ഹൗസിംഗ് ബോർഡിന്റെ ഫ്ളാറ്റ് വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതു തടഞ്ഞു
Wednesday, May 25, 2016 12:24 PM IST
കൊച്ചി: കൊല്ലം ചിന്നക്കടയിലെ ഹൗസിംഗ് ബോർഡിന്റെ ഫ്ളാറ്റ് (ഹൗസിംഗ് അക്കോമഡേഷൻ സൈറ്റ് രണ്ട് )വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. കൊല്ലം ചിന്നക്കട ഡാർലീൻ കാർമലീത്ത ഡിക്രൂസ് ഉൾപ്പെടെ സമർപ്പിച്ച ഹർജിയിലാണു ജസ്റ്റീസ് ഷാജി പി. ചാലിയുടെ ഉത്തരവ്.

ജനങ്ങൾക്കു താമസിക്കുന്നതിനായി നിർമിക്കപ്പെടുന്ന ഫ്ളാറ്റുകൾ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയണമെന്നു ഹൗസിംഗ് ആക്ടിലും അനുബന്ധ ചട്ടങ്ങളിലും വ്യക്‌തമാക്കിയിട്ടുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. വിലയാധാരത്തിലെ വ്യവസ്‌ഥകൾക്കു വിരുദ്ധമായി നടപടികൾ സ്വീകരിക്കാനാവില്ലെന്നും താമസ സൗകര്യത്തിനു രൂപകത്പന ചെയ്തിരിക്കുന്ന ഫ്ളാറ്റുകൾ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ഫ്ളാറ്റുകൾ വാണിജ്യാവശ്യങ്ങൾക്ക് നൽകുന്നത് സുരക്ഷയെയും സ്വകാര്യതയേയും ബാധിക്കുമെന്ന ഹർജിയിലെ വാദം തള്ളാനാവില്ല. ഈ സാഹചര്യത്തിൽ രണ്ടു മാസത്തിനുള്ളിൽ ഹൗസിംഗ് അക്കോമഡേഷൻ സൈറ്റ് രണ്ട് ഫ്്ളാറ്റിൽ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവരെ ഒഴിവാക്കണമെന്നും ആവശ്യമെങ്കിൽ പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സഹായം തേടണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.