കെ. സുധാകരന്റെ വീടിനു സമീപം ആയുധവുമായി യുവാവ് പിടിയിൽ
Tuesday, May 24, 2016 12:24 PM IST
കണ്ണൂർ: കോൺഗ്രസ് നേതാവ് കെ. സുധാകരന്റെ പാറക്കണ്ടിയിലെ വീടിനുസമീപം ആയുധവുമായെത്തിയ യുവാവ് അറസ്റ്റിൽ. തളാപ്പ് അമ്പാടിമുക്ക് സ്വദേശിയും ബിജെപി പ്രവർത്തകനുമായ രജീഷ് എന്ന മെഴുത്തിരി രജീഷാണു പിടിയിലായത്. ഇയാളിൽനിന്ന് ഒരു കഠാര പോലീസ് പിടിച്ചെടുത്തു. ബൈക്കുകളിൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന ചിലർ പോലീസിനെ കണ്ടതോടെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. സംഭവസമയം സുധാകരൻ വീട്ടിലുണ്ടായിരുന്നില്ല. കെപിസിസിയുടെ അവലോകനയോഗത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തായിരുന്നു. അസമയത്തു കെ. സുധാകരന്റെ വീടിനു സമീപം ബൈക്കുകൾ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നതും വീടിന്റെ ഗേറ്റ് കുലുക്കുന്നതും കണ്ടു വീട്ടിലുണ്ടായിരുന്ന പ്രസാദ് എന്നയാൾ ടൗൺ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഫ്ളൈയിംഗ് സ്ക്വാഡ് സ്‌ഥലത്തെത്തിയപ്പോഴേക്കും വീടിനു സമീപമുണ്ടായിരുന്നവർ രക്ഷപ്പെട്ടു. പോലീസ് പിന്നീട് റോഡിൽ വാഹനപരിശോധന നടത്തുന്നതിനിടെയാണു രജീഷ് പിടിയിലായത്. ഇയാളുടെ കൈവശം ആയുധം കണ്ടെത്തിയതിനെ തുടർന്ന് ആയുധനിരോധന നിയമപ്രകാരം കേസെടുത്തു.

സുധാകരന്റെ വീട് ആക്രമിക്കാനാണു രജീഷടങ്ങുന്ന സംഘം എത്തിയതെന്ന് പറയുന്നുണ്ട്. എന്നാൽ ഇക്കാര്യം പോലീസ് സ്‌ഥിരീകരിച്ചിട്ടില്ല. രജീഷിനെ പോലീസ് ചോദ്യംചെയ്തു വരികയാണ്. നേരത്തെ ബിജെപിയിൽ പ്രവർത്തിച്ച രജീഷ് പാർട്ടിവിട്ടു സിപിഎമ്മിൽ ചേരുകയും പിന്നീട് ബിജെപിയിലേക്കു തിരിച്ചുപോകുകയും ചെയ്തുവെന്നു പറയുന്നു. ആരുടെയെങ്കിലും നിർദേശ പ്രകാരമായിരിക്കാം അക്രമിസംഘം വീടാക്രമിക്കാനെത്തിയതെന്നു ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.