മോദിയുടെ പ്രഖ്യാപനങ്ങൾ പരിഹാസ്യം: സുധീരൻ
മോദിയുടെ പ്രഖ്യാപനങ്ങൾ പരിഹാസ്യം: സുധീരൻ
Friday, May 6, 2016 11:54 AM IST
തിരുവനന്തപുരം: നേരത്തേ കേരള സന്ദർശനവേളയിൽ ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ ഒന്നും നടപ്പിലാക്കാതെ ജനങ്ങളെ കബളിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോൾ പുതിയ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും നടത്തുന്നത് പരിഹാസ്യമാണെന്ന് കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ. തൊഴിലില്ലായ്മയ്ക്കു പരിഹാരം കാണുമെന്ന പ്രഖ്യാപിച്ച മോദി കഴിഞ്ഞ ബജറ്റിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ വിഹിതം വെട്ടിക്കുറച്ച് തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നു സുധീരൻ പറഞ്ഞു. മോദിയുടെ ഭരണത്തിൽ റബർ, നാളികേരം, ഏലം കർഷകർ ഉൾപ്പെടെ കാർഷികമേഖല കടുത്ത പ്രതിസന്ധിയെ നേരിട്ടിട്ടും അതിനൊന്നും പരിഹാരം കാണാൻ ഫലപ്രദമായി ഒന്നും ചെയ്തിട്ടില്ല.വിലസ്‌ഥിരതാ ഫണ്ടിൽ നിന്നു റബറിനായി 500 കോടി രൂപയെങ്കിലും റബർ സംഭരണത്തിന് നൽകണമെന്ന കേരളത്തിന്റെ അവശ്യത്തെയും റബർ ഇറക്കുമതി നിർത്തൽ ചെയ്യണമെന്ന കേരളത്തിന്റെ ആവശ്യത്തെയും അവഗണിക്കുകയാണുണ്ടായത്.നാളികേര കർഷകരുടെ രക്ഷയ്ക്കായി പാമോയിലിന്റെ അനിയന്ത്രിത ഇറക്കുമതി ഒഴിവാക്കണമെന്ന ആവശ്യത്തോടും കേന്ദ്രസർക്കാർ മുഖം തിരിക്കുകയാണു ചെയ്തതെന്നും സുധീരൻ പറഞ്ഞു.


വിലത്തകർച്ചയിൽ കഷ്‌ടപ്പെടുന്ന ഏലം കർഷകരുടെ രക്ഷക്കായി ചെറുവിരൽ പോലും അനക്കാൻ മോദി ഭരണകൂടം തയാറായിട്ടില്ല. കർഷകരുടെ ഇത്തരത്തിലുള്ള ഗുരുതരമായ പ്രശ്നങ്ങൾക്കു നേരേ നിഷ്ക്രിയ നിലപാട് സ്വീകരിച്ച നരേന്ദ്രമോദിയുടെ പുതിയ വാഗ്ദാനങ്ങൾ ആരും മുഖവിലയ്ക്കെടുക്കില്ല.

ആഗോളവിപണിയിൽ ക്രൂഡ് ഓയിലിനു വലിയ തോതിൽ വില കുറഞ്ഞിട്ടും അതിന് ആനുപാതികമായി പെട്രോൾ–ഡീസൽ വില കുറയ്ക്കാതെ അതിനൊക്കെ എക്സൈസ് ഡ്യൂട്ടി പലവട്ടം ഏർപ്പെടുത്തി ജനങ്ങളെ കൊള്ളയടിക്കാനാണു കേന്ദ്ര സർക്കാർ തയാറായത്. പ്രവാസികളെ തീർത്തും അവഗണിച്ചുകൊണ്ടു പ്രവാസി വകുപ്പ് നിർത്തലാക്കിയ നരേന്ദ്രമോദിയുടെ നടപടി കടുത്ത പ്രതിഷേധത്തിന് ഇടവരുത്തിയിരിക്കുകയാണ്. ഇതു പിൻവലിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇങ്ങനെ കേരളത്തിലെ ജനങ്ങളോടു തുടരെത്തുടരെ അവഗണനയും അനീതിയും കാണിക്കുന്ന നരേന്ദ്ര മോദിയുടെ ഇപ്പോഴത്തെ വാഗ്ദാനങ്ങൾ കേവലം പാഴ്വാക്കുകളായി മാത്രമേ ജനങ്ങൾ കണക്കിലെടുക്കൂവെന്നും സുധീരൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.