ബിജെപി ഭീഷണി തന്നെ; യുഡിഎഫ് കണ്ടെത്തുന്നു
ബിജെപി ഭീഷണി തന്നെ; യുഡിഎഫ് കണ്ടെത്തുന്നു
Tuesday, May 24, 2016 12:35 PM IST
തിരുവനന്തപുരം: തെരഞ്ഞെടുപ്പു പരാജയത്തിന്റെ കാര്യകാരണങ്ങളിലേക്കു വിശദമായി കടന്നില്ലെങ്കിലും യുഡിഎഫ് നേതൃത്വം ആത്മപരിശോധന തുടങ്ങി. ബിജെപി ഉയർത്തുന്ന ഭീഷണിയെ ചെറുതായി കാണരുതെന്ന പൊതുചിന്തയാണ് ഇന്നലെ ചേർന്ന യുഡിഎഫ് നേതൃയോഗത്തിൽ ഉയർന്നുവന്നത്. അഴിമതി പ്രധാന വിഷയമായി തെരഞ്ഞെടുപ്പു രംഗത്ത് ഉയർന്നുവന്നുവെന്നും ഇതിനെ പ്രതിരോധിക്കാൻ യുഡിഎഫിനു സാധിച്ചില്ല എന്നുമുള്ള വിലയിരുത്തലും യോഗത്തിലുണ്ടായി.

എൻഡിഎ എന്ന നിലയിൽ ബിജെപി മുന്നണി നടത്തിയ മുന്നേറ്റത്തിൽ വലിയ നഷ്‌ടമുണ്ടായത് യുഡിഎഫിനാണെന്ന കാര്യത്തിൽ നേതാക്കൾ ഏകാഭിപ്രായക്കാരായിരുന്നു. ഇരുമുന്നണികൾക്കുമായി നൂറു വോട്ട് നഷ്‌ടപ്പെട്ടപ്പോൾ അതിൽ എൺപതും യുഡിഎഫിന്റേതായിരുന്നു എന്നാണു നേതാക്കൾ ചൂണ്ടിക്കാട്ടിയത്. ഇതു മുൻകൂട്ടി മനസിലാക്കുന്നതിൽ മുന്നണി പരാജയപ്പെട്ടു. ബിജെപിയുടെ വളർച്ചയെ ചെറുതായി കാണരുതെന്ന് കെ.എം. മാണിയും സി.പി. ജോണും പറഞ്ഞു.

വർഗീയതയ്ക്കെതിരേ പ്രസംഗിച്ച് ന്യൂനപക്ഷങ്ങൾക്കു സംരക്ഷണം നൽകാൻ തങ്ങൾക്കേ കഴിയൂ എന്നു ബോധ്യപ്പെടുത്തുന്നതിൽ ഇടതുപക്ഷം വിജയിച്ചു എന്ന് പി.കെ. കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ലീഗിന്റെ സംഘടനാബലം കൊണ്ട് തങ്ങളുടെ മേഖലകളിൽ ന്യൂനപക്ഷവോട്ടുകളുടെ ഒഴുക്കിനു കുറെയൊക്കെ തടയിടാൻ സാധിച്ചതായി കെ.പി.എ. മജീദ് ചൂണ്ടിക്കാട്ടി. എന്നാൽ, യുഡിഎഫിന് മൊത്തത്തിൽ അത്രയും സംഘടനാബലമുണ്ടായില്ല. കേരളത്തിലെമ്പാടും വ്യാപകമായി നടക്കുന്ന അക്രമപ്രവർത്തനങ്ങളും യോഗം ഉത്കണ്ഠയോടെയാണു വീക്ഷിച്ചത്. ബിജെപിയെ നേരിടാൻ സിപിഎമ്മിനും സിപിഎമ്മിനെ നേരിടാൻ ബിജെപിക്കുമേ സാധിക്കൂ എന്ന ചിന്ത പ്രബലമായാൽ അതു യുഡിഎഫിന്റെ രാഷ്ട്രീയ നിലനിൽപ്പിനു തന്നെ അപകടം ചെയ്യുമെന്നും നേതാക്കൾ വിലയിരുത്തി.

വികസനവും കരുതലും എന്ന മുദ്രാവാക്യം വേണ്ടവിധത്തിൽ ജനങ്ങൾ ഏറ്റെടുത്തില്ലെന്ന് ഉമ്മൻ ചാണ്ടി സമ്മതിച്ചു. കരുതലിന്റെ ആനുകൂല്യം ലഭിച്ചവർ പോലും മുന്നണിയെ പിന്തുണച്ചില്ലെന്ന എൻ.കെ. പ്രേമചന്ദ്രന്റെ അഭിപ്രായവും ഉമ്മൻ ചാണ്ടി ശരിവച്ചു. മദ്യനയം ഉദ്ദേശിച്ച ഗുണം ചെയ്തില്ലെന്ന അഭിപ്രായമുണ്ടായി. ഇതിന്റെ പേരിൽ പിന്തുണയ്ക്കുമെന്നു കരുതിയവർപോലും പിന്തുണച്ചില്ലെന്നു നേതാക്കൾ ചൂണ്ടിക്കാട്ടി. മദ്യനയം ഗുണം ചെയ്തിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ അഭിപ്രായപ്പെട്ടു. എന്നാൽ, മറ്റു വിഷയങ്ങൾ വന്നപ്പോൾ മുന്നണിക്കു തിരിച്ചടിയുണ്ടായി.


എൽഡിഎഫ് പല മണ്ഡലങ്ങളിലും മുസ്്ലിം കുടുംബയോഗങ്ങൾ വിളിച്ചുകൂട്ടി വർഗീയത പറഞ്ഞു വോട്ടു പിടിക്കുകയായിരുന്നു എന്നു പല നേതാക്കളും ചൂണ്ടിക്കാട്ടി.

വർഗീയത ഇളക്കിവിട്ടു വോട്ടു പിടിക്കുകയും പിന്നീട് വർഗീയ വിരുദ്ധ നിലപാടു കൈക്കൊള്ളുകയുമാണു ചെയ്തത്. വർഗീയ കാർഡ് ഇറക്കി പല യുഡിഎഫ് നേതാക്കളെയും എൽഡിഎഫ് വ്യക്‌തിഹത്യ നടത്തി. ഇതിനെയൊന്നും വേണ്ടവിധത്തിൽ പ്രതിരോധിക്കാനായില്ല.

സർക്കാരിന്റെ അവസാനനാളുകളിലെ വിവാദ ഉത്തരവുകൾ അഴിമതി നടന്നു എന്ന ചിന്ത സാധാരണക്കാരുടെ ഇടയിൽ വളർത്താൻ ഇടയാക്കിയെന്ന് ജോണി നെല്ലൂർ അഭിപ്രായപ്പെട്ടു. ജനപക്ഷത്തു നിന്നു പറഞ്ഞതാണെങ്കിലും ഇതിനെതിരേ കെപിസിസി പ്രസിഡന്റും വൈസ് പ്രസിഡന്റും സ്വീകരിച്ച നിലപാടുകളും ഈ ചിന്ത ബലപ്പെടുത്താനേ ഉപകരിച്ചുള്ളൂ എന്നും ജോണി നെല്ലൂർ പറഞ്ഞു.

ബിജെപിയുടെയും എൽഡിഎഫിന്റെയും പണാധിപത്യത്തിനു മുന്നിൽ യുഡിഎഫ് സ്‌ഥാനാർഥികൾ നിസഹായരായി എന്ന് ജോയി ഏബ്രഹാം എംപി പറഞ്ഞു. യുഡിഎഫ് രണ്ടായിരം വോട്ടിൽ താഴെ പരാജയപ്പെട്ട മണ്ഡലങ്ങളിൽ മെച്ചപ്പെട്ട സംഘടനാ പ്രവർത്തനം നടന്നിരുന്നെങ്കിൽ വിജയിക്കാവുന്നതായിരുന്നു എന്ന് പി.ജെ. ജോസഫ് ചൂണ്ടിക്കാട്ടി. ഉടുമ്പൻചോലയും പീരുമേടും ഇതിന് ഉദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

തിരിച്ചടി ചെറുതല്ലെങ്കിലും യുഡിഎഫിന്റെ അടിത്തറയ്ക്കു കോട്ടമൊന്നും പറ്റിയിട്ടില്ലെന്ന പൊതുവിലയിരുത്തലാണുണ്ടായിട്ടുള്ളത്. അടുത്ത ആറുമാസത്തിനുള്ളിൽ മുന്നണിയെ ശക്‌തമായ നിലയിലേക്ക് എത്തിക്കണമെന്നും നേതാക്കൾ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.