ടി.ഒ. സൂരജിന്റെ സ്വത്ത് മരവിപ്പിക്കൽ: ഉത്തരവിന്റെ കാലാവധി നീട്ടാൻ വിജിലൻസ് കോടതിയെ സമീപിച്ചേക്കും
ടി.ഒ. സൂരജിന്റെ സ്വത്ത്  മരവിപ്പിക്കൽ: ഉത്തരവിന്റെ കാലാവധി നീട്ടാൻ വിജിലൻസ് കോടതിയെ സമീപിച്ചേക്കും
Wednesday, May 25, 2016 12:24 PM IST
കൊച്ചി: പൊതുമരാമത്ത് മുൻ സെക്രട്ടറിയായിരുന്ന ടി. ഒ. സൂരജിെൻറ സ്വത്തു വകകൾ മരവിപ്പിച്ച ഉത്തരവ് നീട്ടണമെന്നാവശ്യപ്പെട്ടു വിജിലൻസ് കോടതിയെ സമീപിച്ചേക്കും. അനധികൃത സ്വത്ത് സമ്പാദന കേസിൽ കഴിഞ്ഞ വർഷമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി സൂരജിെൻറ കോടികളുടെ ക്രയവിക്രയം തടഞ്ഞത്. ഈ ഉത്തരവ് പുറത്തുവന്ന് ഒരു വർഷം പൂർത്തിയായ സാഹചര്യത്തിലാണ് ഉത്തരവിന്റെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് അപേക്ഷ സമർപ്പിക്കാൻ വിജിലൻസ് തയാറെടുക്കുന്നത്.

എറണാകുളം ജില്ലാ ഗവൺമെന്റ് പ്ലീഡർ വഴിയാവും വിജിലൻസ് കോടതിയിൽ അപേക്ഷ നൽകുക. എറണാകുളം, ഇടുക്കി, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഒരു കോടിയിലേറെ വിലവരുന്ന സ്വത്തുവകകളാണു കഴിഞ്ഞ വർഷം വിജിലൻസിെൻറ അപേക്ഷ പ്രകാരം പ്രിൻസിപ്പൽ സെഷൻസ് കോടതി മരവിപ്പിച്ചത്.


സ്വന്തം പേരിൽ സ്വത്തുവകകൾ വാങ്ങാതെ ഭാര്യയുടെയും മക്കളുടെയും പേരിൽ എറണാകുളം കലൂർ ഫ്രീഡം റോഡ്, വെണ്ണല, വാഴക്കാല, ഇടക്കൊച്ചി, എളമക്കര, ഇടപ്പള്ളി, പീരുമേട്, കൊടുങ്ങല്ലൂർ, ആലുവ ഈസ്റ്റ് എന്നിവിടങ്ങളിൽ വാങ്ങിക്കൂട്ടിയ ഏക്കർകണക്കിന് സ്‌ഥലത്തിന്റെയും കെട്ടിടങ്ങളുടെയും തുടർ നടപടികളാണ് കോടതി തടഞ്ഞുവച്ചിരിക്കുന്നത്. വിജിലൻസ് കോടതിയുടെ അന്തിമ ഉത്തരവ് വരുന്നതുവരെ സ്വത്തുവകകൾ ഉപയോഗിക്കാമെങ്കിലും വിൽപന നടത്തുന്നതിലാണ് വിലക്കുള്ളത്. 2004 ജനുവരി ഒന്നു മുതൽ 2014 ഒക്ടോബർ 31 വരെയാണ് സൂരജ് അനധികൃത സ്വത്ത് സമ്പാദനം നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.