഎഫ് കൺവീനർ പി.പി. തങ്കച്ചൻ.

ജിഷയുടെ മാതാവ് രാജേശ്വരിയുമായി തനിക്കോ തന്റെ കുടുംബത്തിനോ ഒരു ബന്ധവുമില്ല. രാജേശ്വരി തന്റെ വീട്ടിൽ ജോലിക്ക് നിന്നിരുന്നുവെന്നുള്ള പ്രചാരണം അടിസ്‌ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ വ്യക്‌തിപരമായി അധിക്ഷേപിക്കാനുള്ള നീചശ്രമമാണു നടക്കുന്നത്. ഇതിനെതിരേ നിയമനടപടി സ്വീകരിക്കും. ജിഷയുടെ അമ്മ ഒരാവശ്യത്തിനും തന്റെ വീട്ടിൽ വന്നിട്ടില്ല. ജിഷ കൊല്ലപ്പെട്ട ശേഷം അമ്മ രാജേശ്വരി ആശുപത്രിയിൽ കഴിഞ്ഞപ്പോഴാണ് അവരെ സന്ദർശിച്ചത്. കെപിസിസിയുടെ ധനസഹായം കൈമാറാനും താൻ ആശുപത്രിയിൽ എത്തിയിരുന്നു. തനിക്കെതിരെ ആരോപണം ഉന്നയിച്ച ജോമോൻ പുത്തൻപുരയ്ക്കൽ പണത്തിനുവേണ്ടി എന്തും പറയുന്നയാളാണ്. അനാവശ്യം പരത്തുന്നവർക്കെതിരേ പരാതി നൽകുമെന്നും തങ്കച്ചൻ പറഞ്ഞു.


തന്റെ പൊതുജീവിതം തുറന്ന പുസ്തകമാണെന്നും ഏത് ആരോപണത്തേയും സത്യസന്ധമായി നേരിടുമെന്നും പി.പി. തങ്കച്ചൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.