കണ്ണൂരിനു ചരിത്രനേട്ടം; മുഖ്യമന്ത്രിയടക്കം നാലു മന്ത്രിമാർ
Sunday, May 22, 2016 4:35 PM IST
കണ്ണൂർ: മുഖ്യമന്ത്രിയടക്കം നാലു മന്ത്രിമാരെ ലഭിച്ചതു കണ്ണൂർ ജില്ലയ്ക്കു ചരിത്രനേട്ടമായി. ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണു പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ എത്തുന്നത്.

ഇതിനുമുമ്പ് മൂന്നു മന്ത്രിസഭകളിൽ കണ്ണൂരിനു മൂന്നുവീതം മന്ത്രിമാരെ ലഭിച്ചിരുന്നു. എന്നാൽ, കേരളചരിത്രത്തിൽ ആദ്യമായാണു കണ്ണൂർ ജില്ലയ്ക്കു നാലു മന്ത്രിമാരെ ലഭിക്കുന്നത്. 1996ലെ ഇ.കെ. നായനാർ മന്ത്രിസഭയിൽ മുഖ്യമന്ത്രിയടക്കം മൂന്നു കണ്ണൂരുകാരുണ്ടായിരുന്നു.

മുഖ്യമന്ത്രിയായ ഇ.കെ.നായനാർക്കു പുറമേ പെരിങ്ങളം മണ്ഡലത്തിൽനിന്നു വിജയിച്ച ജനതാദളിലെ പി.ആർ. കുറുപ്പ് വനം–ഗതാഗതമന്ത്രിയും പയ്യന്നൂരിൽനിന്നു വിജയിച്ച പിണറായി വിജയൻ വൈദ്യുതി മന്ത്രിയുമായി.

2001ലെ എ.കെ.ആന്റണി മന്ത്രിസഭയിലാണു പിന്നീടു മൂന്നു കണ്ണൂരുകാർ പ്രതിനിധികളായത്. എം.വി. രാഘവൻ, കെ.സി. വേണുഗോപാൽ, കെ. സുധാകരൻ എന്നിവരാണ് ആന്റണി മന്ത്രിസഭയിലെത്തിയത്. സുധാകരൻ വനംവകുപ്പ് മന്ത്രിയും സിഎംപിയിലെ എം.വി. രാഘവൻ സഹകരണ വകുപ്പ് മന്ത്രിയുമായിരുന്നു. വേണുഗോപാൽ ദേവസ്വം–ടൂറിസം മന്ത്രിയായി. ഇതിൽ സുധാകരൻ മാത്രമാണു കണ്ണൂർ ജില്ലയിൽനിന്നു വിജയിച്ചു നിയമസഭയിലെത്തിയത്.

കണ്ണൂർ മണ്ഡലത്തിൽനിന്നായിരുന്നു സുധാകരന്റെ വിജയം. എം.വി. രാഘവൻ തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തിൽനിന്നും വേണുഗോപാൽ ആലപ്പുഴയിൽനിന്നുമാണു വിജയിച്ചത്.

2006ലെ വി.എസ് മന്ത്രിസഭയിലാണു പിന്നീടു കണ്ണൂരിനു മൂന്നംഗങ്ങളെ കിട്ടിയത്. പയ്യന്നൂരിൽനിന്നു വിജയിച്ച പി.കെ. ശ്രീമതി ആരോഗ്യമന്ത്രിയും തലശേരിയിൽനിന്നു നിയമസഭയിലെത്തിയ കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയും എടക്കാട് മണ്ഡലത്തിൽനിന്നും കോൺഗ്രസ്–എസ് പ്രതിനിധിയായി വിജയിച്ച കടന്നപ്പള്ളി രാമചന്ദ്രൻ ദേവസ്വം മന്ത്രിയുമായി.


2011ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ഇരിക്കൂറിൽനിന്നു വിജയിച്ച കെ.സി. ജോസഫ് ഗ്രാമവികസന മന്ത്രിയും കൂത്തുപറമ്പിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട കെ.പി. മോഹനൻ കൃഷിമന്ത്രിയുമായിരുന്നു. 82ലെ കരുണാകരൻ മന്ത്രിസഭയിൽ കണ്ണൂരിലെ പേരാവൂരിൽനിന്നും വിജയിച്ച കെ.പി. നൂറുദീൻ മാത്രമായിരുന്നു മന്ത്രിയായി ഉണ്ടായിരുന്നത്.

ഇത്തവണ മന്ത്രിമാരാകുന്നവരിൽ പിണറായി വിജയനും കടന്നപ്പള്ളിയും മാത്രമാണു മുമ്പു മന്ത്രിപദത്തിലിരുന്നവർ. 96ലെ നായനാർ മന്ത്രിസഭാംഗമായിരുന്ന പിണറായി വിജയൻ ചടയൻ ഗോവിന്ദന്റെ മരണത്തെത്തുടർന്ന് 1998ൽ മന്ത്രിസ്‌ഥാനം രാജിവച്ചു സിപിഎം സംസ്‌ഥാന സെക്രട്ടറിയായി. 2006ലെ വി.എസ് മന്ത്രിസഭ കാലാവധിയുടെ പകുതി പിന്നിട്ട ശേഷമായിരുന്നു കടന്നപ്പള്ളിക്കു മന്ത്രിസ്‌ഥാനം ലഭിച്ചത്.

അതുപോലെ പിണറായി വിജയൻ മുഖ്യമന്ത്രിയാകുന്നതോടെ കണ്ണൂർ സംഭാവന ചെയ്ത മുഖ്യമന്ത്രിമാരുടെ എണ്ണം നാലായി. ഇതിനു മുമ്പ് ആർ.ശങ്കർ, കെ. കരുണാകരൻ, ഇ.കെ. നായനാർ എന്നിവരായിരുന്നു കണ്ണൂരിൽനിന്നു മുഖ്യമന്ത്രിക്കസേരയിലെത്തിയത്. 1957ൽ മുഖ്യമന്ത്രിയായ ഇ.എം.എ സ് നമ്പൂതിരിപ്പാട് അവിഭക്‌ത കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്ന നീലേശ്വരം ദ്വയാംഗമണ്ഡലത്തിൽനിന്നായിരുന്നു നിയമ സഭാംഗമായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.