കെഎസ്ആർടിസി ഹിതപരിശോധന: കെഎസ്ആർടിഇഎക്ക് 48.52 ശതമാനം വോട്ട്
Wednesday, May 25, 2016 12:24 PM IST
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ അംഗീകൃത സംഘടനകളെ തെരഞ്ഞെടുക്കാനുള്ള ഹിതപരിശോധനയിൽ കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷന് –സിഐടിയു– വിജയം. 48.52 ശതമാനം വോട്ട് നേടി കെഎസ്ആർടിഇഎ പ്രിൻസിപ്പൽ ബാർഗൈനിംഗ് ഏജന്റായി തെരഞ്ഞെടുക്കപ്പെട്ടു.

എറണാകുളം കളക്ടറേറ്റിലാണ് വോട്ടെണ്ണൽ നടന്നത്. ആകെയുള്ള 39605 വോട്ടിൽ 38145 വോട്ടാണ് പോൾ ചെയ്തത്. ഇതിൽ 18508 വോട്ട് നേടി കെഎസ്ആർടിഇഎ ഒന്നാമതെത്തി.

ടിഡിഎഫ് 10302 വോട്ടും –27.01 ശതമാനം, എഐടിയുസി 3606 വോട്ടും –9.45 ശതമാനം, ബിഎംഎസ് 3168 വോട്ടും –8.31 ശതമാനം, വെൽഫയർ അസോസിയേഷൻ 2466 വോട്ടും –6.46 ശതമാനം നേടി. 93 വോട്ടുകൾ അസാധുവായി.


കെഎസ്ആർടിഇഎയ്ക്ക് കഴിഞ്ഞ വർഷത്തേക്കാൾ വോട്ട് വർധിച്ചു. 48.9 ശതമാനം വോട്ടാണ് കഴിഞ്ഞവർഷം കെഎസ്ആർടിഇഎയ്ക്ക് ലഭിച്ചത്. കഴിഞ്ഞ വർഷം 37.9 ശതമാനം വോട്ട് ലഭിച്ച സ്‌ഥാനത്ത് ടിഡിഎഫിന് ഇത്തവണ 27.01 ശതമാനം വോട്ടേ ലഭിച്ചുള്ളൂ. കഴിഞ്ഞ വർഷം 9.78 ശതമാനം വോട്ട് ലഭിച്ച എഐടിയുസിക്ക് ഈ വർഷം 9.45 ശതമാനം വോട്ടാണ് ലഭിച്ചത്.

കെഎസ്ആർടിഇഎയുടെ വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് ഇന്നു ജീവനക്കാർ എല്ലാ യൂണിറ്റുകളിലും പ്രകടനം നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.