കുറുവയിൽ ചീങ്കണ്ണി ആക്രമണം: യുവാവിനു ഗുരുതര പരിക്ക്
Sunday, May 22, 2016 4:36 PM IST
പുൽപ്പള്ളി: വയനാട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കുറുവ ദ്വീപുകൾക്കു സമീപം നദിയിലിറങ്ങിയ യുവാവിനെ ചീങ്കണ്ണി ആക്രമിച്ചു. പാക്കം തിരുമുഖം കോളനിയിലെ ശിവന്റെ മകൻ ഷിജോക്കാണ്(24) ചീങ്കണ്ണിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കാലിനു ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം. കൂട്ടുകാരുമൊത്തു കുറവയ്ക്കു സമീപത്തെ കബനിനദിയിലെ നീർക്കയത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു ഷിജോ. കൂട്ടുകാർ എത്തുന്നതിന് മുമ്പേ നദിയിലെ നീർക്കയത്തിലേക്കു കുളിക്കാനിറങ്ങിയ ഷിജോയുടെ വലതുകാലിൽ നീർക്കയത്തിൽ കിടന്ന ചീങ്കണ്ണി പിടികൂടുകയായിരുന്നു. പുഴയിലേക്ക് ഷിജോയെ ചീങ്കണ്ണി വലിച്ചുകൊണ്ടുപോകുന്നതിനിടയിൽ ഇയാളുടെ കരച്ചിൽകേട്ട് ഓടിയെത്തിയ സുഹൃത്തുക്കൾ ചേർന്നു വലിച്ചു കരക്കെത്തിക്കുകയായിരുന്നു. കാലിൽ ആഴത്തിൽ മുറിവുകളുണ്ടായിരുന്നു.


രണ്ടു വർഷങ്ങളായി കുറുവയിലും പരിസര പ്രദേശങ്ങളിലും ചീങ്കണ്ണികൾ പെരുകിയിട്ടുണ്ട്. നിരവധി തവണ ഇവിടെ ചീങ്കണ്ണികളെ കണ്ടതായി നാട്ടുകാർ പറഞ്ഞു. എന്നാൽ, ചീങ്കണ്ണികൾ ഇതുവരെ മനുഷ്യരെ ആക്രമിച്ചിരുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.