മത്സ്യബന്ധനത്തിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടുകിട്ടി
Wednesday, May 25, 2016 12:29 PM IST
അമ്പലപ്പുഴ: മത്സ്യബന്ധനത്തിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടുകിട്ടി. പുന്നപ്ര നോർത്ത് പഞ്ചായത്ത് 17–ാം വാർഡിൽ ആഞ്ഞിലിപ്പറമ്പിൽ പരേതനായ സേർജിന്റെ മകൻ ജോസഫിന്റെ (ജിജിക്കുട്ടൻ–30) മൃതദേഹമാണ് ഇന്നലെ രാവിലെ എട്ടരയോടെ പുന്നപ്ര വിയാനിക്കടുത്തു കടലിൽ കണ്ടെത്തിയത്. നാട്ടുകാരായ മത്സ്യത്തൊഴിലാളികൾ രണ്ടുവള്ളങ്ങളിലായി കോസ്റ്റൽ ഗാർഡിനൊപ്പം നടത്തിയ തെരച്ചിലിലാണു മൃതദേഹം കണ്ടുകിട്ടിയത്.

കഴിഞ്ഞദിവസം രാവിലെയാണു ജോസഫ് പൊന്തുവള്ളത്തിൽ മീൻപിടിക്കാൻ പോയത്. ആദ്യം മീൻ പിടിച്ചു തിരിച്ചെത്തി വില്പനയും നടത്തിയശേഷം രണ്ടാമതും പോയതാണ്. ഇതിനിടെ പൊന്തുവള്ളത്തിൽ നിന്നു കടലിലേക്കു വീഴുകയായിരുന്നു. പൊന്തുവള്ളം ഒഴുകിനടക്കുന്നതു കണ്ടു മത്സ്യത്തൊഴിലാളികൾ കരയിൽ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ അധികൃതർ തെരച്ചിൽ നടത്തുന്നതിൽ അലംഭാവം കാണിച്ചെന്നാരോപിച്ചു നാട്ടുകാർ ഇന്നലെ ദേശീയപാത ഉപരോധിക്കുകയും ചെയ്തിരുന്നു. പിന്നീട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയ്ക്കൊടുവിലാണു സമരം പിൻവലിച്ചത്. ഉപരോധസമരം മൂലം അന്നേദിവസം പിഎസ്സി നടത്തിയ പരീക്ഷയെഴുതാൻപോയ പലർക്കും പരീക്ഷയെഴുതാനുമായില്ല. കോസ്റ്റൽ പോലീസും നാട്ടുകാരും സംയുക്‌തമായി കാണാതായ ദിവസം തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല. ഇന്നലെ പുലർച്ചെ ആറോടെ വീണ്ടും തെരച്ചിൽ പുനരാരംഭിക്കുകയായിരുന്നു. കോസ്റ്റൽ പോലീസിന്റെ ഒരു ഹെലിക്കോപ്റ്ററും കൊച്ചിയിൽനിന്നും തെരച്ചിലിനായി എത്തിയിരുന്നു. പ്രിൻസിയാണ് ജോസഫിന്റെ ഭാര്യ. അമ്മ: മേരി. ആറുമാസം പ്രായമുള്ള ജിയമോൾ ഏകമകൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.