ഡീസലിനു വിലക്ക്
ഡീസലിനു വിലക്ക്
Monday, May 23, 2016 2:14 PM IST
കൊച്ചി: പത്തു വർഷത്തിലേറെ പഴക്കമുള്ള ഡീസൽ വാഹനങ്ങളെ സംസ്‌ഥാനത്തെ പ്രധാന നഗരങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്നു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കൊച്ചി സർക്യൂട്ട് ബെഞ്ച് ഉത്തരവിട്ടു. ഇതു സംബന്ധിച്ച് ട്രൈബ്യൂണൽ സർക്കാരിനു നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിൽ ഡീസൽ വാഹനങ്ങളിൽനിന്നുള്ള പുക മൂലമുള്ള മലിനീകരണം രൂക്ഷമാണെന്നു ചൂണ്ടിക്കാട്ടി, ഇതു തടയണമെന്നാവശ്യപ്പെട്ട് എറണാകുളത്തെ ലോയേഴ്സ് എൻവയോൺമെന്റൽ അവയർനസ് ഫോറം നൽകിയ ഹർജിയിൽ ജസ്റ്റീസ് സ്വതന്തർ കുമാർ, വിദഗ്ധാംഗം ബിക്രം സിംഗ് സജ്വാൻ എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.

2000 സിസിക്കു മുകളിലുള്ള ഇന്നോവയും ഒട്ടുമിക്ക എസ്യുവികളും ഉൾപ്പെടെയുള്ള ഡീസൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനും താത്കാലിക വിലക്കുണ്ട്. പൊതുഗതാഗതത്തിനും തദ്ദേശ സ്‌ഥാപനങ്ങളുടെ ആവശ്യത്തിനുമുള്ള വാഹനങ്ങൾ ഒഴികെയുള്ളവയ്ക്കാണ് വിലക്ക്.

പത്തു വർഷത്തിലേറെ പഴക്കമുള്ള ഹെവി ലൈറ്റ് മോട്ടോർ ഡീസൽ വാഹനങ്ങൾ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ നഗരങ്ങളിൽ പ്രവേശിക്കരുതെന്നാണ് ഉത്തരവിൽ പറയുന്നത്. മുപ്പതു ദിവസത്തിനുള്ളിൽ സർക്യൂട്ട് ബെഞ്ചിന്റെ നിർദേശം നടപ്പാക്കണം. ട്രാഫിക് പോലീസിനും മലിനീകരണ നിയന്ത്രണ ബോർഡിനും വാഹനപരിശോധന നടത്താം. ഉത്തരവ് ലംഘിച്ച് നഗരങ്ങളിൽ പ്രവേശിക്കുന്ന വാഹനങ്ങളിൽനിന്ന് 5000 രൂപ പിഴ ഈടാക്കണമെന്നും ഈ തുക പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.


നഗരങ്ങളിലെ പരിസ്‌ഥിതി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു ഗ്രീൻ ട്രൈബ്യൂണൽ ബെഞ്ചിന്റെ ഉത്തരവനുസരിച്ച് തുക ചെലവിടാനാവുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്‌തമാക്കി. കേരളത്തിൽ വാഹനങ്ങളിൽ സിഎൻജി വാതകം ഉപയോഗിക്കാനുള്ള സൗകര്യമുണ്ടോ എന്നതു സംബന്ധിച്ചു സംസ്‌ഥാന സർക്കാർ വിശദീകരണം നൽകണമെന്നും ഉത്തരവിൽ പറയുന്നു. ഡൽഹിയിലെപ്പോലെ കേരളത്തിലും പത്തു വർഷത്തിലേറെ പഴക്കമുള്ള ബസുകളും ലോറികളും കാറുകളും ഓട്ടോകളുമെല്ലാം വിഷം തുപ്പുന്നവയാണെന്ന് ഹർജിയിൽ പറയുന്നു. യാതൊരു നിയന്ത്രണവുമില്ലാതെ ഡീസൽ വാഹനങ്ങൾ വിപണിയിലിറക്കുന്നത് പരിസ്‌ഥിതിക്കു ദോഷമാണ്. പത്തു വർഷത്തിലേറെ പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിരത്തിലിറക്കുന്നത് നിരോധിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. ജൂലൈ 29 നാണ് അടുത്ത സിറ്റിംഗ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.