വരുന്നത് എല്ലാവരുടെയും സർക്കാർ: പിണറായി വിജയൻ
വരുന്നത് എല്ലാവരുടെയും സർക്കാർ: പിണറായി വിജയൻ
Tuesday, May 24, 2016 12:29 PM IST
തിരുവനന്തപുരം: ജാതി, മത വ്യത്യാസമോ കക്ഷിരാഷ്ട്രീയ പരിഗണനയോ ഇല്ലാതെ എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന സർക്കാരാകും ഇന്നു സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേൽക്കുന്നതെന്ന് നിയുക്‌ത മുഖ്യമന്ത്രി പിണറായി വിജയൻ. എ.കെ.ജി സെന്ററിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം സമവായസന്ദേശം മുന്നോട്ടുവച്ചത്.

തെരഞ്ഞെടുപ്പിൽ വിവിധ ചേരികളിലായി വീറും വാശിയോടെയുമുള്ള പോരാട്ടമാണു നടന്നത്. ആ കാലഘട്ടം കഴിഞ്ഞു. ഇനി നാടിന്റെ അഭിവൃദ്ധിയാണു ലക്ഷ്യം. നന്മയുടെയും പുരോഗതിയുടെയും അഭിവൃദ്ധിയുടെയും നാളുകളാണു വരാൻ പോകുന്നത്.

എൽഡിഎഫിനു വോട്ട് ചെയ്തവരെയല്ല, മറിച്ച് വോട്ടെടുപ്പിൽ പങ്കെടുത്ത എല്ലാവരെയുമാണ് തങ്ങൾ ലക്ഷ്യം വയ്ക്കുന്നത്. തിരിച്ചും എല്ലാ വിഭാഗം ജനങ്ങളുടെയും സ്നേഹവും സഹകരണവും പുതിയ സർക്കാർ പ്രതീക്ഷിക്കുകയാണ്.


അഴിമതി എന്നതുകൊണ്ട് എല്ലാ തലങ്ങളിലുമുള്ള അഴിമതിയാണു സർക്കാർ ഉദ്ദേശിക്കുന്നത്. തന്റെ ആളെന്നു പറഞ്ഞ് ആരെങ്കിലും ആരെയെങ്കിലും സമീപിച്ചാൽ അതും അഴിമതിയാണ്. തന്റെ പേരിൽ ചിലർ രംഗത്തിറങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു. പേരു പറയുന്നില്ലെങ്കിലും ആൾക്കു മനസിലായിക്കൊള്ളും. അവർക്കു തന്റെ സ്വഭാവം ശരിക്കും അറിയാത്തതു കൊണ്ടാണിത്.

സത്യപ്രതിജ്‌ഞാചടങ്ങിൽ രക്‌തസാക്ഷികളുടെ കുടുംബാംഗങ്ങൾ, ജനനേതാക്കൾ, മതമേലധ്യക്ഷന്മാർ, വൈദികർ, സാംസ്കാരികനായകർ, സമൂഹത്തിന്റെ ഉന്നതശ്രേണികളിൽ പെട്ടവർ തുടങ്ങി എല്ലാ വിഭാഗങ്ങളിലും പെട്ടവർ പങ്കെടുക്കും. ജനാധിപത്യ പ്രക്രിയയിൽ പങ്കെടുത്ത് വോട്ട് ചെയ്ത എല്ലാവരെയും അഭിവാദ്യം ചെയ്യുന്നതായും പിണറായി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.