ഉദുമ മണ്ഡലത്തിൽ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജി തള്ളി
Friday, May 6, 2016 11:45 AM IST
കൊച്ചി: കാസർഗോഡ് ഉദുമ മണ്ഡലത്തിലെ പ്രശ്നബാധിത ബൂത്തുകളിൽ വോട്ടെടുപ്പു നടത്താൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് യുഡിഎഫ് സ്‌ഥാനാർഥി കെ. സു ധാകരൻ, എൽഫിഎഫ് സ്‌ഥാനാർഥി കെ.കുഞ്ഞിരാമൻ എന്നിവർ നൽകിയ ഹർജികൾ ജസ്റ്റീസ് എ. എം. ഷെഫീഖ്, ജസ്റ്റീസ് കെ. ഹരിലാൽ എന്നിവരുൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.

ധർമടം നിയോജക മണ്ഡലത്തിൽ സമാധാനപരമായ പോളിംഗ് ഉറപ്പാക്കാൻ കേന്ദ്രസേനയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്‌ഥാനാർഥി മമ്പറം ദിവാകരന്റെ ഇലക്ഷൻ ഏജന്റ് ടി.പി. ഹരീന്ദ്രൻ സമർപ്പിച്ച ഹർജിയും ഡിവിഷൻ ബെഞ്ച് തള്ളി.

സ്വതന്ത്രവും നീതിയുക്‌തവുമായ തെരഞ്ഞെടുപ്പ് നടത്താൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. പ്രശ്നബാധിത ബൂത്തുകൾ കണ്ടെത്തി ആവശ്യമായ പോലീസ് സംരക്ഷണത്തിനും വീഡിയോ വെബ് കവറേജിനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. മണ്ഡലത്തിൽ നിയോഗിച്ചിട്ടുള്ള തെരഞ്ഞെടുപ്പ് നിരീക്ഷകരോട് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു. കമ്മീഷന്റെ വിശദീകരണത്തിന്റെ അടിസ്‌ഥാനത്തിൽ ഹൈക്കോടതി ഹർജികൾ തള്ളുകയായിരുന്നു.


ഉദുമ മണ്ഡലത്തിൽ 56 പ്രശ്നബാധിത ബൂത്തുകളുണ്ടെന്നും മേഖലയിൽ സിപിഎം പ്രവർത്തകൾ ബൂത്തു പിടിച്ചെടുക്കാനും കള്ളവോട്ടു ചെയ്യാനും സാധ്യത ഏറെയാണെന്നുമായിരുന്നു കെ. സുധാകരന്റെ ഹർജിയിലെ വാദം. ഹർജിക്കാരൻ നേരത്തെ കണ്ണൂരിൽ മത്സരിച്ചപ്പോഴും സമാനമായ സ്‌ഥിതി നേരിടേണ്ടിവന്നിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്‌ഥരുടെ ഒത്താശയോടെ ക്രമക്കേടുകൾ നടത്തുന്നുണ്ടെന്നും ഇതു തടയാൻ മതിയായ പോലീസ് സംരക്ഷണം അനിവാര്യമാണെന്നും ഹർജിയിൽ വ്യക്‌തമാക്കിയിരുന്നു.

കള്ളവോട്ടു തടയുന്നതിനു നടപടി വേണമെന്നും പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് എൽഡിഎഫ് സ്‌ഥാനാർഥി കെ. കുഞ്ഞിരാമൻ ഹർജി നൽകിയിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.