ഡോ. മരിയൻ പോളിക്ക് യുഎസ് ഫെലോഷിപ്പ്
ഡോ. മരിയൻ പോളിക്ക് യുഎസ് ഫെലോഷിപ്പ്
Sunday, May 22, 2016 12:53 PM IST
കോട്ടയം: യുഎസിലെ സാൻ ഫ്രാൻസിസ്കോ ആസ്‌ഥാനമായ ഇന്റർനാഷണൽ കൗൺസിൽ ഓഫ് ഒഫ്താൽമോളജി ഫൗണ്ടേഷന്റെ ഗവേഷണ ഫെലോഷിപ്പിന് ഒക്കുലോ പ്ലാസ്റ്റിക് സർജൻ ഡോ.മരിയൻ പോളി അർഹയായി. വികസ്വരരാജ്യങ്ങളിൽനിന്നുമുള്ള നേത്രരോഗവിദഗ്ധരെ പ്രതിനിധീകരിച്ചാണ് ഡോ.മരിയൻ ഈ പ്രത്യേക അംഗീകാരത്തിന് അർഹയായത്. 6000 യുഎസ് ഡോളർ (ഏകദേശം നാലുലക്ഷം രൂപ) ആണ് ഫെലോഷിപ്പ് തുക.

അമേരിക്കയിലെ ഫിലാഡൽഫിയയിലുള്ള തോമസ് ജഫേഴ്സൺ യൂണിവേഴ്സിറ്റിയുടെ ഭാഗമായ വിൽസ് ഹോസ്പിറ്റലിൽ ഒക്കുലാർ ഓങ്കോളജിയിൽ മൂന്നു മാസത്തെ ഗവേഷണപഠനത്തിനും പരിശീലനത്തിനുമാണു ഫെലോഷിപ്പ്. ലോകപ്രശസ്ത ഒക്കുലാർ ഓങ്കോളജിസ്റ്റുമാരായ ജെറി ഷീൽഡ്സ്, കരോൾ ഷീൽഡ്സ് എന്നിവരുടെ കീഴിലാണു പരിശീലനം.


ഫെബ്രുവരിയിൽ മെക്സിക്കോയിൽ നടന്ന നേത്രരോഗ വിദഗ്ധരുടെ ആഗോള സമ്മേളനത്തിൽ ഡോ.മരിയൻ പ്രബന്ധം അവതരിപ്പിച്ചിരുന്നു. കൊച്ചി ഗിരിധർ ഹോസ്പിറ്റലിലെ ഒക്കുലോപ്ലാസ്റ്റി വിഭാഗം മേധാവിയായ ഡോ.മരിയൻ ഹൈക്കോടതി അഭിഭാഷകനായ ഡോ.പോളി മുരിക്കന്റെ ഭാര്യയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.