അമോണിയ ചോർച്ച: കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടു
അമോണിയ ചോർച്ച: കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടു
Sunday, May 22, 2016 4:35 PM IST
കൊച്ചി: വൈറ്റില ചമ്പക്കരയ്ക്കു സമീപം ഫാക്ടിലേക്കു കൊണ്ടു പോയ അമോണിയ ചോർന്ന സംഭവവുമായി ബന്ധപ്പെട്ട സുരക്ഷാ വീഴ്ച അനേഷിക്കുമെന്നു ജില്ലാ കളക്ടർ എം.ജി. രാജമാണിക്യം.

സംഭവം ഫാക്ടിന്റെ സുരക്ഷാ വീഴ്ചയാണ്. ഫാക്ടറിയും ബോയ്ലറും ബാർജും വിശദമായി പരിശോധിക്കുകയും ബാർജ് രാസപദാർഥങ്ങൾ കൊണ്ടുപോകാൻ പര്യാപ്തമാണോ എന്നും അന്വേഷിച്ചു ജൂൺ ഒന്നിനകം റിപ്പോർട്ട് സമർപ്പിക്കാനും ജില്ലാ കളക്ടർ ഉത്തരവിട്ടു.

അമോണിയ പോലുള്ള രാസപദാർഥങ്ങൾ ബാർജിൽ കൊണ്ടുപോകുന്നതു നിരോധിച്ചുകൊണ്ടു കളക്ടർ ഉത്തരവിട്ടു. ദുരന്തനിവാരണ നിയമം സെക്ഷൻ 33 പ്രകാരമാണ് അന്വേഷണം പൂർത്തിയാകുന്നതു വരെ ബാർജിൽ അമോണിയ കൊണ്ടുപോകുന്നതു കളക്ടർ നിരോധിച്ചത്. സെക്ഷൻ സിആർപിസി 144, ദുരന്തനിവാരണ നിയമം 33,34 എന്നീ വകുപ്പുകൾ പ്രകാരമാണു കളക്ടറുടെ ഉത്തരവ്.

വാട്ടർ എമർജൻസി റെസ്പോൺസ് ബോട്ട് ഫ്ളോട്ടിംഗ് പമ്പ്, മാസ്ക് സഹിതമുള്ള ഓക്സിജൻ സിലിണ്ടർ, എഎസ്കെഎ ലൈറ്റ് തുടങ്ങിയ സുരക്ഷാസംവിധാനങ്ങൾ രണ്ടു മാസത്തിനകം ഏർപ്പാടാക്കണമെന്നും കളക്ടർ ഉത്തരവിട്ടു.


ഇതിൽ വീഴ്ച വരുത്തിയാൽ ബാർജ് വഴി അമോണിയ കൊണ്ടുപോകുന്നതു പൂർണമായി നിരോധിക്കേണ്ടി വരുമെന്നും കളക്ടർ അറിയിച്ചു.

തൈക്കൂടത്തിനു സമീപം അമോണിയ ചോർന്ന ബാർജിനു വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളുണ്ടായിരുന്നില്ല. ബാർജിന്റെ ഫിറ്റ്നെസ് സംബന്ധിച്ചും സംശയമുണ്ട്.

സംഭവത്തെത്തുടർന്ന് അടിയന്തരമായി സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ ഫാക്ടിന്റെ ഭാഗത്തുനിന്നു വീഴ്ച സംഭവിച്ചിട്ടുണ്ട്. സാങ്കേതിക വിദഗ്ധരെ നിയോഗിച്ചിരുന്നില്ല. ഫയർ എൻജി നിയറുടെ സേവനവും ലഭ്യമാക്കിയില്ല.

ഇതാണു സ്‌ഥിതി കൂടുതൽ ഗുരുതരമാക്കിയത്. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ജനവാസ മേഖലയിൽ കൂടി അമോണിയ കൊണ്ടുപോയത് അതീവ ഗുരുതരമായ വീഴ്ചയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ടു സംസ്‌ഥാന ദുരന്ത നിവാരണ അഥോറിറ്റിയുമായി ദിനംപ്രതി കാര്യങ്ങൾ വിലയിരുത്തുമെന്നും കളക്ടർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.