ഡീസൽ വാഹനങ്ങൾക്കെതിരായ വിധി: പൊതുതാത്പര്യ ഹർജി നൽകി
ഡീസൽ വാഹനങ്ങൾക്കെതിരായ വിധി: പൊതുതാത്പര്യ ഹർജി നൽകി
Wednesday, May 25, 2016 12:29 PM IST
കൊച്ചി: പത്തു വർഷത്തിലേറെ പഴക്കമുള്ള ഡീസൽ വാഹനങ്ങൾ കേരളത്തിലെ പ്രമുഖ നഗരങ്ങളിൽ ഓടുന്നതു വിലക്കിയ നടപടി റദ്ദാക്കാൻ ദേശീയ ഹരിത ട്രൈബ്യൂണലിനോട് ആവശ്യപ്പെടണമെന്നു ചൂണ്ടിക്കാട്ടി അഡ്വ. എം.എൽ. ജോർജ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകി. 2000 സിസിക്കു മുകളിലുള്ള ഡീസൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ തടഞ്ഞതും ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്.

സംസ്‌ഥാന സർക്കാരുൾപ്പെടെയുള്ള എതിർ കക്ഷികളെ കേൾക്കാതെയും ഇവർക്ക് നോട്ടീസ് നൽകാതെയുമുള്ള വിധിയാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ സർക്യൂട്ട് ബെഞ്ച് പുറപ്പെടുവിച്ചത്. കേരളത്തിൽ പൊതുഗതാഗതത്തിന് ബദൽ സംവിധാനം ഒരുക്കാൻ ബാധ്യതയുള്ള സർക്കാരിനെയും കെഎസ്ആർടിസിയെയും സർക്യൂട്ട് ബെഞ്ച് പരിഗണിച്ചില്ല. എതിർ കക്ഷികളെ കേൾക്കാതെയുള്ള വിധി നിയമപരമല്ല. ഹരിത ട്രൈബ്യൂണൽ ഉത്തരവ് മോട്ടോർ വാഹന നിയമത്തിലെ വ്യവസ്‌ഥകൾക്ക് വിരുദ്ധമാണ്. പൊതു ഗതാഗത സംവിധാനത്തെ ഗുരുതരമായി ബാധിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് പ്രത്യാഘാതങ്ങൾ ട്രൈബ്യൂണൽ കണക്കിലെടുത്തില്ല. ചെന്നൈ, ഹൈദരാബാദ്, മുംബൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലെല്ലാം വാഹനങ്ങളിൽ നിന്നുള്ള പുക കാരണമുള്ള അന്തരീക്ഷ മലിനീകരണം പ്രശ്നമാണ്. ഈ സാഹചര്യത്തിൽ രാജ്യത്തൊട്ടാകെ പൊതുവായ ഒരു നയമാണ് ഇക്കാര്യത്തിൽ വേണ്ടതെന്നും ഹർജിയിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.