മോദി സർക്കാരിന്റെ ജനദ്രോഹങ്ങൾക്കെതിരേ കെപിസിസി പ്രസിഡന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മോദി സർക്കാരിന്റെ ജനദ്രോഹങ്ങൾക്കെതിരേ കെപിസിസി പ്രസിഡന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Wednesday, May 25, 2016 12:29 PM IST
തിരുവനന്തപുരം: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ രണ്ടു വർഷം പൂർത്തിയാകുമ്പോൾ ജനങ്ങളെ തീർത്തും നിരാശരാക്കിയിരിക്കുകയാണെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ കുറ്റപ്പെടുത്തി. രാജ്യത്തെ ജനങ്ങൾക്ക് നല്ല ദിനങ്ങൾ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ മോദി അവരെ ക്രൂരമായി വഞ്ചിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നത്. അതുകൊണ്ട് എൻഡിഎ സർക്കാരിന്റെ രണ്ടാം വാർഷികം ജനവഞ്ചനയുടെ രണ്ടാം വാർഷികമായിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.

രാജ്യത്തെ ഏറ്റവും കടുത്ത വിലക്കയറ്റത്തിലേക്കു തള്ളിവിട്ടതിന്റെ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലയും ഇന്ധനവിലയും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നുവെന്നത് എല്ലാവരും അംഗീകരിക്കുന്നതാണ്. ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില നന്നേ കുറഞ്ഞിട്ടും അതിന് ആനുപാതികമായി ആഭ്യന്തരവിപണിയിൽ പെട്രോളിന്റെയും ഡീസലിന്റെയും വിലകുറയ്ക്കാൻ തയാറായില്ല. വില കുറച്ചിരുന്നെങ്കിൽ നിത്യോപയോഗ സാധനങ്ങളുടെ വില എത്രയോ കുറയുമായിരുന്നു. ഇതിനു പുറമേയാണ് ഒമ്പതു തവണ എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ച് ഏതാണ്ട് ഒരു ലക്ഷം കോടി രൂപ ജനങ്ങളിൽ നിന്ന് തട്ടിയെടുത്തത്. മോദി ഭരണത്തിൽ രാജ്യസുരക്ഷ പോലും ഭദ്രമല്ലായെന്നത് പത്താൻകോട്ട് സൈനിക കേന്ദ്രത്തിൽ ഭീകരർ നുഴിഞ്ഞു കയറിയ സംഭവം വ്യക്‌തമാക്കുന്നു.

ജവഹർലാൽ നെഹ്റു വിഭാവനം ചെയ്തു വിജയകരമായി മുന്നോട്ടുനീക്കിയ ആസൂത്രണ കമ്മീഷൻ പിരിച്ചുവിട്ട് നീതി ആയോഗ് രൂപീകരിച്ചത് ഈ സർക്കാരിന്റെ തലതിരിഞ്ഞ നയങ്ങളുടെ ഭാഗമാണ്. ആസൂത്രണ കമ്മീഷൻ ഇല്ലാതായതോടെ കേന്ദ്ര– സംസ്‌ഥാന സർക്കാരുകൾ തമ്മിലുള്ള സാമ്പത്തിക സന്തുലിതാവസ്‌ഥ ഇല്ലാതായി. കേന്ദ്രാവിഷ്കൃത പദ്ധതികൾ എഴുപതോളം ഉണ്ടായിരുന്നത് മുപ്പത് എണ്ണമായി ചുരുക്കി. സംസ്‌ഥാനത്തിന്റെ കുടിവെള്ള പദ്ധതിയിൽ ലഭിക്കേണ്ട കേന്ദ്രവിഹിതം വെട്ടിക്കുറച്ചു.

മോദിഭരണത്തിൽ കാർഷികമേഖലയും തളർന്നു. കർഷകപക്ഷത്തുനിന്നു യുപിഎ സർക്കാർ കൊണ്ടുവന്ന ഭൂമിയേറ്റെടുക്കൽ നിയമം കോർപറേറ്റുകൾക്ക് അനുകൂലമായി കേന്ദ്രസർക്കാർ ഭേദഗതി ചെയ്തു. റബർകർഷകരെ രക്ഷിക്കുമെന്നു പറഞ്ഞ പ്രധാനമന്ത്രി അനിയന്ത്രിതമായ ഇറക്കുമതി തടയാനോ ന്യായവിലയ്ക്കു റബർ സംഭരണത്തിന് ഒരു രൂപ പോലും തന്നു സംസ്‌ഥാനത്തെ സഹായിക്കാനോ തയാറായില്ല. 1000 കോടി രൂപയുടെ വിലസ്‌ഥിരതാ ഫണ്ട് കേന്ദ്രസർക്കാരിന്റെ പക്കലുള്ളപ്പോഴാണ് ഈ സമീപനം.


കർഷകരോട് ഇത്രയും ക്രൂരത കാട്ടിയ കാലമില്ല. പാമോയിലിന്റെ അനിയന്ത്രിതമായ ഇറക്കുമതിമൂലം നാളികേരകർഷകർ ദുരിതത്തിലാണ്. ഏലം, കാപ്പി, തേയില, കുരുമുളക് കർഷകരെയും തിരിഞ്ഞുനോക്കിയില്ല.

തീരദേശമേഖലയെ തകർക്കാൻ കടലിനെയും കടലോരങ്ങളെയും കോർപറേറ്റുകൾക്ക് പണയപ്പെടുത്തുന്നു. ജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് മീനാകുമാരി റിപ്പോർട്ട് മരവിപ്പിച്ചെങ്കിലും ഡോ. അയ്യപ്പൻ കമ്മിറ്റി രൂപവത്കരിച്ചിരിക്കുകയാണ്. തീരദേശ സംസ്‌ഥാനങ്ങളുടെയോ, മത്സ്യത്തൊഴിലാളികളുടെയോ പ്രതിനിധികൾ കമ്മിറ്റിയിലില്ല.

ഭാരതത്തെ വർഗീയഭ്രാന്താലയമാക്കാനാണ് മോദി ശ്രമിക്കുന്നത്. മോദിഭരണത്തിൽ വർഗീയ ഫാസിസ്റ്റുകൾ അഴിഞ്ഞാടുകയാണ്. രാജ്യത്തെ ഫെഡറൽ സംവിധാനത്തെ തകർത്ത് ഏകാധിപത്യശൈലിയാണ് മോദി പിന്തുടരുന്നത്. ആ രീതിയാണ് അരുണാചൽപ്രദേശിലും ഉത്തരാഖണ്ഡിലും നാം കണ്ടത്. ഉത്തരാഖണ്ഡ് വിഷയത്തിൽ കേന്ദ്രത്തിനു കനത്ത പ്രഹരമാണ് സുപ്രീം കോടതി വിധിയിലൂടെ ഉണ്ടായത്.

രാജ്യത്തു ജനദ്രോഹനയങ്ങൾ നടപ്പിലാക്കിയതും വർഗീയഭ്രാന്ത് വളർത്തിയെടുക്കാൻ ശ്രമിക്കുന്നതും പ്രാകൃതമായ ഒരു കാലത്തേക്കു ഭാരതത്തെ തിരിച്ചു കൊണ്ടുപോകാൻ ശ്രമിച്ചുവരുന്നു എന്നതുമാണു മോദി ഭരണത്തിന്റെ ബാക്കിപത്രം. ഇതിനെതിരേ രാജ്യവ്യാപകമായ പ്രതിഷേധം ഉയർത്തി മോദിസർക്കാരിന്റെ ജനദ്രോഹ പ്രവർത്തനങ്ങളെ പരാജയപ്പെടുത്തുന്നതിന് എല്ലാ ജനാധിപത്യ മതേതരത്വ വിശ്വാസികളും മുന്നോട്ടുവരണമെന്ന് വി.എം. സുധീരൻ അഭ്യർഥിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.