തെരഞ്ഞെടുപ്പു പ്രചാരണ സമയത്തെ ആരോഗ്യം ഇപ്പോഴുമുണ്ടെന്നു വി.എസ്
തെരഞ്ഞെടുപ്പു പ്രചാരണ സമയത്തെ ആരോഗ്യം ഇപ്പോഴുമുണ്ടെന്നു വി.എസ്
Sunday, May 22, 2016 12:53 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: താൻ ആരോഗ്യവാനെന്നും തെരഞ്ഞെടുപ്പു പ്രചാരണ കാലത്തെ ആരോഗ്യത്തിൽ ഇപ്പോൾ മാറ്റമുണ്ടെന്നു തോന്നുന്നില്ലെന്നും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ. നിർഭയ ഡിബേറ്റിംഗ് സൊസൈറ്റി കന്റോൺമെന്റ് ഹൗസിൽ സംഘടിപ്പിച്ച വി.എസിനെ ആദരിക്കൽ ചടങ്ങിൽ കുട്ടികളുടെയും യുവാക്കളുടെയും ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പു കാലത്തു പാറശാല മുതൽ കണ്ണൂർ വരെ നിരവധി യോഗങ്ങളിൽ പ്രസംഗിച്ചു. അതിൽനിന്ന് എന്തെങ്കിലും മാറ്റം തനിക്ക് ഇപ്പോഴുണ്ടോയെന്നും വി.എസ് ചോദിച്ചു. നിങ്ങൾക്ക് എന്നെപ്പറ്റി എന്തു തോന്നുന്നു? എന്റെ മുഖത്തോ അവയവങ്ങളിലോ കുഴപ്പം വല്ലതുമുണ്ടോയെന്നു തോന്നുന്നുണ്ടോയെന്നും വി.എസ്. അച്യുതാനന്ദൻ കുട്ടികളോടു ചോദിച്ചു.

ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി സ്‌ഥാനത്തേക്കുള്ള മത്സരത്തിൽ നിന്നു വിട്ടുനിൽക്കണമെന്നു വി.എസിനോടു സിപിഎം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ ഭരണത്തിൽനിന്നു വിട്ടുനിൽക്കുന്ന ഫിഡൽ കാസ്ട്രോയോട് ഉപമിച്ചായിരുന്നു വി.എസിനുള്ള വിശേഷണം.

നിർഭയ സംഘാടകർ നേരത്തെ മാധ്യമങ്ങളെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ, ഇന്നലെ രാവിലെ പരിപാടിക്കെത്തിയ മാധ്യമ പ്രവർത്തകർക്കു പ്രവേശനമില്ലെന്നു വി.എസിന്റെ ഓഫിസ് അറിയിച്ചു. തുടർന്നു സംഘാടകരുമായി ചർച്ച നടത്തിയശേഷം വി.എസിനോടു ചോദ്യങ്ങൾ ചോദിക്കില്ലെന്ന ഉറപ്പിലായിരുന്നു മാധ്യമപ്രവർത്തകർക്കുള്ള പ്രവേശനം.


ഫേസ്ബുക്ക് അടക്കമുള്ള നവമാധ്യമങ്ങളിലൂടെ വി.എസ് ഇടപെടൽ നടത്തുന്നത് എങ്ങനെയാണെന്ന ആദ്യ ചോദ്യത്തിന് വി.എസ് മറുപടി പറഞ്ഞില്ല. തൊട്ടുപിന്നാലെയാണ് വി.എസിന് ഇപ്പോൾ ആരോഗ്യപ്രശ്നങ്ങളുണ്ടോയെന്നു ചോദിച്ചത്. അതിന് അദ്ദേഹം ഉത്തരം പറഞ്ഞതോടെ ചോദ്യം അവസാനിപ്പിച്ച് പുറത്തിറങ്ങണമെന്ന് ജീവനക്കാർ നിർബന്ധിച്ചു. സംഘാടകർ വി.എസിനെ പൊന്നാട അണിയിച്ച് വി.എസിന്റെ ഫോട്ടോയും നൽകി.

വരുംനാളുകളിലും അഴിമതിക്കെതിരേയുള്ള പോരാട്ടങ്ങൾ അവസാനിപ്പിക്കില്ലെന്നു ഫേസ്ബുക്ക് പോസ്റ്റിൽ വി.എസ് പറഞ്ഞു. അഴിമതിക്കും വർഗീയതയ്ക്കുമെതിരായ പോരാട്ടം തുടരും. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചതു ചരിത്രപരമായ കടമ നിറവേറ്റാനാണ്. സമൂഹത്തോടും പാർട്ടിയോടും ജനങ്ങളോടുമുള്ള കടമയാണു നിറവേറ്റിയതെന്നും വി.എസ്. അച്യുതാനന്ദൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.