പരവൂർ വെടിക്കെട്ടപകടം: പ്രതികൾക്കെതിരേ കൊലക്കുറ്റം ചുമത്തിയെന്നു സർക്കാർ
Friday, May 6, 2016 11:45 AM IST
കൊച്ചി: പരവൂർ പുറ്റിംഗൽ ക്ഷേത്രത്തിലെ വെടിക്കെട്ടു ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്കെതിരേ കൊലക്കുറ്റം ചുമത്തിയതായി സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു.

ക്ഷേത്രം ഭാരവാഹികളായ കൃഷ്ണൻകുട്ടി, പി.എസ്.ജയലാൽ, പ്രസാദ്, സുരേന്ദ്രൻപിള്ള, രവീന്ദ്രൻപിള്ള, സോമസുന്ദരൻപിള്ള, മുരുകേഷ് എന്നിവർ നൽകിയ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. അസഫലിയാണ് ഇന്നലെ ഇക്കാര്യം അറിയിച്ചത്.


നേരത്തെ ഈ കേസിൽ കൊലക്കുറ്റം ചുമത്താതിരുന്ന സർക്കാരിന്റെ നടപടിയെ വെടിക്കെട്ടു നടത്തിപ്പുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിൽ ഹൈക്കോടതി വിമർശിച്ചിരുന്നു.

ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയതെന്ന് ഡിജിപി വിശദീകരിച്ചു. തുടർന്ന് ജസ്റ്റീസ് കെ. രാമകൃഷ്ണൻ ജാമ്യഹർജികൾ ഈ മാസം 17 നു പരിഗണിക്കാൻ മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.