സിപിഐ മന്ത്രിമാരെ ഇന്നറിയാം
സിപിഐ മന്ത്രിമാരെ ഇന്നറിയാം
Sunday, May 22, 2016 4:36 PM IST
തിരുവനന്തപുരം: സിപിഐ മന്ത്രിമാരെ ഇന്നു തീരുമാനിക്കും. ഇന്നു ചേരുന്ന സംസ്‌ഥാന കൗൺസിൽ മന്ത്രിമാരുടെ കാര്യത്തിൽ അന്തിമതീരുമാനമെടുക്കും. കഴിഞ്ഞ ദിവസം ചേർന്ന സംസ്‌ഥാന എക്സിക്യൂട്ടീവ് മന്ത്രിമാരുടെ കാര്യത്തിൽ ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. നാലു മന്ത്രിസ്‌ഥാനങ്ങളാണ് സിപിഐയ്ക്കു ലഭിക്കുന്നത്. മുമ്പു മന്ത്രിസ്‌ഥാനം വഹിച്ചിട്ടുള്ളവരെ ഒഴിവാക്കി പുതുമുഖങ്ങളെ മന്ത്രിമാരാക്കാമെന്നാണ് ധാരണ. ഇതുപ്രകാരം സി. ദിവാകരനും മുല്ലക്കര രത്നാകരനും ഒഴിവാകും. മന്ത്രിസ്‌ഥാനത്തു നിന്ന് ഒഴിവാക്കിയാലും ദിവാകരനെ നിയമസഭാകക്ഷി നേതാവാക്കും. മന്ത്രിമാരല്ലാത്തവർ നിയമസഭാകക്ഷി നേതാവായ കീഴ്വഴക്കം സിപിഐയിൽ മുമ്പുണ്ടായിട്ടുണ്ടെന്നു പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.


മന്ത്രിസ്‌ഥാനത്തേക്ക് ഇ. ചന്ദ്രശേഖരൻ, വി.എസ്. സുനിൽകുമാർ, പി. തിലോത്തമൻ, കെ. രാജു എന്നിവരുടെ പേരുകളാണ് ഇപ്പോൾ പരിഗണനയിലുള്ളത്. പാർട്ടിക്കു ലഭിക്കുന്ന ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്ക് ജി.എസ്. ജയലാൽ, ചിറ്റയം ഗോപകുമാർ എന്നിവരിലൊരാൾ വരാനാണു സാധ്യത. ഇ.എസ്. ബിജിമോളുടെ പേരും പരിഗണിച്ചിരുന്നു.

മുൻമന്ത്രിമാരെ ഒഴിവാക്കാമെന്ന സംസ്‌ഥാന എക്സിക്യൂട്ടീവിന്റെ നിർദേശം സംസ്‌ഥാന കൗൺസിൽ അംഗീകരിച്ചാൽ മേൽപ്പറഞ്ഞ പേരുകൾ അംഗീകരിക്കപ്പെടും. മറിച്ചൊരു തീരുമാനമുണ്ടായാൽ മാത്രമേ ദിവാകരനും മുല്ലക്കരയ്ക്കും സാധ്യതയുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.