ജിഷവധം അന്വേഷണം എഡിജിപി സന്ധ്യക്ക്
ജിഷവധം അന്വേഷണം എഡിജിപി സന്ധ്യക്ക്
Wednesday, May 25, 2016 12:55 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിവാദമായ ജിഷ വധക്കേസിൽ വനിതാ എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ ആദ്യ യോഗം തീരുമാനിച്ചു. എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാകും ജിഷ വധക്കേസ് അന്വേഷിക്കുന്നതെന്നു മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ജിഷ വധക്കേസ് അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചയുണ്ടായെന്ന പൊതുസമൂഹത്തിന്റെ വിലയിരുത്തലിന്റെ അടിസ്‌ഥാനത്തിലാണു കേസന്വേഷണം വനിതാ എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഏൽപിക്കാൻ തീരുമാനിച്ചത്. മഹസർ തയാറാക്കിയതു മുതൽ മൃതദേഹം ദഹിപ്പിച്ചതു വരെയുള്ള സാധാരണ നടപടി ക്രമങ്ങളിൽ പോലും ഗുരുതരമായ വീഴ്ചയുണ്ടായെന്നായിരുന്നു പൊതു വിലയിരുത്തൽ. ഇതിന്റെ അടിസ്‌ഥാനത്തിലാണു പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചത്.

നിലവിലുള്ള അന്വേഷണ സംഘത്തെ മുഴുവൻ മാറ്റിയാണു പുതിയ സംഘത്തെ അന്വേഷണ ചുമതല ഏൽപിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. ഇന്നലെ മന്ത്രിസഭായോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുന്നതിനിടയിൽ വനിതാ എഡിജിപിമാരായ ബി. സന്ധ്യയേയും ആർ. ശ്രീലേഖയേയും വിളിച്ചുവരുത്തിയിരുന്നു.

എറണാകുളം റേഞ്ച് ഐജി മഹിപാൽ യാദവിന്റെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്.

കേസ് അന്വേഷണവുമായി ബന്ധപ്പെട്ട പോലീസ് വീഴ്ച അടുത്ത ദിവസങ്ങളിൽ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം മന്ത്രിസഭ ചർച്ച ചെയ്തില്ല.

ജിഷയുടെ അമ്മയ്ക്കു പ്രതിമാസം 5,000 രൂപ പെൻഷൻ നൽകാനും മന്ത്രിസഭ തീരുമാനിച്ചു. വീടുകളിൽ ജോലിക്കു പോയി വരുമാനം കണ്ടെത്തിയിരുന്ന ഇവർക്ക് ഇനി വീട്ടുജോലിക്കു പോകുന്നതിലുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണു നടപടി. ജിഷയുടെ കുടുംബത്തിനായി നിർമിച്ചു കൊണ്ടിരിക്കുന്ന വീടിന്റെ നിർമാണ പ്രവർത്തനങ്ങൾ 45 ദിവസത്തിനകം പൂർത്തിയാക്കാൻ എറണാകുളം ജില്ലാ കളക്ടർക്കു നിർദേശം നൽകും. നിർമാണ പുരോഗതി കളക്ടർ നേരിട്ടു വിലയിരുത്തണം.

ജിഷയുടെ സഹോദരിക്കു ജോലി നൽകാനുള്ള മുൻ സർക്കാരിന്റെ തീരുമാനം വേഗത്തിൽ നടപ്പാക്കാൻ നിർദേശം നൽകി. ഇവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി കണ്ടെത്തി നൽകാനും നിർദേശം നൽകി.

ജിഷ വധത്തിൽ വിപുലമായ അന്വേഷണം നടത്തി കുറ്റക്കാരെ എത്രയും വേഗം നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ ശ്രമിക്കുമെന്നു എഡിജിപി ബി. സന്ധ്യ മാധ്യമപ്രവർത്തകരോടു പറഞ്ഞു. സംസ്‌ഥാന പോലീസ് മേധാവിയുമായി ആലോചിച്ചു മുഴുവൻ അന്വേഷണ സംഘത്തേയും നിയമിക്കുമെന്നും എഡിജിപി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.