ഐജിയുടെ മറുപടി അഥോറിറ്റിയുടെ വ്യാപ്തി മനസിലാക്കാതെയെന്ന്
Wednesday, May 25, 2016 12:49 PM IST
<ആ>സ്വന്തം ലേഖകൻ

കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കംപ്ലയിന്റ്സ് അഥോറിറ്റിക്ക് ഉദ്യോഗസ്‌ഥരെ വിളിച്ചുവരുത്താൻ അധികാരമില്ലെന്ന പോലീസിന്റെ നിലപാട് അഥോറിറ്റിയുടെ അധികാരങ്ങളുടെ വ്യാപ്തി അറിയാത്തതിനാലാണെന്നു ചെയർമാൻ ജസ്റ്റീസ് കെ. നാരായണ കുറുപ്പ്.

നോട്ടീസ് അയച്ചിട്ടും ഹാജരായി അന്വേഷണത്തിന്റെ വിശദാംശങ്ങൾ അറിയിക്കാത്ത ഐജി മഹിപാൽ യാദവിന്റെയും മറ്റ് ഉദ്യോഗസ്‌ഥരുടെയും നടപടിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. കേസിൽ ഇടപെടാൻ അഥോറിറ്റിക്കു അധികാരമില്ലെന്നാണ് വിശദീകരണമാവശ്യപ്പെട്ട് നൽകിയ നോട്ടീസിന് ഐജി നൽകിയ മറുപടി. ഇത് താൻ തള്ളിക്കളയുന്നു.

കേസിൽ ഇടപെടാൻ അഥോറിറ്റിക്ക് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടി എട്ടു കാര്യങ്ങളാണു കഴിഞ്ഞ 18ന് ഐജി തയാറാക്കി നൽകിയ മറുപടിക്കത്തിലുള്ളത്. പോലീസിന്റെ എല്ലാവിധ പെരുമാറ്റ ദൂഷ്യങ്ങളും വീഴ്ചകളും പരിശോധിക്കാൻ അഥോറിറ്റിക്കു അധികാരമുണ്ട്. സുപ്രീം കോടതി തന്നെ ഇക്കാര്യം വ്യക്‌തമാക്കിയിട്ടുണ്ട്. കേരള പോലീസ് ആക്ടിൽ സെക്ഷൻ 110–ലും ഇതു കൃത്യമായി പറഞ്ഞിട്ടുണ്ട്. ഐജിയുടെ മറുപടി നിഷേധാത്മകമാണ്. എന്തോ ഒളിച്ചുവയ്ക്കാനാണിതെന്നും അദ്ദേഹം പറഞ്ഞു. ഐജി അടക്കമുള്ള അഞ്ചു ഉദ്യോഗസ്‌ഥരും ജൂൺ രണ്ടിനു നേരിട്ടു ഹാജരാകണമെന്ന കർശന നിർദേശവും ജസ്റ്റീസ് കെ. നാരായണ കുറുപ്പ് പുറപ്പെടുവിച്ചു.

ജിഷയുടെ കൊലപാതകത്തിൽ പോലീസ് തെളിവു നശിപ്പിക്കുന്നതിനു കൂട്ടുനിന്നതായി സംശയിക്കുന്നുവെന്നത് അടക്കമുള്ള കടുത്ത വിമർശനങ്ങളും അഥോറിറ്റി ചെയർമാൻ ഉയർത്തി. മാധ്യമങ്ങൾ ബഹളം വച്ചില്ലായിരുന്നെങ്കിൽ കേസ് പണ്ടേ പോലീസ് കുഴിച്ചുമൂടിയേനെ എന്നും അദ്ദേഹം പറഞ്ഞു. കേസിലെ നിർണായകമായ പ്രാഥമിക തെളിവുകളെല്ലാം ഇല്ലാതായി. ജിഷയുടെ അമ്മ എതിർത്തിട്ടും മൃതദേഹം ദഹിപ്പിച്ചു. കൊല നടന്ന് 24 മണിക്കൂറിനുള്ളിൽ തെളിവുകൾ സംരക്ഷിക്കേണ്ടതായിരുന്നു. അഞ്ചു ദിവസം കഴിഞ്ഞാണ് സംഭവസ്‌ഥലം സീൽ ചെയ്യുന്നത്. തെളിവുകൾ നശിപ്പിക്കാൻ അഞ്ചു മിനിറ്റുപോലും വേണ്ട.


കേസന്വേഷണത്തിന്റെ ഈ ബാലപാഠം പഠിക്കാൻ സ്കോട്ട്ലാൻഡ് യാർഡിന്റെ അടുത്തു പോകണ്ട. ക്രൂരമായ കൊലപാതകമാണു നടന്നത്.

കൊല്ലപ്പെട്ടത് ദളിത് നിയമ വിദ്യാർഥിനിയും. പെറ്റി കേസുവരെ മാധ്യമങ്ങളെ വിളിച്ചറിയിക്കാറുള്ള പോലീസ് ഈ കേസ് ഒളിച്ചുവയ്ക്കാനാണ് ശ്രമിച്ചത്. നിരുത്തരവാദപരമായാണ് പോസ്റ്റുമോർട്ടം നടത്തിയത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ മാർഗനിർദേശമനുസരിച്ച് പോസ്റ്റമോർട്ടത്തിന്റെ വീഡിയോ എടുക്കേണ്ടതായിരുന്നു. അതൊന്നും പാലിച്ചില്ല.

പോസ്റ്റുമോർട്ടം ചെയ്തത് പിജി വിദ്യാർഥിയുമാണ്. പ്രതിയുടെ ഡിഎൻഎ ലഭിച്ചുവെന്നാണ് പറയുന്നത്. അതുകൊണ്ടൊന്നും കാര്യമില്ല. പ്രധാനപ്പെട്ട തെളിവുകളെല്ലാം നഷ്ടപ്പെടുത്തി.

തെളിവുകളില്ലാതെ അന്വേഷണസംഘം ഇരുട്ടിൽ തപ്പുകയാണ്. കറുത്ത പൂച്ചയെ ഇരുട്ടിൽ തപ്പുന്നതുപോലെയാണ് ഇപ്പോൾ നടക്കുന്ന അന്വേഷണമെന്നും ജസ്റ്റസ് നാരായണക്കുറുപ്പ് പറഞ്ഞു. ഐജി മഹിപാൽ യാദവ്, എസ്പി യതീഷ് ചന്ദ്ര, ഡിവൈഎസ്പി അനിൽകുമാർ, സിഐ രാജേഷ്, എസ്ഐ സോണി മത്തായി എന്നിവരാണ് അഥോറിറ്റിയുടെ അടുത്ത സിറ്റിംഗിൽ നേരിട്ടു ഹാജരാകേണ്ടത്. പൊതുപ്രവർത്തനായ പൈചിറ നവാസ്, അഡ്വ. ബേസിൽ കുര്യാക്കോസ് എന്നിവർ നൽകിയ പരാതികളിലാണ് നടപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.