ഡോക്ടർമാർക്കുളള അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു
Wednesday, May 25, 2016 12:19 PM IST
തിരുവനന്തപുരം: ഡോക്ടർമാർക്കുളള സംസ്‌ഥാന സർക്കാരിന്റെ 2015 ലെ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. ആരോഗ്യവകുപ്പ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ്, ഇൻഷ്വറൻസ് മെഡിക്കൽ സർവീസ്, സഹകരണ, സ്വതന്ത്ര സ്‌ഥാപനങ്ങൾ, സ്വകാര്യ മേഖല എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് വെവ്വേറെ അവാർഡുകളും സംസ്‌ഥാനത്തെ പൊതുമേഖലയിലെ മികച്ച ഡോക്ടർമാർക്ക് ഓരോരുത്തർക്കും 15000 രൂപയും മെറിറ്റ് സർട്ടിഫിക്കറ്റും വിതരണം ചെയ്യും.

ആരോഗ്യവകുപ്പ് സെക്രട്ടറി ചെയർമാനും ആരോഗ്യ വകുപ്പ് ഡയറക്ടർ കൺവീനറുമായുളള വിദഗ്ധ കമ്മിറ്റിയായിരിക്കും അവാർഡുകൾ നിശ്ചയിക്കുന്നത്. വ്യക്‌തികൾ, അസോസിയേഷൻ, സന്നദ്ധ സംഘടനകൾ, വകുപ്പുകൾ എന്നിവയ്ക്ക് മികച്ച ഡോക്ടർമാരുടെ പേരുകൾ നിർദേശിക്കാം. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഇഎസ്ഐ എന്നിവിടങ്ങളിൽ നിന്നുളള അപേക്ഷകൾ അതത് വകുപ്പ് അധ്യക്ഷൻമാർക്കും മറ്റുളള അപേക്ഷകൾ ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും സമർപ്പിക്കണം.


അതതു സ്പെഷാലിറ്റികളിൽ കുറഞ്ഞത് 10 വർഷത്തെ സേവനം പൂർത്തിയാക്കിയവർ മാത്രമേ അപേക്ഷിക്കാൻ പാടുളളു. അപേക്ഷയോടൊപ്പം മറ്റ് അനുബന്ധ രേഖകളുടെയും അഞ്ച് കോപ്പികൾ വീതം സമർപ്പിക്കണം. തെറ്റായ രേഖകൾ സമർപ്പിക്കുന്നവരുടെ അപേക്ഷകൾ കമ്മിറ്റി നിരസിക്കും. നിബന്ധനകളും മറ്റു വിവരവും എല്ലാ ജില്ലാ മെഡിക്കൽ ഓഫീസുകളിലും ഇഎസ്ഐ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിലും കൂടാതെ ആരോഗ്യ കേരളം വെബ്സൈറ്റിലും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വെബ്സൈറ്റിലും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ ആറ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.