ഹോട്ടൽടെക് പ്രദർശനം സമാപിച്ചു
Wednesday, May 25, 2016 12:29 PM IST
കൊച്ചി: കൊച്ചി വെല്ലിംഗ്ടൺ ഐലൻഡിലെ സാമുദ്രിക കൺവൻഷൻ സെന്ററിൽ നടന്നുവന്ന ഹോട്ടൽടെക് 2016–ാം ആറാമതു വാർഷിക പ്രദർശനവും ഷെഫുമാർക്കായുള്ള അഞ്ചാമതു കലിനറി ചലഞ്ച് മത്സരങ്ങളും സമാപിച്ചു. ഔട്ട്സ്റ്റാൻഡിംഗ് പെർഫോമൻസിനുള്ള അവാർഡ് ഹോളിഡേ ഇന്നിലെ സെന്തിൽ രാജും മത്സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്‌ഥാനത്തിൽ ഏറ്റവും മികച്ച കലിനറി സ്‌ഥാപനത്തിനുള്ള അവാർഡ് ഹോട്ടൽ ലീലയും കരസ്‌ഥമാക്കി. കലിനറി ചലഞ്ചിലെ മെഡലുകളും സർട്ടിഫിക്കറ്റുകളും മെമെന്റോയും സമാപനചടങ്ങിൽ വിതരണം ചെയ്തു.

ഹോട്ടൽടെക് പ്രദർശനത്തിന്റെ സമാപനത്തോടനുബന്ധിച്ചു കേരളത്തിലെ ഹോട്ടൽ ഷെഫുമാർ ചേർന്നു കേരളാ ഷെഫ്സ് ഫോറം എന്ന കൂട്ടായ്മയ്ക്കും രൂപം നൽകി. രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിൽ ഇത്തരം ഫോറങ്ങൾ ഉണ്ടെങ്കിലും കേരളത്തിൽ ഇതാദ്യമാണെന്നു സംഘാടകർ പറഞ്ഞു. ഷെഫുമാർക്കാവശ്യമായ തുടർപരിശീലനം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നൂറോളം കുട്ടികളെ ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക് ആകർഷിക്കുന്നതിനായുള്ള സൗജന്യ പരിശീലനം തുടങ്ങിയവ ലക്ഷ്യമിടുന്നത്. ഷെഫ് പ്രഫഷനിൽ നൂറ്റാണ്ടിലേറെ പിന്നിട്ട സിജിഎച്ച് എർത്ത് ഷെഫ് ജോസ് വർക്കി, ടാജിലെ മുൻ എക്സി. ഷെഫ് റഷീദ്, അബാദ് ഗ്രൂപ്പ് കോർപറേറ്റ് ഷെഫ് ജയകുമാർ, കോവളം ഇന്ത്യൻ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി എച്ച്ഒഡി ഇവാൻ തോമസ്, കെടിഡിസി കോവളം കോർപറേറ്റ് ഷെഫ് ജോർജ് ജോസഫ് എന്നിവരെ ആദരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.