ദളിത് യുവതി പീഡനത്തിനിരയായി കൊല്ലപ്പെട്ടിട്ടും കേരള സർക്കാർ കണ്ണുതുറന്നില്ല: നരേന്ദ്ര മോദി
ദളിത് യുവതി പീഡനത്തിനിരയായി കൊല്ലപ്പെട്ടിട്ടും കേരള സർക്കാർ കണ്ണുതുറന്നില്ല: നരേന്ദ്ര മോദി
Friday, May 6, 2016 12:06 PM IST
പാലക്കാട്: കേരളത്തിൽ ദളിത് പെൺകുട്ടി ക്രൂരമായി പീഡനത്തിനിരയായി കൊല്ലപ്പെട്ടിട്ടും സംസ്‌ഥാന സർക്കാർ കണ്ണുതുറന്നില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎ സ്‌ഥാനാർഥികളുടെ തെരഞ്ഞെടുപ്പു റാലി കോട്ട മൈതാനത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ഇത്തവണ മൂന്നാംമുന്നണിയുടെ ഉയിർപ്പുണ്ടാകും. കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്. പക്ഷേ, അറുപതു വർഷം മാറിമാറി ഭരിച്ച ഇടതു–വലതു മുന്നണികൾ ജനത്തെ കൊള്ളയടിച്ചു. ഇക്കാര്യത്തിൽ അവർ യോജിപ്പിലുമാണ്. വളരെ ശാസ്ത്രീയമായി ജനത്തെ കൊള്ളയടിക്കുന്ന ഇത്തരക്കാരെ തിരിച്ചറിയാൻ കേരളത്തിലെ അഭ്യസ്തവിദ്യരായ ജനങ്ങൾക്കു കഴിയുന്നില്ല. ഇവരുടെ പിടിയിലമർന്ന കേരളത്തെ രക്ഷിക്കാൻ മൂന്നാം ശക്‌തിയെ വളർത്തണം– മോദി ആവശ്യപ്പെട്ടു.

കേരളത്തിനുവേണ്ടി എന്തുനൽകാനും കേന്ദ്രസർക്കാർ തയാറാണ്. രണ്ട് എംപിമാരെ നോമിനേറ്റ് ചെയ്യാൻ അവസരം ലഭിച്ചപ്പോൾ കേരളത്തിൽനിന്നുള്ള സുരേഷ് ഗോപിയേയും റിച്ചാർഡ് ഹേയെയും രാജ്യസഭാംഗങ്ങളാക്കി. കേന്ദ്രസർക്കാർ ജനങ്ങളുടെ സർക്കാരാണ്. ജനത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കു മുന്നിലും കേന്ദ്രസർക്കാരുണ്ടാകും. വികസനമാണു സർക്കാർ ലക്ഷ്യം. കേരളത്തിൽ എൻഡിഎ അധികാരത്തിൽ വരുകയാണെങ്കിൽ എല്ലാ വികസനവും സാധ്യമാക്കും. കേരളത്തിലെ ജനങ്ങളുടെ കാലാകാലങ്ങളായുള്ള തപസ്യ ഇത്തവണ സാക്ഷാത്കരിക്കപ്പെടും. അതു സംഭവിക്കുകയാണെങ്കിൽ വികസനത്തിലൂടെ തന്റെ സ്നേഹം പലിശയായി തിരിച്ചുനൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.


കേരളം മാറിമാറി ഭരിച്ച സർക്കാരുകൾ ജനജീവിതം തകർത്തു. ഇവിടത്തെ ചെറുപ്പക്കാർ മറ്റു സംസ്‌ഥാനങ്ങളിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും ജോലിക്കായി പോകുകയാണ്. എന്തുകൊണ്ട് അവരെ പിടിച്ചുനിറുത്താൻ ഇവിടത്തെ സർക്കാരുകൾക്കു കഴിയുന്നില്ല? ഇവിടെ എന്തുകൊണ്ടാണു കൃഷിയും വ്യവസായങ്ങളും തുടങ്ങാൻ കഴിയാത്തത്? സാധ്യതയുള്ള സംസ്‌ഥാനമാണു കേരളം. എന്നാൽ, കർഷകർക്കോ വ്യവസായങ്ങൾക്കോ ഒരു സഹായവും കേരളത്തിലെ സർക്കാരുകൾ ചെയ്യുന്നില്ലെന്നും മോദി പറഞ്ഞു.

കേരളത്തിലെ ജനങ്ങൾ വിദ്യാഭ്യാസത്തിന്റെ മഹത്വം അറിയുന്നവരാണ്. അത്തരത്തിലുള്ള കേരളം, വിരമിച്ച കോളജ് പ്രിൻസിപ്പലിനു ശവകുടീരം പണിതവരെ അംഗീകരിക്കണോയെന്നും അദ്ദേഹം ചോദിച്ചു. അക്രമത്തിന്റെ ഭാഷയാണു മാർക്സിസ്റ്റ് പാർട്ടിയുടേത്. ആശയപരമായി ഏറ്റുമുട്ടാൻ കഴിയാത്ത അവർ ബിജെപി പ്രവർത്തകരെ കൊന്നൊടുക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.

ബിജെപി സംസ്‌ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ അധ്യക്ഷത വഹിച്ചു. എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, മുതിർന്ന ബിജെപി നേതാവ് ഒ. രാജഗോപാൽ, പി.സി. തോമസ്, ശോഭാ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

കോയമ്പത്തൂരിൽനിന്നു പ്രത്യേക ഹെലിക്കോപ്റ്ററിൽ മേഴ്സി കോളജ് ഗ്രൗണ്ടിൽ വന്നിറങ്ങിയ പ്രധാനമന്ത്രി ഉച്ചകഴിഞ്ഞ് 3.05നാണു കോട്ടമൈതാനത്ത് എത്തിയത്. അരമണിക്കൂർ പ്രസംഗത്തിനുശേഷം അദ്ദേഹം പോണ്ടിച്ചേരിയിലേക്കു പോയി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.