നിതാഖാത്ത്: സൗദിയിൽ വീസക്കച്ചവടം തെളിഞ്ഞാൽ അഞ്ച് വർഷത്തേക്കു മന്ത്രാലയത്തിന്റെ സേവമില്ല
Monday, May 23, 2016 1:58 PM IST
കൊണ്ടോട്ടി: സൗദി അറേബ്യയിൽ സ്വദേശിവത്കരണ (നിതാഖാത്ത്)ത്തിന്റെ ഭാഗമായി വീസക്കച്ചവ ടം തെളിഞ്ഞാൽ അഞ്ച് വർഷത്തേക്ക് സൗദി തൊഴിൽ മന്ത്രാലയത്തിന്റെ സേവനം ലഭിക്കുകയില്ല. മൊബൈൽ കടകളിൽ കർക്കശ നിയമം നടപ്പിലാക്കുന്ന സൗദി പുതിയ തൊഴിൽ കരാറിനും കടുത്ത മാർഗനിർദേശങ്ങളും നിയന്ത്രണങ്ങളുമാണ് വരുത്തുന്നത്. സൗദി അറേബ്യയിൽ ഇനി 60 വയസിന് മുകളിൽ പ്രായമുളളവർക്കും 18 വയസിന് താഴെയുളളവർക്കും വിസ അനുമതിയുണ്ടാവില്ല. തൊഴിലാളികളുടെ വർക്ക് പെർമിറ്റും ഇഖാമയും പുതുക്കി നൽകാത്ത സ്‌ഥാപനങ്ങൾക്കും അഞ്ചുവർഷത്തേക്ക് വിസ നൽകേണ്ടെന്നാണ് തീരുമാനം.

സ്വദേശികൾക്ക് സംവരണം ചെയ്ത തൊഴിൽ വിസകൾ ഇനി അനുവദിക്കില്ല. തെറ്റായ വിവരങ്ങൾ നൽകി തൊഴിൽ വിസ നേടുന്ന സ്‌ഥാപനങ്ങളേയും ഇതേ പരിധിയിൽ ഉൾപ്പെടുത്തും. ഇവർക്ക് അനുവദിച്ച വിസകൾ റദ്ദാക്കുകയും ചെയ്യും.

സ്വകാര്യസ്‌ഥാപനങ്ങളിലെ സൗദിവൽകരണം 75 ശതമാനത്തിൽ കുറയാൻ പാടില്ല. സ്വകാര്യസ്‌ഥാപനങ്ങളിൽ വരുന്ന ഒഴിവുകൾ തൊഴിൽ തരം തിരിച്ച്, ഇതിലേക്കാവശ്യമായ തൊഴിലാളികളെ സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം തൊഴിൽ മന്ത്രാലയത്തെ അറിയിച്ചിരിക്കണം. തൊഴിലിന്റെ പേരിൽ തെഴിലാളി നൽകിയ പരാതിയിൽ തൊഴിലുടമ ഹാജരായില്ലെങ്കിൽ സ്പോൺസർഷിപ്പ് മാറാൻ തൊഴിലാളിയെ അനുവദിക്കും.


ബിനാമി ബിസിനസിനെക്കുറിച്ച് അറിയിക്കുന്ന തൊഴിലാളികൾക്ക് സ്പോൺസറുടെ സമ്മതമില്ലാതെ വിസ മാറാൻ അവസരമുണ്ടായിരിക്കും. വനിതാ ജീവനക്കാരെ പീഡിപ്പിച്ചാൽ ജോലി നഷ്‌ടപ്പെടും. വർക്ക് പെർമിറ്റ് പുതുക്കാത്ത തൊഴിലാളികളുള്ള സ്‌ഥാപനത്തിലേക്ക് സ്പോൺസർഷിപ്പ് മാറ്റം അനുവദിക്കില്ല. ബിനാമി ബിസിനസ് തെളിയിക്കുന്ന സ്‌ഥാപനങ്ങൾക്കും തൊഴിലാളികളുടെ ശമ്പള വിതരണത്തിൽ കാലതാമസം വരുത്തുന്ന കമ്പനികൾക്കും പുതിയ വിസ നൽകില്ല. 25 ലേറെ തൊഴിലാളികളുളള സ്‌ഥാപനങ്ങൾ നാലു ശതമാനം വികലാംഗർക്കായി മാറ്റിവെക്കണം.

തൊഴിൽ വിട്ട് നാട്ടിലേക്ക് മടങ്ങുകയോ, തൊഴിൽ മേഖല മാറ്റുകയോ വേണമെന്നാണ് തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.