രക്‌തസാക്ഷികളുടെ സ്മരണയിൽ നിയുക്‌ത മുഖ്യമന്ത്രിയും മന്ത്രിമാരും
രക്‌തസാക്ഷികളുടെ സ്മരണയിൽ നിയുക്‌ത മുഖ്യമന്ത്രിയും മന്ത്രിമാരും
Tuesday, May 24, 2016 12:35 PM IST
<ആ>സ്വന്തം ലേഖകൻ

ആലപ്പുഴ: വലിയചുടുകാട്ടിലെയും വയലാറിലെയും രക്‌തസാക്ഷി മണ്ഡപത്തിനു മുമ്പിൽ പുഷ്പചക്രവുമായി നിൽക്കുമ്പോൾ നിയുക്‌തമുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എംഎൽഎമാരുടെയും മനസിലേക്കു ഓർമകൾ അലതല്ലിയെത്തി–വാരിക്കുന്തവുമായി സമരരംഗത്ത് സജീവമായിരുന്നു മുൻതലമുറയുടെ ഓർമകൾ. ചിലർക്കത് കേട്ടുകേൾവിയുടേതായിരുന്നെങ്കിൽ ചിലർക്കത് പരിചിതരുടെ ഓർമകളായിരുന്നു. പൂർവിക സ്മരണയിൽ പുഷ്പചക്രങ്ങൾ അർപ്പിച്ച് മുഷ്‌ടികൾ ചുരുട്ടി ആകാശേത്തക്കുയർത്തിയപ്പോൾ അണികളുടെ കണ്ഠത്തിൽ നിന്നും ഇങ്ക്വിലാബ് വിളികളുയർന്നു. നേതാക്കളെ കാണാൻ അണികളുടെ വൻ തിരക്കായിരുന്നു.

ഇടതുമന്ത്രിസഭ സത്യപ്രതിജ്‌ഞ ചെയ്യുന്നതിനു മുമ്പ് പുന്നപ്രയിലും വയലാറിലുമുള്ള രക്‌തസാക്ഷിമണ്ഡപത്തിൽ നടത്താറുള്ള പുഷ്പാർച്ചനയ്ക്ക് ഇക്കുറി നിയുക്‌ത മുഖ്യമന്ത്രിയും സിപിഎമ്മിലെയും സിപിഐയിലെയും മന്ത്രിമാരും ഉണ്ടായിരുന്നുവെന്നതാണ് പ്രത്യേകത. നിയുക്‌ത മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മന്ത്രിമാരായ ഇ.പി. ജയരാജൻ, എ.കെ. ബാലൻ, ഡോ. തോമസ് ഐസക്, ജെ. മേഴ്സിക്കുട്ടിയമ്മ, കെ.കെ. ഷൈലജ, എ.സി. മൊയ്തീൻ, പ്രഫ. സി. രവീന്ദ്രനാഥ്, ഇ. ചന്ദ്രശേഖരൻ, ജി. സുധാകരൻ, പി. തിലോത്തമൻ, കടകംപള്ളി സുരേന്ദ്രൻ, എ.സി. മൊയ്തീൻ, കെ.ടി. ജലീൽ, ടി.പി. രാമകൃഷ്ണൻ, വി.എസ്. സുനിൽകുമാർ, അഡ്വ. കെ. രാജു, സ്പീക്കർ സ്‌ഥാനാർഥി പി. ശ്രീരാമകൃഷ്ണൻ, ഡപ്യൂട്ടി സ്പീക്കർ സ്‌ഥാനാർഥി വി. ശശി, എംഎൽഎമാരായ അഡ്വ. യു. പ്രതിഭാഹരി, ആർ. രാജേഷ്, എ.എം. ആരിഫ്, കെ.കെ. രാമചന്ദ്രൻനായർ തുടങ്ങിയവരും രക്‌തസാക്ഷി മണ്ഡപത്തിലെത്തിയിരുന്നു. പുന്നപ്രയിലും വയലാറിലും പുഷ്പാർച്ചനയ്ക്കു ശേഷം യോഗവും ചേർന്നു. നിയമത്തിന്റെ കരങ്ങൾ കൂടുതൽ ശക്‌തമാക്കുമെന്നു നിയുക്‌ത മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴ വലിയചുടുകാട്ടിൽ രക്‌തസാക്ഷിമണ്ഡപത്തിൽ നടന്ന യോഗത്തിൽ പറഞ്ഞു. എൽഡിഎഫ് സർക്കാർ പ്രതികാര നടപടികൾക്കുവേണ്ടി മാത്രമുള്ള സർക്കാരല്ല. നാടിന്റെ സ്വൈരവും സമാധാനവും തിരികെ വരണമെന്നു ജനം ആഗ്രഹിക്കുന്നതായും പിണറായി പറഞ്ഞു.


അശരണർക്കും നിരാലംബർക്കുംവേണ്ടിയുള്ള വിധിയാണു ജനവിധി. പരമ്പരാഗത വ്യവസായങ്ങളുടെ പുനരുദ്ധാരണം, സ്ത്രീ സുരക്ഷ, കാലാനുസൃതവികസനം, തൊഴിലില്ലായ്മ, വിദ്യാഭ്യാസ തകർച്ച, വർഗീയത എന്നിവയ്ക്കെതിരേയുള്ള വിധിയാണ് ജനം നടപ്പിലാക്കിയത്.

അഞ്ചുവർഷക്കാലം നിത്യോപയോഗ സാധനങ്ങൾക്കു വില കയറില്ലായെന്ന എൽഡിഎഫിന്റെ പ്രഖ്യാപനം നടപ്പാക്കാനുള്ള വിധി കൂടിയാണ് നടന്നതെന്നും പിണറായി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.