അഭ്യൂഹം തിരക്കഥ രചിച്ച വ്യാജവാർത്ത ക്ലൈമാക്സിൽ ശുഭം
അഭ്യൂഹം തിരക്കഥ രചിച്ച വ്യാജവാർത്ത ക്ലൈമാക്സിൽ ശുഭം
Wednesday, May 25, 2016 12:24 PM IST
തൊടുപുഴ: സിനിമാ നടനും എംപിയുമായ ഇന്നസെന്റിന് ഷൂട്ടിംഗിനിടെ അപകടം സംഭവിച്ചെന്ന അഭ്യൂഹം കാട്ടുതീ പോലെ പരന്നു. ഇന്നലെ രാവിലെ ഒൻപതോടെയാണ് തൊടുപുഴയിലെ ഷൂട്ടിംഗ് ലോക്കേഷനിൽ അപകടത്തിൽപ്പെട്ട് ഗുരുതരാവസ്‌ഥയിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നസെന്റിനെ പ്രവേശിപ്പിച്ചതായി വിവരം പരക്കുന്നത്. ഈ സമയം സത്യപ്രതിജ്‌ഞയിൽ പങ്കെടുക്കാൻ തൊടുപുഴയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു ഇന്നസെന്റ്.

ജോസ് തോമസ് സംവിധാനം ചെയ്യുന്ന ‘വെള്ളക്കടുവ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് നാലു ദിവസമായി തൊടുപുഴയിലുണ്ടായിരുന്നു ഇന്നസെന്റ്. ഇതിനിടെ കുഴഞ്ഞു വീഴുകയായിരുന്നുവെന്നും അതല്ല അപകടം സംഭവിച്ചതായും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നുമാണ് വാർത്ത പരന്നത്.

രാവിലെ 10 ഓടെ ഫോൺ വിളികളിലൂടെയും മിക്കവരുടെയും വാട്ട്സാപ്പ് ഗ്രൂപ്പുകളിലും അഭ്യൂഹം പരന്നു. കേട്ടവർ മറ്റുള്ളവരിലേക്ക് വിവരം കൈമാറിയതോടെ എല്ലാ ജില്ലകളിൽ നിന്നും തൊടുപുഴയിലെ പത്ര ഓഫിസുകളിലേക്ക് ഫോൺ വിളിയുടെ പ്രവാഹമായി.


ആശുപത്രികളിലേക്ക് ഈ വാർത്ത അന്വേഷിച്ച് നൂറോളം ഫോൺ വിളികൾ വന്നതായി ആശുപത്രി അധികൃതരും പറഞ്ഞു. അഭ്യൂഹം പരന്നതോടെ തൊടുപുഴയിലെ മാധ്യമ പ്രവർത്തകൾ സിനിമാ പ്രവർത്തകരൊട് വിവരം അന്വേഷിച്ചു.

എന്നാൽ തൊടുപുഴയിലെ സിനിമാ സെറ്റിൽ നിന്ന് രാവിലെ തന്നെ പുറപ്പെട്ടതായും എന്താണ് കാര്യമെന്നും ഇവർ അന്വേഷിച്ചു. സംഭവത്തെക്കുറിച്ച് ചോദിച്ചതോടെ ഇവരും പരിഭ്രാന്തിയിലായി.

ഈ സമയം ആശുപത്രിക്ക് മുന്നിലും നിരവധി പേർ വിവരം കേട്ടെത്തി. ഒടുവിൽ 11.30 ഓടെ മാധ്യമ പ്രവർത്തകർ ഇന്നസെന്റ് എംപിയുടെ ഫോണിൽ അന്വേഷിച്ചപ്പോൾ തിരുവനന്തപുരത്തേയ്ക്ക് എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്‌ഞ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതായി വിവരം ലഭിച്ചതോടെയാണ് അഭ്യൂഹം കഥയും തിരക്കഥയും രചിച്ച വ്യാജ വാർത്തയ്ക്ക് തിരശീല വീണത്.
താൻ അപകടത്തിൽ പെട്ട് മരിച്ചോ എന്നറിയാൻ കുറേ കോളുകൾ വന്നതായും എംപി പറഞ്ഞു.

മുൻകാലങ്ങളിലും ഇത്തരം സിനിമാ താരങ്ങളെയും പ്രമുഖകരെയും കുറിച്ചുള്ള വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.