വെന്തുരുകി പാലക്കാട്
വെന്തുരുകി പാലക്കാട്
Friday, May 6, 2016 11:54 AM IST
<ആ>എം.വി. വസന്ത്

വേനൽച്ചൂടിന്റെ പാരമ്യത്തിലാണ് പാലക്കാട്. ഉഷ്ണമാപിനികളിൽ റിക്കാർഡ് തകർത്തു താപനില കുതിച്ചുയരുമ്പോഴും തെരഞ്ഞെടുപ്പു പ്രചാരണത്തിനു കുറവൊട്ടുമില്ല. പുതുതന്ത്രങ്ങളുമായി രാഷ്ട്രീയചേരികൾ അണിനിരക്കുമ്പോൾ വേനൽച്ചൂടിനെ കടത്തിവെട്ടുന്നു തെരഞ്ഞെടുപ്പുചൂട്.

കണക്കുകളിൽ പാലക്കാടിന്റെ രാഷ്ട്രീയത്തിനു കൂടുതൽ ചായ്വ് ഇടത്തോട്ടാണെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് ഈ കണക്കുകളെല്ലാം മാറിമറിയാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണയും കണക്കുകൂട്ടലുകൾക്കൊന്നും മുതിരാതെ ചിട്ടയായ പ്രവർത്തനങ്ങളിലാണ് സ്‌ഥാനാർഥികളും മുന്നണികളും. പ്രതിപക്ഷ നേതാവ് മത്സരിക്കുന്ന മലമ്പുഴ മണ്ഡലത്തിലും സിറ്റിംഗ് എംഎൽഎയും മുൻ എംപിയും നേരിട്ട് ഏറ്റുമുട്ടുന്ന പാലക്കാട് മണ്ഡലത്തിലും തെരഞ്ഞെടുപ്പുചൂടു കനത്തുതുടങ്ങിയിട്ടുണ്ട്. അവസാനഘട്ടത്തിലേക്കു പ്രചാരണം കടക്കുമ്പോൾ ആരൊക്കെ പുത്തൻ തന്ത്രങ്ങളുമായി രംഗത്തുവരുമെന്നാണ് വോട്ടർമാരും ഉറ്റുനോക്കുന്നത്.

കഴിഞ്ഞ തവണ ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളിൽ ഏഴെണ്ണം ഇടതുമുന്നണിക്കൊപ്പവും അഞ്ചെണ്ണം യുഡിഎഫിനൊപ്പവുമായിരുന്നു. പിന്നീടു നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ രണ്ടു മണ്ഡലങ്ങളും എൽഡിഎഫിനൊപ്പം നിന്നു. സംസ്‌ഥാനത്ത് ഏറ്റവുമധികം നോട്ട വോട്ടുകൾ ആലത്തൂർ മണ്ഡലത്തിൽ ഇടംപിടിച്ചു. 21,417 വോട്ടുകൾ നോട്ട പിടിച്ചപ്പോൾ അതിലെ 10,606 വോട്ടുകളും ചിറ്റൂർ നിയമസഭാ മണ്ഡലത്തിലായിരുന്നു. ഏതാണ്ട് ഈ ഫലത്തിന്റെ തുടർച്ചയായിരുന്നു കഴിഞ്ഞവർഷം നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചത്. ജില്ലയിലെ 68 ഗ്രാമപഞ്ചായത്തുകളിൽ ഇടതുമുന്നണി അധികാരത്തിലെത്തിയപ്പോൾ യുഡിഎഫ് 18 പഞ്ചായത്തുകളിൽ അധികാരം നേടി. വടകരപ്പതിയിൽ ജനകീയ സമരമുന്നണി അധികാരം പിടിച്ചെടുത്തു. 13 ബ്ലോക്ക് പഞ്ചായത്തുകളിൽ പതിനൊന്നിലും എൽഡിഎഫ് ഭരണമാണ്. പാലക്കാട് നഗരസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി ഭരണത്തിലെത്തി. മൂന്നു വീതം നഗരസഭകൾ എൽഡിഎഫും യുഡിഎഫും ഭരിക്കുന്നു.

ഇക്കുറി യുഡിഎഫിൽ കോൺഗ്രസ് പത്തിടത്തും കേരള കോൺഗ്രസ്–എം, മുസ്ലിം ലീഗ് എന്നിവ ഓരോ സീറ്റിലും മത്സരിക്കുന്നു. ഇടതുമുന്നണിയിൽ സിപിഎം ഒമ്പതു സീറ്റിലും സിപിഐ രണ്ടു സീറ്റിലും ജനതാദൾ– എസ് ഒരു സീറ്റിലും മത്സരിക്കുന്നു. എൻഡിഎയിലെ ബിജെപി പത്തിടത്തും ബിഡിജെഎസ് രണ്ടിടത്തുമാണ് മത്സരിക്കുന്നത്.

കുടിവെള്ളംതന്നെയാണ് ജില്ലയിലെ പ്രധാന പ്രശ്നം. വെള്ളമില്ലാത്തതിനാൽ കാർഷികമേഖലയിലുണ്ടാകുന്ന പ്രതിസന്ധികളും ഏറെ ചർച്ചാവിഷയമാകുന്നു. മലയോര കുടിയേറ്റ മേഖലയിലെ പട്ടയപ്രശ്നങ്ങളും കസ്തൂരിരംഗൻ റിപ്പോർട്ടുമെല്ലാം ചർച്ചാവിഷയംതന്നെ.

തുടക്കത്തിൽ ഒറ്റപ്പാലം, ഷൊർണൂർ മണ്ഡലങ്ങളിലെ എൽഡിഎഫ് സ്‌ഥാനാർഥികൾക്കെതിരേ പരസ്യമായ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. ഇവിടെ പാർട്ടി നേതാക്കൾ നേരിട്ടിടപെട്ടു പ്രശ്നം പരിഹരിക്കുകയായിരുന്നു. ഒറ്റപ്പാലത്തെ യുഡിഎഫ് സ്‌ഥാനാർഥിയായി ശാന്താ ജയറാമിനെ പരിഗണിച്ചിരുന്നു. പ്രചാരണം തുടങ്ങിയ സമയം സ്‌ഥാനാർഥിമാറ്റമുണ്ടായി. ഷാനിമോൾ ഉസ്മാനാണ് ഇപ്പോൾ സ്‌ഥാനാർഥി. ജില്ലയ്ക്കു പുറത്തുനിന്നുള്ള സ്‌ഥാനാർഥികളിൽ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനാണു പ്രമുഖൻ. മണ്ണാർക്കാട്ടെ യുഡിഎഫ് സ്‌ഥാനാർഥി സിറ്റിംഗ് എംഎൽഎ കൂടിയായ എൻ. ഷംസുദീനും ഒറ്റപ്പാലത്തെ ഷാനിമോൾ ഉസ്മാനും കോങ്ങാട്ടെ യുഡിഎഫ് സ്‌ഥാനാർഥി പന്തളം സുധാകരനും അന്യജില്ലക്കാരാണ്.

<ആ>പോരാട്ടം പൊടിപാറും

മലമ്പുഴയിൽ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ പ്രചാരണത്തിനു പിണറായി വിജയനെത്തി. ഇടതുപക്ഷത്തിനു ജില്ലയിൽ പുത്തനുണർവു നല്കുന്നതായിരുന്നു വി.എസിനുവേണ്ടി പിണറായി വിജയൻ നേരിട്ടെത്തി നടത്തിയ പ്രചാരണം. എന്തുതന്നെയായാലും വിഭാഗീയത മറന്ന് വി.എസിന്റെ അനുയായികൾ മണ്ഡലത്തിൽ പ്രചാരണത്തിലാണ്. മണ്ഡലത്തിലെ കുറവുകൾ പരിഹരിക്കുമെന്ന വാഗ്ദാനവുമായി കോൺഗ്രസിന്റെ വി.എസ്. ജോയ് രംഗത്തു സജീവമായതോടെ മത്സരരംഗത്തിനു ചൂടുപിടിച്ചു. ബിജെപി തങ്ങളുടെ ഏറ്റവും മികച്ച സ്‌ഥാനാർഥിയായ സി. കൃഷ്ണകുമാറിനെ രംഗത്തിറക്കിയതോടെ മലമ്പുഴയിലെ പോരാട്ടം പൊടിപാറും. പ്രചാരണത്തിൽ ഒരുപടി മുന്നിലാണ് ബിജെപിയെന്നത് ഇരുമുന്നണികളെയും വ്യാകുലപ്പെടുത്തുന്നു. ദിനംപ്രതി അഞ്ഞൂറോളം വീടുകൾ കയറിയിറങ്ങിയാണ് ഇവരുടെ പ്രചാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി ജില്ലയിലെ പ്രചാരണം ഉദ്ഘാടനം ചെയ്തതോടെ പതിന്മടങ്ങ് ആത്മവിശ്വാസത്തിലാണ് ബിജെപി. പാലക്കാട് മണ്ഡലത്തിലെ പോരാട്ടം സിറ്റിംഗ് എംഎൽഎ ഷാഫി പറമ്പിലും നാലുതവണ എംപിയായിരുന്ന എൻ.എൻ. കൃഷ്ണദാസും തമ്മിലാണ്.
<ശാഴ െൃര=/ിലംശൊമഴലെ/2016ാമ്യ7ുമഹമസമറമിസീേമേ.ഷുഴ മഹശഴി=ഹലളേ>
ബിജെപിക്കു വേരോട്ടമുള്ള മണ്ഡലത്തിൽ സംസ്‌ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനെയാണ് രംഗത്തിറക്കിയിട്ടുള്ളത്. പാലക്കാട് നഗരസഭാഭരണം ഇപ്പോൾ ബിജെപിക്കാണ്. വികസനത്തുടർച്ചയ്ക്കു വോട്ട്ചോദിച്ച് ഷാഫി മുന്നിലെത്തുമ്പോൾ മുൻകാലത്തെ വികസനം എണ്ണിപ്പറഞ്ഞാണ് കൃഷ്ണദാസിന്റെ പര്യടനം. നഗരസഭയിലൂടെ മാറ്റിയ ചരിത്രം നിയമസഭാ തെരഞ്ഞെടുപ്പിലും പ്രാവർത്തികമാക്കാനുള്ള തയാറെടുപ്പിലാണ് ബിജെപി.

ഭരണത്തുടർച്ചയെന്ന ആശയവുമായി യുഡിഎഫ് എംഎൽഎമാർ കളംനിറയുന്ന മറ്റു മണ്ഡലങ്ങളാണ് ചിറ്റൂരും മണ്ണാർക്കാടും പട്ടാമ്പിയും തൃത്താലയും. ചിറ്റൂരിൽ തുടർച്ചയായി അഞ്ചാംതവണയും മണ്ഡലം നിലനിർത്താൻ പോരാടുന്ന കോൺഗ്രസിലെ കെ. അച്യുതന് എതിരാളി ജനതാദൾ–എസ് നേതാവും കാർഷിക നയരൂപീകരണ സമിതി ചെയർമാനുമായിരുന്ന കെ. കൃഷ്ണൻകുട്ടിയാണ്. മുമ്പും ഇവർ തമ്മിൽ കൊമ്പുകോർത്തിട്ടുള്ളതിനാൽ ഇത്തവണയും പോരാട്ടത്തിനു വീറും വാശിയും കൂടിയിട്ടുണ്ട്. എം.ശശികുമാറാണ് ബിജെപിയുടെ സ്‌ഥാനാർഥി. എഐഎഡിഎംകെ സ്‌ഥാനാർഥികൂടി മത്സരരംഗത്തെത്തിയതോടെ വോട്ട്ചോർച്ചയുണ്ടാകുമെന്ന ഭീതിയും ഇരുമുന്നണികൾക്കുമുണ്ട്.

പട്ടാമ്പിയിൽ സിറ്റിംഗ് എംഎൽഎ കോൺഗ്രസിലെ സി.പി.മുഹമ്മദിനെ നേരിടാൻ ഇത്തവണ യുവരക്‌തത്തെയാണ് സിപിഐ രംഗത്തിറക്കിയിട്ടുള്ളത്. മുഹമ്മദ് മുഹസിൻ എന്ന ജെഎൻയു വിദ്യാർഥിയെ. മണ്ഡലത്തിന്റെ സ്പന്ദനം അറിയുന്ന സിപിയെ മറികടക്കാൻ യുവത്വത്തിന്റെ പ്രസരിപ്പിനെ കൂട്ടുപിടിച്ച് ഓരോ മുക്കിലും മൂലയിലും ഓടിയെത്തുകയാണ് മുഹസിനും. ജില്ലാ കമ്മിറ്റിയംഗമായ അഡ്വ. പി. മനോജാണ് ബിജെപി സ്‌ഥാനാർഥി. വളരെ കുറച്ചു കാലംകൊണ്ടുതന്നെ ജനമനസുകളിൽ ഇടംപിടിച്ച എംഎൽഎയാണ് വി.ടി.ബൽറാം. കോൺഗ്രസിന്റെ ഈ പുത്തൻ താരോദയത്തെ നിലനിർത്താൻ തൃത്താല മണ്ഡലത്തിൽ ഓരോ യുഡിഎഫ് പ്രവർത്തകനും രംഗത്തുണ്ട്.


വികസനപ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ് പ്രചാരണത്തിൽ സജീവമായ ബൽറാമിനെ തളയ്ക്കാൻ എൽഡിഎഫ് നിയോഗിച്ചിരിക്കുന്നതും വികസന പാരമ്പര്യമുള്ളയാളെ. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ സുബൈദ ഇസഹാക്കാണ് എൽഡിഎഫ് സ്‌ഥാനാർഥി. മാതൃസമിതി സംസ്‌ഥാന അധ്യക്ഷ വി.ടി. രമ ബിജെപി സ്‌ഥാനാർഥിയായതോടെ മത്സരച്ചൂട് വർധിച്ചു.

മുസ്ലിംലീഗ്, മണ്ണാർക്കാട്ടെ സിറ്റിംഗ് സീറ്റ് നിലനിർത്താനൊരുങ്ങുന്നതു വർധിതവീര്യത്തോടെ. പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങൾകുറഞ്ഞത് ഏറെ ആശാവഹമായാണ് യുഡിഎഫ് വിലയിരുത്തുന്നത്. പൊതുവേ മണ്ഡലത്തിൽ അടിയൊഴുക്കുകളുണ്ടാകില്ലെന്ന കണക്കുകൂട്ടലിൽ തന്നെയാണ് മുസ്ലിംലീഗും യുഡിഎഫും. അഡ്വ. എൻ. ഷംസുദീൻ എന്ന യുവപോരാളിയെ ഇറക്കി കഴിഞ്ഞ തവണ യുഡിഎഫ് മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. തുടർന്നിങ്ങോട്ടു നടത്തിയ വികസനപ്രവൃത്തികളുടെ ലിസ്റ്റ് നിരത്തിയാണ് ഷംസുദീന്റെ മുന്നേറ്റം. ഇതിനിടെ നേടിയ മികച്ച എംഎൽഎ പട്ടവും ഷംസുദീനു തുണയാകും. മണ്ണാർക്കാട്ടെ കോട്ട തിരിച്ചുപിടിക്കാൻ നേരിട്ടു രംഗത്തെത്തിയിരിക്കുന്നതു സിപിഐയുടെ ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് രാജാണ്. പാർട്ടിക്കു വേരോട്ടമുള്ള മണ്ണിൽ വീണ്ടും കൊടിനാട്ടുക എന്ന ലക്ഷ്യവുമായാണ് സുരേഷ് രാജിന്റെ പ്രചാരണം. ബിഡിജെഎസിന്റെ കേശവദേവ് പുതുമനയാണ് എൻഡിഎ സ്‌ഥാനാർഥി.

കോങ്ങാട്, നെന്മാറ, ഒറ്റപ്പാലം, തരൂർ മണ്ഡലങ്ങളിൽ യുഡിഎഫ് മികച്ച സ്‌ഥാനാർഥികളെ രംഗത്തിറക്കിയതിനു പിന്നിൽ തീർച്ചയായും മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യംതന്നെയാണ്. ഇവിടത്തെ യുഡിഎഫ് പ്രചാരണങ്ങളും ബഹുദൂരം മുന്നിലെത്തിയിട്ടുണ്ട്.

കെപിസിസി വക്‌താവായ പന്തളം സുധാകരനെയാണ് കോങ്ങാട് സംവരണ മണ്ഡലം പിടിച്ചുകെട്ടാൻ യുഡിഎഫ് നിയോഗിച്ചിരിക്കുന്നത്. പാർട്ടിക്കുള്ളിലെ സമുന്നത നേതാവെന്ന പരിവേഷവും മുൻമന്ത്രിയെന്ന ഖ്യാതിയും നിലനിർത്തി മണ്ഡലത്തിന്റെ പിന്നോക്കാവസ്‌ഥ ചൂണ്ടിക്കാട്ടിയാണ് സുധാകരന്റെ പ്രചാരണം. മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങൾ തുറന്നുകാട്ടിയാണ് എൽഡിഎഫിന്റെ സിറ്റിംഗ് എംഎൽഎയും ജില്ലയിലെ മുതിർന്ന സിപിഎം നേതാവുമായ കെ.വി. വിജയദാസിന്റെ പ്രയാണം. മഹിളാ മോർച്ച സംസ്‌ഥാന പ്രസിഡന്റ് രേണു സുരേഷ് എൻഡിഎ സ്‌ഥാനാർഥിയായി രംഗത്തെത്തിയതോടെ ശക്‌തമായ മത്സരമാണ് കോങ്ങാട്ട് പ്രതീക്ഷിക്കുന്നത്.

നെന്മാറയിലാണ് ഇത്തവണ കടുത്ത പോരാട്ടമുണ്ടാകുകയെന്നു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നതിൽ കാര്യമുണ്ട്. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റിൽ ഏരിയാ സെക്രട്ടറി കെ.ബാബുവിനെ നേരിടുന്നത് മുൻ ആലത്തൂർ എംഎൽഎയും മുൻ ഡിസിസി പ്രസിഡന്റുമായ എ.വി. ഗോപിനാഥാണ്. എൻഡിഎ സ്‌ഥാനാർഥിയായി ബിജെപി സംസ്‌ഥാന വൈസ് പ്രസിഡന്റും മത്സരരംഗത്തെത്തിയതോടെ കടുത്ത പോരാട്ടത്തിനാണ് നെന്മാറ സാക്ഷ്യം വഹിക്കാൻ പോകുന്നത്.

ഒറ്റപ്പാലത്തെ അസ്വാരസ്യങ്ങൾക്കു ശമനമുണ്ടായതിൽ ഏറെ ആശ്വാസത്തിലാണ് കോൺഗ്രസും യുഡിഎഫും. ഷാനിമോൾ ഉസ്മാൻ എന്ന മികച്ച സ്‌ഥാനാർഥിയുടെ രംഗപ്രവേശം തെരഞ്ഞെടുപ്പുരംഗത്തെ ആകെ മാറ്റിമറിച്ചിരിക്കുന്നു. പൊതുവേ ഇടതുകോട്ടയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഒറ്റപ്പാലത്തിന്റെ ചരിത്രം ഒപ്പം നിർത്താനാണ് സിപിഎം മുൻ ജില്ലാ സെക്രട്ടറി പി. ഉണ്ണിയെ രംഗത്തിറക്കിയിട്ടുള്ളത്. കോൺഗ്രസിലെ സ്‌ഥാനാർഥി നിർണയത്തിലെ പ്രശ്നങ്ങൾ തുടക്കത്തിൽ സിപിഎമ്മിലുമുണ്ടായിരുന്നു. ഇതെല്ലാം മറന്നു രണ്ടു മുന്നണികളും അങ്കംമുറുക്കുമ്പോൾ ബിജെപി മേഖലാ ജനറൽ സെക്രട്ടറി പി. വേണുഗോപാൽ എൻഡിഎ സ്‌ഥാനാർഥിയായെത്തിയതും പോരാട്ടത്തിനു കൊടുംചൂട് സമ്മാനിക്കുന്നു.

സംവരണ മണ്ഡലമായ തരൂരിൽ ഇത്തവണ രണ്ടും കല്പിച്ചാണ് കോൺഗ്രസ്. കേരള കോൺഗ്രസ്– ജേക്കബിൽനിന്നും ഏറ്റെടുത്ത മണ്ഡലത്തിൽ ഏറെ സുപരിചിതനായ കുഴൽമന്ദം പഞ്ചായത്ത് പ്രസിഡന്റ് സി.പ്രകാശനെ രംഗത്തിറക്കി സീറ്റ് പിടിച്ചെടുക്കാനാണു നീക്കം. പ്രവർത്തകരിൽ ആവേശം വിതറി ദിനംപ്രതി പ്രചാരണം മുന്നോട്ടു നീങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നില്ല. എതിരാളി മുൻമന്ത്രിയും സിപിഎം നേതാവുമായ എ.കെ. ബാലൻ കൂടിയാകുമ്പോൾ പോരാട്ടം കനക്കുമെന്നു തീർച്ച. എൻഡിഎ സ്‌ഥാനാർഥിയായി പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് കെ.വി. ദിവാകരനും രംഗത്തുണ്ട്.

ഇടതുകോട്ടയെന്നു വിശേഷിപ്പിക്കപ്പെടുന്ന ആലത്തൂരിലും ഷൊർണൂരിലും ഇത്തവണ കടുത്ത പോരാട്ടമുണ്ടാകുമെന്നു വിലയിരുത്തപ്പെടുന്നു.

സിപിഎം ആലത്തൂർ ഏരിയാ സെക്രട്ടറി കെ.ഡി. പ്രസേനനാണ് എൽഡിഎഫ് സ്‌ഥാനാർഥി. കേരള കോൺഗ്രസ്–മാണി സംസ്‌ഥാന സെക്രട്ടേറിയറ്റംഗമായ അഡ്വ. കെ. കുശലകുമാരനാണ് യുഡിഎഫ് സ്‌ഥാനാർഥി. കേരള കോൺഗ്രസ് മത്സരിക്കുന്ന ജില്ലയിലെ ഏക മണ്ഡലം കൂടിയാണിത്. ബിജെപി ജില്ലാ സെക്രട്ടറി എം.പി. ശ്രീകുമാറാണ് എൻഡിഎ സ്‌ഥാനാർഥി.

ഷൊർണൂരിൽ ഇത്തവണ കന്നിയങ്കക്കാരുടെ പോരാട്ടമാണ്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായ പി.കെ. ശശിയാണ് എൽഡിഎഫ് സ്‌ഥാനാർഥി. പട്ടാമ്പി മുൻ പഞ്ചായത്ത് പ്രസിഡന്റായ സി. സംഗീതയാണ് യുഡിഎഫ് സ്‌ഥാനാർഥി. ബിഡിജെഎസിന്റെ ജില്ലാ പ്രസിഡന്റ് വി.പി. ചന്ദ്രനും മത്സരരംഗത്തു സജീവമായുണ്ട്.


<ആ>പ്രമുഖർ മത്സരിക്കുന്ന മണ്ഡലങ്ങൾ

മലമ്പുഴ

വി.എസ്. അച്യുതാനന്ദൻ (എൽഡിഎഫ്)
വി.എസ്. ജോയ്(യുഡിഎഫ്)
സി. കൃഷ്ണകുമാർ(എൻഡിഎ)

പാലക്കാട്

എൻ.എൻ. കൃഷ്ണദാസ് (എൽഡിഎഫ്)
ഷാഫി പറമ്പിൽ(യുഡിഎഫ്)
ശോഭാ സുരേന്ദ്രൻ(എൻഡിഎ)

തരൂർ

എ.കെ. ബാലൻ (എൽഡിഎഫ്)
സി. പ്രകാശൻ(യുഡിഎഫ്)

ചിറ്റൂർ

കെ. അച്യുതൻ(യുഡിഎഫ്)
കെ. കൃഷ്ണൻകുട്ടി (എൽഡിഎഫ്)

കോങ്ങാട്

പന്തളം സുധാകരൻ (യുഡിഎഫ്)
കെ.വി. വിജയദാസ്(എൽഡിഎഫ്)
രേണു സുരേഷ് (എൻഡിഎ)

തൃത്താല

വി.ടി. ബൽറാം(യുഡിഎഫ്)
സുബൈദ ഇസഹാക്ക്(എൽഡിഎഫ്)
വി.ടി. രമ (എൻഡിഎ)


<ആ>യുഡിഎഫ് സിറ്റിംഗ് സീറ്റുകൾ


പാലക്കാട്
മണ്ണാർക്കാട്
ചിറ്റൂർ
പട്ടാമ്പി
തൃത്താല


<ആ>എൽഡിഎഫ് സിറ്റിംഗ് സീറ്റുകൾ

മലമ്പുഴ
തരൂർ
ആലത്തൂർ
ഷൊർണൂർ
ഒറ്റപ്പാലം
കോങ്ങാട്
നെന്മാറ


2011 നിയമസഭ

എൽഡിഎഫ് 7
യുഡിഎഫ് 5


2014 ലോക്സഭ

എൽഡിഎഫ് 11
യുഡിഎഫ് 1
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.