ജിഷയുടെ വീട്ടിൽ വീണ്ടും പരിശോധന
ജിഷയുടെ വീട്ടിൽ വീണ്ടും പരിശോധന
Sunday, May 22, 2016 5:46 PM IST
പെരുമ്പാവൂർ: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ജിഷയുടെ വീട്ടിൽ വീണ്ടും പരിശോധന നടത്തി. ഇന്നലെ രാവിലെ മുതൽ ആരംഭിച്ച പരിശോധന ഉച്ചയ്ക്കു ശേഷമാണ് അവസാനിപ്പിച്ചത്.

അതേസമയം, സംഭവശേഷം പരിസരപ്രദേശങ്ങളിൽനിന്നു നാട്ടിലേക്കുപോയ ഇതര സംസ്‌ഥാന തൊഴിലാളിയെത്തേടി ബംഗാളിലേക്കുപോയ അന്വേഷണ സംഘം തിരിച്ചെത്തി. അന്വേഷണസംഘം പോയതുമായി ബന്ധപ്പെട്ടുള്ള കേസിന്റെ പുരോഗതി ഉന്നത ഉദ്യോഗസ്‌ഥർക്കു കൈമാറിയിട്ടുണ്ട്.

കൂടാതെ 10 ഇതര സംസ്‌ഥാന തൊഴിലാളികളുടെ ഉമിനീര് ഡിഎൻഎ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ലാബിലാണു പരിശോധന. ഇതിന്റെ പരിശോധനാ ഫലവും നിർണായകമാകും.

എന്നാൽ, ബുധനാഴ്ചയ്ക്കുള്ളിൽ കേസിലെ പ്രതികളെ പിടികൂടാൻ സാധിച്ചില്ലെങ്കിൽ അന്വേഷണസംഘത്തെ മാറ്റി പുതിയ അന്വേഷണ സംഘത്തിനു ചുമതല നൽകിയേക്കും.

ഭരണമാറ്റത്തോടെ പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. കൂടാതെ കേസിന്റെ തുടക്കത്തിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്‌ഥർക്കെതിരേ നടപടി സ്വീകരിക്കുകയും ചെയ്യും.


സ്വാമി സംയമീന്ദ്ര തീർഥ ഇന്നു കേരളത്തിലെത്തും

കൊച്ചി: ഗൗഡ സാരസ്വത സമുദായത്തിന്റെ ആത്മീയാചാര്യനും കാശി മഠാധിപതിയുമായ സ്വാമി സംയമീന്ദ്ര തീർഥ കേരളത്തിൽ സന്ദർശനത്തിനെത്തുന്നു.

ഇന്നു വൈകുന്നേരം ആറിന് പൂർണാ എക്സ്പ്രസിൽ എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷനിലാണ് സ്വാമി എത്തുന്നത്.

സ്റ്റേഷനിൽ എത്തുന്ന സ്വാമിയെ എറണാകുളം തിരുമല ദേവസ്വം ക്ഷേത്ര ഭാരവാഹികളും ആലപ്പുഴ പഴയ തിരുമല ക്ഷേത്ര ഭാരവാഹികളും ജിഎസ്ബി സ്‌ഥാപനങ്ങളുടെ ഭാരവാഹികളും ചേർന്നു സ്വീകരിക്കും. തുടർന്നു സ്വാമി റോഡ് മാർഗം ആലപ്പുഴ പഴയ തിരുമല ക്ഷേത്രത്തിലേക്കു തിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.