കെ.സി. മാത്യു അന്തരിച്ചു
കെ.സി. മാത്യു അന്തരിച്ചു
Tuesday, May 24, 2016 12:35 PM IST
കൊച്ചി: മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ കെ.സി. മാത്യു (92) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഇന്നലെ രാവിലെ 7.45നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ വൈകുന്നേരം നാലിന് ആലപ്പുഴ പുന്നപ്രയിലെ വലിയചുടുകാട്ടിൽ നടക്കും. ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ ആസൂത്രകൻ എന്ന നിലയിൽ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ ശ്രദ്ധേയനായ കെ.സി. മാത്യു മുൻനിര ട്രേഡ് യൂണിയൻ നേതാവുമായിരുന്നു.

മൃതദേഹം നാളെ രാവിലെ ഒമ്പതു മുതൽ 11.30 വരെ ഇടപ്പള്ളി ഉണിച്ചിറയിലെ വസതിയിലും തുടർന്ന് 12 മുതൽ രണ്ടുവരെ സി പിഐ ജില്ലാ കൗൺസിൽ ഓഫീസിലും പൊതുദർശനത്തിനു വ യ്ക്കും. ദീർഘനാളായി വീട്ടിൽ വിശ്രമത്തിലായിരുന്നു. വീട്ടുമുറ്റത്ത് തെന്നിവീണതിനെത്തുടർന്ന് ഒരു മാസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലയ്ക്കേറ്റ ക്ഷതം അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കി. ശസ്ത്രക്രിയ നടത്തിയെങ്കിലും അണുബാധയെത്തുടർന്ന് രോഗം കൂടുതൽ വഷളായി.

പെരുമ്പടന്നയിൽ കുളങ്ങര മുണ്ടോപ്പാടത്ത് ചാക്കോയുടെയും കോലഞ്ചേരി തേനുങ്കൽ സാറാമ്മയുടെയും മൂത്ത മകനായി 1924 സെപ്റ്റംബർ എട്ടിനായിരുന്നു ജനനം. പെരുമ്പാവൂരിലെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഇന്റർമീഡിയറ്റിന് മദ്രാസ് ക്രിസ്ത്യൻ കോളജിൽ ചേർന്നു. ആലുവ യുസി കോളജിൽ ഉപരിപഠനം നടത്തി. അവിടെവച്ച് കമ്യൂണിസ്റ്റ് പാർട്ടി കൊച്ചി കമ്മിറ്റിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു.


1950 ഫെബ്രുവരി 28നു നടന്ന ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണക്കേസിലെ ഒന്നാം പ്രതിയായിരുന്നു കെ.സി. മാത്യു. പോലീസ് അറസ്റ്റ്ചെയ്ത എൻ.കെ. മാധവൻ, കെ.എ. വറുതുട്ടി എന്നിവരെ മോചിപ്പിക്കാനായി കെ.സി. മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ രണ്ടു പോലീസുകാരും രണ്ടു സമരക്കാരും മരിച്ചു. വിവിധ കേസുകളിലായി ഒൻപതു വർഷത്തോളം ജയിൽശിക്ഷ അനുഭവിച്ചു. ഇന്ത്യ–ചൈന യുദ്ധകാലത്തും ആറു മാസത്തോളം ജയിൽവാസമനുഭവിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനുശേഷം സിപിഐയ്ക്കൊപ്പം നിന്നു.

ഹംഗറിയുടെ തലസ്‌ഥാനമായിരുന്ന ബുഡാപെസ്റ്റിൽ ട്രാൻസ്പോർട്ട് തൊഴിലാളികളുടെ ലോകസംഘടനയായ ട്രേഡ് യൂണിയൻ ഇന്റർനാഷണൽ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്സിന്റെ സെക്രട്ടറി ജനറലായി ആറു വർഷം പ്രവർത്തിച്ചു. സിപിഐ ദേശീയ കൗൺസിൽ അംഗമായിരുന്നു. ഒരു തവണ വടക്കേക്കരയിൽനിന്നു നിയമസഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

ഏലൂർ മഞ്ഞുമ്മൽ ഉഴുന്നുകാട്ടിൽ അഗസ്റ്റിൻ–ത്രേസ്യ ദമ്പതികളുടെ മകൾ മേരിയാണു ഭാര്യ. മക്കൾ: പാട്രിസ്, മല്ലിക, നിഗാർ. മരുമക്കൾ: സജി, കുര്യാക്കോസ്, പോൾസൺ. സഹോദരങ്ങൾ: കെ.സി. ഏബ്രഹാം (അമേരിക്ക),കെ.സി. രാജൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.