രാഷ്ട്രീയ അതിക്രമങ്ങൾക്ക് അറുതിവരുത്തണം: സുധീരൻ
രാഷ്ട്രീയ അതിക്രമങ്ങൾക്ക് അറുതിവരുത്തണം: സുധീരൻ
Tuesday, May 24, 2016 12:35 PM IST
തിരുവനന്തപുരം: സ്‌ഥാനമേറ്റശേഷം പിണറായി വിജയന്റെ പ്രഥമപരിഗണന സംസ്‌ഥാനത്തു തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം ഉണ്ടായ രാഷ്ട്രീയ അതിക്രമങ്ങൾക്ക് ഉടനടി അറുതിവരുത്തുക എന്നതായിരിക്കണമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

സംസ്‌ഥാന വ്യാപകമായി തന്നെ കോൺഗ്രസ,് യുഡിഎഫ് പ്രവർത്തകർ ആക്രമിക്കപ്പെട്ടു. പിണറായിയിൽ തന്നെ നാല് കോൺഗ്രസ് ഓഫീസുകൾ ഉൾപ്പെടെ കണ്ണൂരിൽ നിരവധി കോൺഗ്രസ് ഓഫീസുകൾക്ക് നേരേ സിപിഎം ആക്രമണമുണ്ടായി.

കരുനാഗപ്പള്ളിയിൽ ഐഎൻടിയുസി. യൂണിറ്റ് സെക്രട്ടറി അൻസാർ ഉൾപ്പെടെ പല കോൺഗ്രസ് പ്രവർത്തകരും ആക്രമിക്കപ്പെട്ടു. കൊട്ടാരക്കരയിൽ കോൺഗ്രസ്, ആർഎസ്പി. ഓഫീസുകൾക്കുനേരെയും ആക്രമണമുണ്ടായി. ഇത്തരം സംഭവങ്ങളിൽ കുറ്റവാളികൾക്കെതിരെ ശക്‌തമായ നടപടി വേണം. ബിജെപി – സിപിഎം. സംഘട്ടനങ്ങൾ വർധിച്ചുവരുന്നതും ആശങ്കയുണ്ടാക്കുന്നു.


സിപിഎമ്മും ബിജെപിയും അണികളെ നിയന്ത്രിക്കണം. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കണം. രാഷ്ട്രീയത്തിന്റെ പേരിൽ ക്രിമിനലുകൾക്ക് അഴിഞ്ഞാടാൻ അവസരമുണ്ടാകരുത്. ജനങ്ങൾക്കു വേണ്ടത് സമാധാന ജീവിതമാണ്. അത് ഉറപ്പുവരുത്താൻ പിണറായി വിജയന് സാധിക്കട്ടെ എന്നാണ് തന്റെ പ്രത്യാശയെന്നും സുധീകരൻ ഫേസ്ബുക്ക് പോസ്റ്റിൽ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന പിണറായി വിജയന് ആശംസകളും കെപിസിസി പ്രസിഡന്റ് ഫേസ്ബുക്കിലൂടെ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.