ജനസാഗരം സാക്ഷിയാക്കി പിണറായി മന്ത്രിസഭ അധികാരമേറ്റു
ജനസാഗരം സാക്ഷിയാക്കി പിണറായി മന്ത്രിസഭ അധികാരമേറ്റു
Wednesday, May 25, 2016 12:55 PM IST
തിരുവനന്തപുരം: ജനസാഗരത്തെ സാക്ഷി നിർത്തി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. സെൻട്രൽ സ്റ്റേഡിയത്തിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ നടന്ന ചടങ്ങിൽ ഗവർണർ ജസ്റ്റീസ് പി. സദാശിവം മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.

മൂടിക്കെട്ടിയ അന്തരീക്ഷത്തിലും ഇടയ്ക്കിടെ പെയ്ത ചാറ്റൽ മഴയിലും ചോരാത്ത ആവേശവുമായി ആയിരങ്ങളാണ് സത്യപ്രതിജ്‌ഞാ ചടങ്ങു വീക്ഷിക്കാനെത്തിയത്. സെൻട്രൽ സ്റ്റേഡിയത്തിനകത്തും പുറത്തുമായി തിങ്ങിക്കൂടിയ ഇടതുമുന്നണി പ്രവർത്തകരുടെ ആവേശകരമായ മുദ്രാവാക്യം വിളികളും അഭിവാദ്യങ്ങളും ഏറ്റുവാങ്ങിക്കൊണ്ടായിരുന്നു പുതിയ മന്ത്രിസഭയിലെ 19 പേരും അധികാരമേറ്റത്.

മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യം സത്യപ്രതിജ്‌ഞ ചെയ്തു. പിന്നാലെ സിപിഐയിലെ ഇ. ചന്ദ്രശേഖരൻ, ജനതാദൾ– എസിലെ മാത്യു ടി. തോമസ്, എൻസിപിയിലെ എ.കെ. ശശീന്ദ്രൻ, കോൺഗ്രസ്– എസിലെ കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ സത്യവാചകം ചൊല്ലി. ഇതിനുശേഷം അക്ഷരമാലാ ക്രമത്തിൽ എ.കെ. ബാലൻ, ഡോ. കെ.ടി. ജലീൽ, ഇ.പി. ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ, ജെ. മേഴ്സിക്കുട്ടിയമ്മ, എ.സി. മൊയ്തീൻ, അഡ്വ. കെ. രാജു, ടി.പി. രാമകൃഷ്ണൻ, പ്രഫ. സി. രവീന്ദ്രനാഥ്, കെ.കെ. ശൈലജ, ജി. സുധാകരൻ, വി.എസ്. സുനിൽകുമാർ, പി. തിലോത്തമൻ, ഡോ. ടി.എം. തോമസ് ഐസക്ക് എന്നിവർ സത്യപ്രതിജ്‌ഞ ചെയ്തു. പുതിയ മന്ത്രിസഭയിലെ ആറു പേർ മുമ്പു മന്ത്രിമാരായി പരിചയമുള്ളവരാണെങ്കിൽ ബാക്കി പതിമൂന്നു പേരും ആദ്യമായി മന്ത്രിസഭയിലെത്തുന്നവരാണ്.

<ശാഴ െൃര=/ിലംശൊമഴലെ/2016ാമ്യ26രമയശിലബോശിശെലേ2.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
മുൻപ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻ ചാണ്ടി, വി.എസ്. അച്യുതാനന്ദൻ, ബിജെപി നേതാവ് ഒ. രാജഗോപാൽ തുടങ്ങി ഒട്ടേറെ രാഷ്ട്രീയ നേതാക്കളും മത, സമുദായ നേതാക്കളും സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

വൈകുന്നേരം നാലിന് വേദിയിലെത്തിയ ഗവർണറെ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് സത്യപ്രതിജ്‌ഞാ ചടങ്ങിനു ക്ഷണിച്ചു. ചടങ്ങ് 47 മിനിറ്റ് നീണ്ടുനിന്നു.

ഇന്നലെ രാവിലെ മുതൽ സത്യപ്രതിജ്‌ഞാചടങ്ങിനായി സംസ്‌ഥാനത്തിന്റെ നാനാഭാഗങ്ങളിൽനിന്നു തലസ്‌ഥാനത്തേക്കു ജനപ്രവാഹമായിരുന്നു. എകെജി സെന്ററിനു മുന്നിലും പിണറായി വിജയൻ ഗവർണറെ സന്ദർശിക്കാനെത്തിയപ്പോൾ രാജ്ഭവനു മുന്നിലും പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി കാത്തുനിന്നു. ഉച്ചയോടെ സെൻട്രൽ സ്റ്റേഡിയത്തിലേക്കു പ്രവർത്തകർ ഒഴുകിത്തുടങ്ങി. ഇവരെ നിയന്ത്രിക്കാൻ പോലീസിനും ഏറെ ബുദ്ധിമുട്ടേണ്ടി വന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.