പൂവരണി പീഡനക്കേസിൽ ശിക്ഷ ഇന്ന്; ആറു പ്രതികൾ കുറ്റക്കാർ
പൂവരണി പീഡനക്കേസിൽ ശിക്ഷ ഇന്ന്; ആറു പ്രതികൾ കുറ്റക്കാർ
Thursday, May 26, 2016 12:44 PM IST
കോട്ടയം: പൂവരണി പീഡന കേസിൽ ആറുപ്രതികൾ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി. ശിക്ഷ ഇന്നു പ്രഖ്യാപിക്കും. അഞ്ചു പ്രതികളെ കോടതി വെറുതെവിട്ടു. അയർക്കുന്നം മുണ്ടൻതറയിൽ ലിസി, തീക്കോയി വടക്കേൽ ജോമിനി, പൂഞ്ഞാർ ചങ്ങനാരിപറമ്പിൽ ജ്യോതിഷ്, പൂഞ്ഞാർ തെക്കേക്കര കൊട്ടാരംപറമ്പിൽ തങ്കമണി, കൊല്ലം തൃക്കരുവ ഉത്രട്ടാതി സതീഷ്കുമാർ, തൃശൂർ പറക്കാട്ട് കിഴക്കുപുറത്ത് രാഖി എന്നിവരെയാണു കുറ്റക്കാരെന്നു കോടതി കണ്ടെത്തിയത്.

പായിപ്പാട് കണിയാഞ്ഞാലിൽ ഷാൻ കെ. ദേവസ്യ, പായിപ്പാട് എഴുവന്താനം നഗറിൽ ജോബി ജോസഫ്, തിരുവനന്തപുരം വീരണകാവ് കൃഷ്ണവിലാസത്തിൽ ദയാനന്ദൻ, കോട്ടയം രാമപുരം ഇല്ലിക്കൽ ബിനോ അഗസ്റ്റിൻ, കോട്ടയം വെള്ളിലാപ്പള്ളി ഇഞ്ചനാനിൽ ജോഷി എന്നിവരെയാണു വെറുതെവിട്ടത്. കേസിലെ 10–ാം പ്രതി നെയ്യാറ്റിൻകര കള്ളിക്കാട്ട് ഹിമഭവനിൽ ഉല്ലാസ് കേസിന്റെ വിസ്താരം നടക്കുന്നതിനിടെ ജീവനൊടുക്കിയിരുന്നു. അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഒന്ന് ജഡ്ജി കെ. ബാബുവാണു കേസിൽ വിചാരണ പുർത്തിയാക്കി ഇന്നു വിധി പറയുന്നത്. കുറ്റക്കാരാണെന്നു കണ്ടെത്തിയ പ്രതികളെ കോട്ടയം ജില്ലാ ജയിലിലേക്കു അയച്ചു.

പൂവരണി സ്വദേശിനായ എട്ടാം ക്ലാസ് വിദ്യാർഥിനിയെ അയർക്കുന്നത്തുള്ള ബന്ധുവായ ലിസി വിവിധ സ്‌ഥലങ്ങളിൽ എത്തിച്ചു പീഡിപ്പിക്കാൻ അവസരമൊരുക്കിയെന്നാണു കേസ്. പെൺകുട്ടി പിന്നീട് എയ്ഡ്സ് രോഗം പിടിപെട്ട് തേനി മെഡിക്കൽ കോളജിൽ മരിച്ചു. 2007 ഓഗസ്റ്റ് മുതൽ 2008 മേയ് വരെ പീഡനം നടന്നതായാണു കേസ്. മാസങ്ങളോളം പെൺകുട്ടിയെ വിവിധയിടങ്ങളിൽ എത്തിച്ച് പലർക്കും കാഴ്ചവച്ചശേഷം 2008 ഓഗസ്റ്റിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് തേനി മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സിച്ചു. കോട്ടയത്തെ ആശുപത്രിയിൽ കഴിയുമ്പോഴാണു പെൺകുട്ടി പീഡനവിവരം പുറത്തു പറയുന്നത്. കുട്ടിയുടെ മരണശേഷം അമ്മ അന്നത്തെ കോട്ടയം ജില്ല പോലീസ് മേധാവിക്കു പരാതി നൽകി.


ചങ്ങനാശേരി പോലീസ് 2008ലാണു കേസ് രജിസ്റ്റർ ചെയ്തത്. കോട്ടയം ഡിവൈഎസ്പി ആയിരുന്ന ടി. ബിജോയിയാണ് കേസ് അന്വേഷണം നടത്തി കോടതിയിൽ എത്തിച്ചത്. വർഷങ്ങൾനീണ്ട വിചാരണയിൽ 182 സാക്ഷികളിൽ 127 സാക്ഷികളെ കോടതി വിസ്തരിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകൽ, മാനഭംഗം, വില്പന എന്നീ കുറ്റങ്ങളിലാണ് പ്രതികൾക്കെതിരേ കേസെടുത്തത്. കന്യാകുമാരി, കുമരകം ഹൗസ് ബോട്ട്, തിരുവല്ല, രാമപുരം, തിരുവനന്തപുരം തുടങ്ങിയ സ്‌ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണു കേസ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ. ഗോപാലകൃഷ്ണനും റോയിസ് ചിറയിലും പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ സുരേഷ് ബാബു തോമസ്, ബോബൻ ടി. തെക്കേൽ, സി.എസ്. അജയൻ, റോയി ജോസ്, രാജു ഏബ്രഹാം എന്നിവരും ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.